SignIn
Kerala Kaumudi Online
Friday, 18 October 2024 9.42 AM IST

തീവ്രവാദ സംഘടനയോ അതോ ഒറ്റയാൾ പോരാട്ടമോ? സംഭവിച്ചത് കോടികളുടെ നഷ്ടം; വൈരാഗ്യ കഥയുടെ ചുരുളഴിയുന്നു

Increase Font Size Decrease Font Size Print Page
threat

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ ജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ തരത്തിലുളള സംഭവങ്ങളാണ് നടന്നത്. നിറയെ യാത്രക്കാരുമായി പറന്നുയർന്ന വിമാനങ്ങളാണ് വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെ അടിയന്തരമായി നിലത്തിറക്കിയത്. ഒരാഴ്ചയിൽ കൂടുതലായി രാജ്യത്ത് ബോംബ് ഭീഷണി പരമ്പര തുടർന്നുക്കൊണ്ടിരിക്കുകയാണ്. വ്യാജബോംബ് ഭീഷണിക്ക് പിന്നിൽ ഏതെങ്കിലും തീവ്രവാദ സംഘടനകൾക്കോ അല്ലെങ്കിൽ ഒറ്റയാൾ പോരാട്ടമോയാണെന്ന സംശയങ്ങളും ഉയർന്നിരുന്നു

ഇതോടെയാണ് വിഷയത്തിൽ കേന്ദ്രസ‌ർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ഭീഷണികളിൽ അടിയന്തര അന്വേഷണം വേണമെന്ന് വ്യോമയാന മന്ത്രി കെ റാംമോഹൻ നായിഡുവും നിർദ്ദേശം നൽകിയിരുന്നു. സംഭവങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വ്യാജസന്ദേശങ്ങൾ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും ചെറുതല്ലായിരുന്നു. ഇത് വിമാന സർവീസുകളുടെ സുഗമമായ നടത്തിപ്പടക്കം കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

landing

പിന്നിൽ ആര്?

വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണിക്കുപിന്നിൽ ആരാണ് എന്ന ചോദ്യം ശക്തമായി ഉയർന്നുവരികയാണ്. കഴിഞ്ഞ ദിവസം മുംബയ് പൊലീസ് ഛത്തിസ്ഗഡിലെ രാജ്നന്ദ്ഗാവിൽ നിന്നും 17കാരനെ പിതാവിനോടൊപ്പം പിടികൂടിയിരുന്നു. ഇതോടെ ബോംബ് ഭീഷണി പരമ്പരയ്ക്ക് വിരാമമായി എന്നുവേണം കരുതാൻ.പണത്തെച്ചൊല്ലി തർക്കമുണ്ടായിരുന്ന തന്റെ സുഹൃത്തിനെ കളളക്കേസിൽ കുടുക്കാൻ വേണ്ടിയാണ് ആൺകുട്ടി ഇത്തരത്തിൽ ചെയ്തതെന്നാണ് കണ്ടെത്തിയത്. കുട്ടി ഇപ്പോൾ റിമാൻഡ് ഹോമിലാണ്. കുട്ടിയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


പ്ലാൻ
സുഹൃത്തിന്റെ പേരിൽ വ്യാജ എക്സ് അക്കൗണ്ട് ആരംഭിച്ചാണ് ആൺകുട്ടി വ്യാജബോംബ് ഭീഷണി സന്ദേശങ്ങൾ പോസ്​റ്റ് ചെയ്തുക്കൊണ്ടിരുന്നത്. മാസങ്ങൾക്ക് മുൻപ് മൊബൈൽ ഷോപ്പ് നടത്തി നഷ്ടം സംഭവിച്ച സുഹൃത്തിനോടുളള വൈരാഗ്യം തീർക്കാനാണ് 17കാരൻ ഇത്തരത്തിൽ ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

threat

സുഹൃത്തുമായി ആൺകുട്ടിക്ക് മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായും ഇയാൾക്കെതിരെ ആൺകുട്ടി പോക്‌സോ നിയമമനുസരിച്ച് ലൈംഗികാതിക്രമത്തിനും കേസ് ഫയൽ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തിനെ ലക്ഷ്യം വച്ചാണ് ആൺകുട്ടി വ്യാജ സന്ദേശം എക്സിൽ പോസ്​റ്റ് ചെയ്‌തെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ നാല് വിമാനങ്ങളുടെ സർവീസുകളാണ് തകിടം മറിഞ്ഞത്. മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ടിയിരുന്ന എയർഇന്ത്യയുടെ എഐ 119 വിമാനം ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടത് പ്രധാന സംഭവമായിരുന്നു.

നഷ്ടം

ബോംബ് ഭീഷണികൾ മൂലം വിമാനത്താവളങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയോ മറ്റൊരു വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കേണ്ടതായി വരികയോ ചെയ്യുന്നതിൽ വിമാനക്കമ്പനികൾക്കുണ്ടാവുന്ന ചെലവ് വളരെ വലുതാണെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സുരക്ഷാ വിദഗ്ധൻ പറയുന്നു.

ഒരോ മണിക്കൂറിലും 20,000 ഡോളർ (ഏകദേശം 17 ലക്ഷം രൂപ) മുതൽ 200,000 ഡോളർ ( ഏകദേശം 1.70 കോടി രൂപ ) വരെയാണ് വിമാനക്കമ്പനികൾക്ക് ചെലവ് വഹിക്കേണ്ടതായി വരുന്നത്. കമ്പനികൾക്ക് പുറമെ യാത്രക്കാരും പലവിധ സാമ്പത്തിക, മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.

flight

72 മണിക്കൂറിനിടയിൽ 19 ഭീഷണികൾ

വിമാനങ്ങളിലെ ബോംബ് ഭീഷണി പരമ്പര ഒക്ടോബർ 14മുതലാണ് ആരംഭിച്ചത്. കഴിഞ്ഞ ദിവസവും ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയറിന്റെ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. ആകാശ എയറിന്റെ ക്യൂ പി 1335 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. സോഷ്യൽ മീഡിയയിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ആകാശ എയർലൈൻസിന്റെ വക്താവ് സ്ഥിരീകരിച്ചിരുന്നു.

മൂന്ന് ചെറിയ കുട്ടികളും ഏഴ് ജീവനക്കാരും 174 യാത്രികരും വിമാനത്തിലുണ്ടായിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനം അടിയന്തരമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കാൻ അധികൃതർ പൈലറ്റിനോട് നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായ സ്ഥലങ്ങളിൽ മാറ്റിയിട്ടുണ്ടെന്നും വിശദമായ പരിശോധന നടത്തുകയാണെന്നും ആകാശ എയറിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടു. ഇതിനെ തുടർന്ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്തിൽ 239 യാത്രികരുണ്ടായിരുന്നു. എക്സിലെ ഒരു പോസ്​റ്റിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. ആ ദിവസം തന്നെ ഗൾഫിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോയുടെ രണ്ട് വിമാനങ്ങളിലും ബോംബ് ഭീഷണിയുണ്ടായിരുന്നു.മുംബയ് വിമാനത്താവളത്തിൽ നിന്ന് മസ്‌ക​റ്റിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന 6ഇ 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6ഇ 56 വിമാനത്തിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്.

flight

ഒക്ടോബർ ഒമ്പതിന് ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായി. 290 യാത്രക്കാരുമായി ലണ്ടനിലേക്ക് പോകുന്നതിനിടയിലാണ് ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും കണ്ടെടുത്തത്. പേപ്പറിൽ 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്നെഴുതിയ സന്ദേശമാണ് കണ്ടെടുത്തത്. ഇതോടെ വിമാനം ഡൽഹിയിൽ ലാൻഡിംഗ് നടത്തി വിശദമായ പരിശോധനകൾ നടത്തുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AIR, BOMB, THREAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.