കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയേയും പ്രതി രാഹുലിനെയും കൗൺസിലിംഗിന് വിടണമെന്ന് ഹൈക്കോടതി. കൗൺസിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസിൽ തീരുമാനമെടുക്കാം. കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹരജിയിലാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇരുവർക്കും കൗൺസിലിംഗ് നൽകാനുള്ള നടപടികൾ എടുക്കാൻ കെൽസക്ക് നിർദേശം നല്‍കി. കൗൺസിലിംഗിന് ശേഷം റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിക്ക് സമർപ്പിക്കണം. ആരുടെയും നിർബന്ധത്താലല്ല പരാതി പിൻവലിക്കുന്നതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടുപേരും ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തടസ്സം നിൽക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.
കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെയാണ് കോടതി ഇരുവരോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |