ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയുടെ (ഇന്റർ സർവീസസ് ഇന്റലിജൻസ്) മുൻ മേധാവി ലെഫ്. ജനറൽ (റിട്ട.) ഫൈസ് ഹമീദിനെ അറസ്‌റ്റ് ചെയ്‌ത് ആർമി. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഭവന പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ഫൈസിനെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചെന്ന് ആർമി അറിയിച്ചു.
പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഐ.എസ്.ഐ മുൻ മേധാവിയെ കോർട്ട് മാർഷലിന് വിധേയമാക്കുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി അടുപ്പം പുലർത്തിയിരുന്നയാളാണ് ഫൈസ്. ടോപ് സിറ്റി എന്ന സ്വകാര്യ ഭവന പദ്ധതിയുടെ ഓഫീസുകളിലും ഉടമയായ മൊയീസ് ഖാന്റെ വസതിയിലും തീവ്രവാദക്കേസിന്റെ പേരിൽ ഫൈസ് റെയ്ഡ് ആസൂത്രം ചെയ്ത് നടപ്പാക്കിയെന്നും സ്വർണവും പണവും അടക്കം വിലയേറിയ വസ്തുക്കൾ തട്ടിയെടുത്തെന്നുമാണ് ആരോപണം.
ഫൈസിന്റെ നിർദ്ദേശപ്രകാരം ഐ.എസ്.ഐ ഉദ്യോഗസ്ഥർ തന്നിൽ നിന്ന് 40 കോടി പാകിസ്ഥാൻ രൂപ തട്ടിയെടുത്തെന്നും
മൊയീസ് ഖാൻ ആരോപിച്ചു.
കഴിഞ്ഞ വർഷമാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഫൈസിനെതിരെ ആർമി ആക്ട് പ്രകാരം നടപടി സ്വീകരിക്കും. 2019 - 2021 കാലയളവിലാണ് ഫൈസ് ഐ.എസ്.ഐയുടെ ഡയറക്ടർ ജനറൽ പദവി വഹിച്ചത്. 2022ൽ സൈന്യത്തിൽ നിന്ന് വിരമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |