കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി ട്രെയിനി ഡോക്ടർ കൊല്ലപ്പെട്ട കേസിൽ കൂട്ടമാനഭംഗ സാദ്ധ്യത ഉൾപ്പെടെ പരിശോധിച്ച് സി.ബി.ഐ. കൽക്കട്ട ഹൈക്കോടതി വിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം, ആറ് നിർണായക വിഷയങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. മകൾ കൂട്ടമാനഭംഗത്തിനിരയായെന്ന സംശയം മാതാപിതാക്കളും ഉന്നയിച്ചു.
നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു കുറ്റകൃത്യവുമായി പങ്കുണ്ടോയെന്നതും അന്വേഷിക്കണം. മൃതദേഹത്തിൽനിന്ന് 150 മില്ലിഗ്രാം പുരുഷബീജം ലഭിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത്രയും കൂടിയ അളവുള്ളതിനാൽ ഒന്നിൽക്കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് കുടുംബത്തിന്റെ സംശയം. കൂട്ടമാനഭംഗം നടന്നതിന്റെ സൂചനയാണിതെന്ന് ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് ഗവ. ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹി ഡോ. സുബർണ ഗോസ്വാമി പ്രതികരിച്ചു. ആശുപത്രിക്ക് സമീപത്തെ ഔട്ട് പോസ്റ്റിൽ പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന 33 വയസുള്ള സിവിക് വോളിയന്റർ സഞ്ജയ് റോയ് മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.
കൊൽക്കത്തയിലെ മെഡിക്കൽ കോളേജിലെ ലക്ചർ ഹാളിൽ ആഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്നിനും അഞ്ചിനുമിടയിലാണ് വനിതാ ഡോക്ടർ കൊടും ക്രൂരതയ്ക്ക് ഇരയായതെന്ന് നിഗമനം. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മാരക മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തു ഞെരിച്ചതിനെ തുടർന്ന് തൈറോയ്ഡ് തരുണാസ്ഥി തകർന്നു. കരച്ചിൽ തടയാൻ ഇരയുടെ തല ചുമരിനോട് ചേർത്തുപിടിച്ചു. ഇരുകണ്ണുകൾ, വായ് എന്നിവയിൽ നിന്നും രക്തം പ്രവഹിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിക്ക് മുന്നിലെ ഔട്ട് പോസ്റ്റിൽ പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന 33 വയസുള്ള പ്രതി സിവിക് വോളിയന്റർ സഞ്ജയ് റോയ് ബോക്‌സറാണ്. നാലു വിവാഹം കഴിച്ചെങ്കിലും പീഡനം കാരണം ഭാര്യമാർ ഉപേക്ഷിച്ചു.ആശുപത്രിയിലെ എല്ലാ മേഖലയിലും ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള പ്രതിയുടെ ബന്ധമറിയാവുന്ന ജീവനക്കാർ ഇയാളെ തടഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |