ഓണ സമ്മാന പദ്ധതിയുമായി ഖാദി ബോർഡ്
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കെ.എസ്.എഫ്.ഇയും ചേർന്ന് ഓണക്കാലത്ത് പുതിയ സമ്മാന പദ്ധതി ഒരുക്കുന്നു. കെ.എസ്.എഫ്.ഇ ഗ്യാലക്സി ചിട്ടികളുടെ നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റ് മുണ്ടും ഡബിൾമുണ്ടും സമ്മാനമായി നൽകുമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ പറഞ്ഞു.
ഖാദി ഗ്രാമ വ്യവസായ ബോർഡിന് 25,000 സെറ്റ് മുണ്ടിനും ഡബിൾ മുണ്ടിനും കെ.എസ്.എഫ്.ഇ കരാർ നൽകി.
ഓണത്തിന് ഖാദി ഉത്‌പന്നങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഓണം വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് അയ്യങ്കാളിഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഖാദി ബോർഡിന്റെ ഓണം സമ്മാനപദ്ധതിയിൽ ആയിരം രൂപയുടെ ബില്ലിനുള്ള കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായി 5000 രൂപയുടെയും രണ്ടാം സമ്മാനമായി 3000 രൂപയുടെയും മൂന്നാം സമ്മാനമായി 1000 രൂപയുടെയും ഖാദി ഉത്പന്നങ്ങൾ നൽകും. ജില്ലകൾതോറും ആഴ്ചയിലൊരിക്കലാണ് നറുക്കെടുപ്പ്. സർക്കാർ, സഹകരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പനയും പ്രദർശനവും നടക്കും.
കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ഖാദി ബോർഡ് അംഗങ്ങളായ സാജൻ തൊടുക, എസ്.ശിവരാമൻ, സെക്രട്ടറി കെ.എ രതീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |