മൂവാറ്റുപുഴ: പാലത്തിൽ നിന്ന് നദിയിൽ ചാടി ആത്മഹത്യചെയ്യാൻ എത്തിയ യുവാവ് നദിക്കരയിൽ കിടന്ന് ഉറങ്ങിപ്പോയി. പാലത്തിനോട് ചേർന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ സുഖമായി ഉറങ്ങിക്കിടന്ന യുവാവിനെ പൊലീസ് എത്തി വിളിച്ചുണർത്തുകയായിരുന്നു. അതിനാൽ പുഴയിലേക്ക് വീണ് അപകടമുണ്ടാകാതെ രക്ഷപ്പെടുകയും ചെയ്തു. പള്ളുത്തുരുത്തി സ്വദേശി അസീബിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കും എന്നുപറഞ്ഞാണ് ഇയാൾ എത്തിയതെന്നും പൊലീസ് പറഞ്ഞു. പുഴയിലേക്ക് ചാടാനായി പഴയപാലത്തിന്റെ കൈവരികൾ മറികടന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾക്ക് മുകളിൽ കയറി നിന്നു. പക്ഷേ, ഇതിനിടെ ഉറക്കം പ്രശ്നമുണ്ടാക്കിത്തുടങ്ങി. ഉറക്കം പിടികൂടിയതോടെ ഇയാൾ പൈപ്പുകൾ തന്നെ ബെഡ്റൂമാക്കി. കിടന്ന് അല്പംകഴിയുമ്പോൾത്തന്നെ നന്നായി ഉറങ്ങുകയും ചെയ്തു.
പാലത്തിലൂടെ നടന്നുപോയ ചിലരാണ് അപകടകരമായ രീതിയിൽ കിടക്കുന്ന യുവാവിനെ കണ്ട് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസ് എത്തുമ്പോൾ ഏതുനിമിഷവും പുഴയിലേക്ക് വീഴാം എന്ന അവസ്ഥയിലായിരുന്നു യുവാവ്. വിളിച്ചുണർത്തിയശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉറങ്ങുന്നതിനിടെ മറുവശത്തേക്ക് തിരിയാതെ ഒരേ രീതിയിൽ കിടന്നതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മറുവശത്തേക്ക് തിരഞ്ഞിരുന്നു എങ്കിൽ അപകടമുണ്ടായേനെ. മഴയായതിനാൽ പുഴയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു.എന്തിനാണ് ഇയാൾ ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. മദ്യലഹരിയിലായിരിക്കാം ആത്മഹത്യചെയ്യാമെന്ന ചിന്ത ഉണ്ടായതെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |