
തട്ടിപ്പ് വീഡിയോ കാൾ വിളിച്ച്
കോഴിക്കോട്: കള്ളപ്പണമിടപാടിന്റെ പേരിൽ ഡിജിറ്റൽ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയും റിട്ട. അദ്ധ്യാപികയുമായ 75കാരിയിൽ നിന്ന് 36 ലക്ഷം തട്ടി. സംഭവത്തിൽ നാലുപേരെ സിറ്റി സെെബർ ക്രെെം പൊലീസ് ഇൻസ്പെക്ടർ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.
മുംബൈ കൊളാബ പൊലീസെന്ന വ്യാജേന വീഡിയോ കാൾ വിളിച്ചാണ് രണ്ടാഴ്ചയ്കിടെ പണം തട്ടിച്ചത്.
തുക തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയും തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ തരപ്പെടുത്തിക്കൊടുക്കുന്ന സംഘാംഗങ്ങളുമായ കോഴിക്കോട് പാറോപ്പടി സ്വദേശി കെ.ഹരിപ്രസാദ് (35), കല്ലായി സ്വദേശി ഫാസിൽ (35), അത്താണിക്കൽ സ്വദേശി കെ.വിഷിഹാബ് (43), മലാപ്പറമ്പ് സ്വദേശി എ.റബിൻ (35) എന്നിവരാണ് പിടിയിലായത്. പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ ആരോ ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നാണ് പറഞ്ഞത്. ഈ അക്കൗണ്ടിലൂടെ നരേഷ് ഗോയൽ എന്നയാളുടെ പേരിലുള്ള തട്ടിപ്പുസംഘം നാലു കോടിയുടെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി വൃദ്ധ ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞു. വിദേശത്തു നിന്നാണ് കാൾ വന്നത്. വിളിച്ചയാളെപ്പറ്റി പൊലീസ് അന്വേഷിക്കുന്നു. അറസ്റ്റിലായവരിൽ ഒരാളുടെ അക്കൗണ്ടിലൂടെ പണം കെെമാിയിട്ടുണ്ട്. മറ്റുള്ളവർ വാടകയ്ക്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) തരപ്പെടുത്തിക്കൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ്.
പണം കെെമാറിയതിൽ കേരളത്തിലെ ബാങ്കും
വൃദ്ധയുടെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയത്. പണം കെെമാറിയതിൽ കേരളത്തിലെ ഒരു ബാങ്കുമുണ്ട്. വിദേശ അക്കൗണ്ടുകളാണ് വരാറുള്ളത്. വൻതുക കമ്മിഷനായി വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് ഓൺലൈൻ തട്ടിപ്പുകാർക്ക് നൽകുന്ന സംഘങ്ങൾ ഇതിന്റെ പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഓൺലെെൻ തട്ടിപ്പിന് ഇരയായാൽ അറിയിക്കേണ്ട ടോൾ ഫ്രീ നമ്പർ 1930.
വെബ്സെെറ്റിലും (www.cybercrime.gov.in) പരാതിപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |