മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയും യൂട്യൂബറുമാണ് പേർളി മാണി. തന്റെ വിശേഷങ്ങൾ എപ്പോഴും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ചിങ്ങം ഒന്നിന് പുതിയ ഒരു കാര്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് താരം.
പേർളി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഭരതനാട്യം വീണ്ടും പഠിക്കാൻ തീരുമാനിച്ചിരിക്കുകയാണ് താരം. ഗുരുദക്ഷിണ വച്ച് ആദ്യത്തെ ചുവടുകൾ വച്ചതിന്റെ സന്തോഷവും പേർളി പങ്കുവച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് താരം നൃത്തം പഠിച്ചിട്ടുണ്ടെന്നും പിന്നീട് അത് ഉപേക്ഷിക്കേണ്ടി വന്നെന്നും പേർളി കുറിച്ചു.
'ഇന്ന് ചിങ്ങം ഒന്ന്, മലയാള പുതുവർഷത്തിന്റെ ആദ്യ ദിനം. വർഷങ്ങളായി എന്റെ മനസിൽ പതിഞ്ഞിരുന്ന ഒരു കാര്യം ഞാൻ നടപ്പിലാക്കി. ഞാൻ വീണ്ടും ഭരതനാട്യം പഠിക്കാൻ തീരുമാനിച്ചു. ഇന്ന് എന്റെ ഗുരു വന്നു. ആദ്യത്തെ ചുവടുകൾ വച്ചു. കുട്ടിക്കാലത്ത് ഞാൻ നൃത്തം പഠിച്ചിരുന്നു. എന്നാൽ നിർത്തി. ഇപ്പോൾ ഒരു അമ്മയെന്ന നിലയിൽ പുതിയ എന്തെങ്കിലും ആരംഭിക്കാൻ ഒരിക്കലും വെെകിയിട്ടില്ലെന്ന് എന്റെ കുട്ടികളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', - പേർളി കുറിച്ചു.
ഗുരുവിന്റെയും ശ്രീനിഷിന്റെയും മക്കളുടെയും കൂടെ നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങൾ പെട്ടെന്ന് തന്നെ വെെറലായി. നിരവധി പേരാണ് പേർളിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. അബ്ബാദ് റാം മോഹനാണ് പേർളിയെ നൃത്തം പഠിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |