ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി വീണ്ടും തെരച്ചിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രാദേശിക മുങ്ങൽ വിദഗ്ദ്ധനായ ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി. മത്സ്യത്തൊഴിലാളികളും ഈശ്വറിനൊപ്പം പരിശോധന നടത്തും. അർജുന്റെ ലോറിയുടെ സ്ഥാനം എങ്ങനെയാണെന്ന് കണ്ടെത്തി ക്യാബിൻ തുറക്കാനുള്ള ശ്രമമായിരിക്കും നടത്തുക. ഇന്ന് പ്രാഥമിക തെരച്ചിലാണ് നടത്തുന്നത്.
രണ്ട് മണിക്കൂറാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ് സംഘങ്ങളും തെരച്ചിലിൽ പങ്കാളികളാവും. നാളെയായിരിക്കും വിപുലമായ തെരച്ചിൽ നടത്തുക. അർജുനൊപ്പം കാണാതായ മറ്റ് രണ്ടുപേർക്കുമായും തെരച്ചിൽ നടത്തുമെന്ന് മാൽപെ പറഞ്ഞിരുന്നു. ഗംഗാവലി പുഴയോട് ചേർന്നാണ് പരിശോധന നടത്തുന്നത്. മാൽപെയുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന കയറിൽ പിടിച്ച് പുഴയുടെ തീരത്തായി മത്സ്യത്തൊഴിലാളികൾ നിൽക്കുന്നുണ്ട്. അദ്ദേഹത്തിന് സംരക്ഷണമൊരുക്കി രണ്ട് തോണികളും പുഴയിലുണ്ട്.
കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്ന് കാർവാർ എം എൽ എ സതീശ് കൃഷ്ണ സെയ്ൽ നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി മഴ ഇല്ല. ഗംഗാവലി പുഴയിലെ ഒഴുക്ക് രണ്ട് നോട്സിന് അടുത്തെത്തിയെന്നും എം എൽ എ പറഞ്ഞു. ക്ഷുഭിതനായിട്ടാണ് എം എൽ എ മാദ്ധ്യമങ്ങളോട് സംസാരിച്ചത്. കേരള സർക്കാർ തങ്ങളോട് ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഡ്രഡ്ജർ അടക്കം കൊണ്ടുവന്ന് തെരച്ചിൽ നടത്താൻ തങ്ങൾ തയ്യാറായിരുന്നു. പല തവണ ആവശ്യപ്പെട്ടു. അതിനുവേണ്ട വാടകയടക്കം മുൻകൂട്ടി നൽകാമെന്ന് പറഞ്ഞിട്ടും ശ്രമിക്കുന്നുണ്ടെന്ന മറുപടി മാത്രമാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാർവാർ എം എൽ എയുടെ ആരോപണങ്ങളെ കേരളം തള്ളി. തൃശൂരിലെ ഡ്രഡ്‌ജർ തെരച്ചിലിന് അനുകൂലമല്ല. ഇക്കാര്യം കർണാടക സർക്കാരിനെ അറിയിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |