കോഴിക്കോട്: അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസികള്‍, ഓണത്തിന് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനിരിക്കുന്ന പ്രവാസികളും കുടുംബങ്ങളും. മൊത്തത്തില്‍ വിമാനക്കമ്പനികള്‍ക്ക് ഇത് ചാകരക്കാലമാണ്. ഓഗസ്റ്റ് 15ന് ശേഷമുള്ള ടിക്കറ്റ് നിരക്ക് പരിശോധിച്ചാല്‍ അഞ്ച് ഇരട്ടി വരെ ഉയര്‍ത്തിയിരിക്കുന്നത് കാണാന്‍ കഴിയും. ഗള്‍ഫ് സെക്ടറിലേക്ക് 12,000-15,000 നിരക്കില്‍ ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് ഈടാക്കുന്നത് 50,000 മുതല്‍ മുകളിലേക്കാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഗസ്റ്റ് 15ന് ശേഷമുള്ള നിരക്ക് വര്‍ദ്ധന ഓണം സീസണ്‍ വരെ തുടരുമെന്നാണ് സൂചന. എല്ലാ വര്‍ഷവും ഇത് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ഈ മാസം 25ന് മുമ്പ് കണ്ണൂര്‍ - ദോഹ യാത്രാടിക്കറ്റിന് വെറും 15,000 ആണ് നിരക്കെങ്കില്‍ ഇത് ഒറ്റയടിക്ക് ഇരട്ടിയും കടന്ന് 32,000ലേക്ക് എത്തുന്നതാണ് 25ന് ശേഷമുള്ള സ്ഥിതി. എയര്‍ഇന്ത്യ എക്‌സ്പ്രസിന് ബഹറിനിലേക്ക് ഓഗസ്റ്റ് 27-ന് 54,145 രൂപയാണ് നിരക്ക്. 15,000 മുതല്‍ 17,000 രൂപ വരെയാണ് ബഹ്റൈനിലേക്ക് സാധാരണ നല്‍കേണ്ടി വരാറുള്ളത്.
25,000 മുതല്‍ 28,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരാറുള്ള ജിദ്ദയിലേക്ക് 28-ന്റെ ടിക്കറ്റിന് 48,000 രൂപ നല്‍കണം. റിയാദിലേക്ക് 25-നുള്ള ടിക്കറ്റ് നിരക്ക് 38,846 രൂപയാണ്. സാധാരണ 16,000 രൂപ വരെയാണ് റിയാദിലേക്കുള്ള ടിക്കറ്റിന് ഈടാക്കാറുള്ളത്. ഓണക്കാലത്ത് ഇത് ഇനിയും ഉയരാന്‍ തന്നെയാണ് സാദ്ധ്യത. കേരള സര്‍ക്കാരും സംസ്ഥാനത്ത് നിന്നുള്ള എംപിമാരും ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ പലതവണ അവതരിപ്പിച്ചു. എന്നാല്‍ കൈമലര്‍ത്തലാണ് ഫലം.
വിമാനടിക്കറ്റ് നിരക്ക് തീരുമാനിക്കാനുള്ള അധികാരം കമ്പനികള്‍ക്കാണ്. ഡിമാന്‍ഡ് കൂടുമ്പോള്‍ നിരക്ക് കൂടുന്ന ഡൈനാമിക് പ്രൈസിംഗ് സംവിധാനമാണ് കാലങ്ങളായി തുടരുന്നത്. ഇനി കാലേക്കൂട്ടി ടിക്കറ്റ് എടുത്ത് വയ്ക്കാമെന്ന് കരുതിയാല്‍ അതും നടപ്പില്ല. എത്ര മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചാലും തീയതി അടിസ്ഥാനത്തില്‍ നിരക്ക് ഉയര്‍ന്നിട്ടുണ്ടാകും. മാര്‍ക്കറ്റ് ട്രെന്‍ഡ് എന്ന വിചിത്ര ന്യായം പറഞ്ഞാണ് യഥേഷ്ടം ഈ പിഴിയല്‍ വിമാനക്കമ്പനികള്‍ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |