SignIn
Kerala Kaumudi Online
Tuesday, 20 August 2024 2.48 AM IST

ഒരാളുടെ സ്വഭാവം കൃത്യമായി മനസിലാക്കാൻ ഒപ്പമിരുന്ന് ഒരു സിനിമ കണ്ടാൽ മതി; മാനസിക വിദഗ്ധനെ കാണേണ്ടതായി പോലും വന്നേക്കാം

theatre

കൊവിഡ് കാലത്തിനുശേഷം ലോകത്താകമാനം തന്നെ സിനിമാ മേഖലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പലരും തിയേറ്ററുകളിൽ നിന്ന് ഒടിടിയിലേയ്ക്ക് തിരിഞ്ഞു. എന്നിരുന്നാലും ബിഗ് സ്‌ക്രീനിനോട് തന്നെയാണ് കൂടുതൽപ്പേർക്കും പ്രിയം. നമ്മൾ എല്ലാവർക്കും വ്യത്യസ്തമായ തിയേറ്റർ അനുഭവങ്ങൾ ഉണ്ടായിരിക്കും. സുഹൃത്തുക്കൾക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും പങ്കാളിക്കൊപ്പവുമൊക്കെ സിനിമ കാണുമ്പോൾ ഇവർ എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും പെരുമാറുന്നതെന്നും നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. ഓരോരുത്തരുടെയും സിനിമാസ്വാദന രീതിയുടെ അടിസ്ഥാനത്തിൽ ഒരാളുടെ സ്വഭാവം മനസിലാക്കാൻ സാധിക്കുമെന്ന് എത്രപേർക്കറിയാം?

എന്താണ് സിനിമാസ്വാദന രീതി

ഒരാൾ നൂറിലേറെ ആളുകൾക്ക് ചുറ്റുമിരുന്നാണ് തിയേറ്ററിൽ സിനിമ കാണുന്നത്. ഒരാൾ ഇവിടെ പ്രദർശിപ്പിക്കുന്ന സ്വഭാവമാണ് അയാളുടെ പൊതുമദ്ധ്യത്തിലെ സ്വഭാവമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരാളുടെ സിനിമ കാണൽ രീതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈക്യാട്രിസ്റ്റ് ഡോ. സാ‌ർത്ഥക് ദാവെ വ്യക്തമാക്കുന്നു. ഒരാൾ മറ്റൊരാളോട് കാട്ടുന്ന ബഹുമാനം, ഒരു വ്യക്തിക്കുള്ള പൊതുബോധം, സംഘർഷങ്ങൾ ഒഴിവാക്കാനുള്ള കഴിവ് എന്നിവ അയാളുടെ സിനിമ കാണൽ രീതിയിൽ നിന്ന് മനസിലാക്കാമെന്ന് ഡോ.സാർത്ഥക് ദാവെ പറഞ്ഞു. കൂടാതെ ഒരാൾ സ്വാർത്ഥനാണോ, മറ്റുള്ളവരെ പരിഗണിക്കുന്നയാളാണോ, മറ്റുള്ളവരോട് അനുകമ്പയുള്ളയാളാണോ എന്നീ കാര്യങ്ങളും തിരിച്ചറിയാൻ സാധിക്കുമെന്ന് ഡോക്‌ടർ വ്യക്തമാക്കി.

നിശബ്ദനായിരുന്ന് സിനിമ കാണുക, ഫോൺ നിശബ്ദമാക്കുക, അധികം ശബ്ദമുണ്ടാക്കാതെ ഭക്ഷണം കഴിക്കുക, പരിഗണന കാണിക്കുക എന്നിങ്ങനെയുള്ള നല്ല മര്യാദകൾ മറ്റുള്ളവരുടെ മൊത്തത്തിലുള്ള സിനിമ കാണൽ അനുഭവം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് മുംബയ് വോക്കാർഡ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. സോനൽ ആനന്ദ് പറഞ്ഞു.

നിസ്സാരമെന്ന് തോന്നാമെങ്കിലും ഒരാളുടെ സിനിമ കാണൽ രീതികൾ അവരുടെ സാമൂഹിക അവബോധത്തെക്കുറിച്ചും മറ്റുള്ളവർക്ക് നൽകുന്ന ബഹുമാനത്തെക്കുറിച്ചും സൂചന നൽകുന്നുവെന്ന് മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തെറാപ്പിസ്റ്റും കൗൺസിലറുമായ ഡോ. റോഷൻ മൻസുഖാനി വ്യക്തമാക്കുന്നു. ഒരാൾക്ക് ചുറ്റുമുള്ളവരുടെ വികാരങ്ങളെയും അനുഭവങ്ങളെയും ബഹുമാനിക്കാനുള്ള കഴിവിനെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇത് സാമൂഹിക ബോധത്തിന്റെ പ്രധാന ഘടകമാണെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.

സിനിമാസ്വാദനവും പെരുമാറ്റവും തമ്മിലുള്ള ബന്ധം

ഒരാളുടെ വ്യക്തിത്വ സവിശേഷതകൾ അയാളുടെ സിനിമ കാണുന്ന രീതിയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കുമെന്ന് ഡോ.മൻസുഖാനി പറഞ്ഞു. സിനിമ കാണുന്നതിനിടെ ഉറക്കെ സംസാരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്ന ഒരാൾ മറ്റുള്ളവരുടെ സുഖസൗകര്യങ്ങളെ പൊതുവെ അവഗണിക്കുന്ന സ്വഭാവമുള്ളയാളാണ്. എന്നാൽ എല്ലാവരും ഇത്തരക്കാരാണെന്ന് തറപ്പിച്ച് പറയാനാവില്ല. മാനസിക സമ്മർദ്ദങ്ങളിലൂടെയും മറ്റും കടന്നുപോകുന്നവർ പൊതുമദ്ധ്യത്തിൽ ഇത്തരത്തിൽ പെരുമാറുന്നത് സ്വാഭാവികമാണ്. സിനിമാ തിയേറ്ററുകൾ പോലുള്ള പൊതുയിടങ്ങളിൽ ഉറക്കെ സംസാരിക്കുകയും ഫോൺ ഉപയോഗിക്കുകയും മറ്റും ചെയ്യുന്നവർ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ഇഷ്ടപ്പെടുന്നവരും വൈകാരിക നിയന്ത്രണം ഇല്ലാത്തവരുമായിരിക്കുമെന്നും ഡോക്‌ടർ ചൂണ്ടിക്കാട്ടി.

പൊതുസ്ഥലത്തുള്ള ഒരാളുടെ പെരുമാറ്റം അയാളുടെ വ്യക്തിത്വത്തിന്റെ വ്യക്തമായ പ്രതിഫലനമാണെന്ന് ഡോ.ദാവെ പറഞ്ഞു. എല്ലാവരും ജീവിതത്തിൽ പലവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നവരാണ്, എന്നാൽ സമൂഹത്തിൽ ഇത്തരം പ്രതിസന്ധികൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരാളുടെ സംയമനം, പക്വത, ആത്മനിയന്ത്രണം എന്നിവ വെളിപ്പെടുത്തുന്നു. ഒരാളുടെ പ്രവൃത്തികൾ പരസ്യമായി നിയന്ത്രിക്കാൻ സാധിക്കാതിരിക്കുന്നത് അച്ചടക്കമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മാത്രമല്ല, മറ്റുള്ളവർക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്ന രീതിയിൽ ഒരാൾ മനഃപൂർവ്വം പ്രവർത്തിക്കുകയാണെങ്കിൽ അത് നാർസിസിസ്റ്റിക് അല്ലെങ്കിൽ സാമൂഹ്യവിരുദ്ധ പ്രവണതകൾ പോലുള്ള ആഴത്തിലുള്ള പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും ഡോ.ദാവെ വ്യക്തമാക്കി.

സിനിമാസ്വാദനം മാനസികരോഗ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ചില സന്ദർഭങ്ങളിൽ, സിനിമ കാണൽ രീതികൾ അടിസ്ഥാനപരമായ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചന നൽകുന്നുവെന്നും ഡോക്ടർ സോനൽ ആനന്ദ് പ്രസ്താവിക്കുന്നു.

ചിലപ്പോൾ ചില വ്യക്തിത്വ വൈകല്യങ്ങളോ ഇംപൾസ് കൺട്രോൾ ഡിസോർഡറുകളോ ഉള്ള ആളുകൾ പൊതു ഇടങ്ങളിൽ അപമര്യാദയായി പെരുമാറിയേക്കാം.നേരിയതോ മിതമായതോ ആയ മാനസികാരോഗ്യ വൈകല്യങ്ങൾ കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോകാവുന്ന സന്ദർഭങ്ങളുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ തിയേറ്ററുകൾ പോലുള്ള പൊതുയിടങ്ങളിൽ പ്രകടമാകാമെന്നും ഡോ. സോനൽ ആനന്ദ് പറഞ്ഞു.

മുൻകോപവും ദേഷ്യം സംബന്ധമായ മാനസിക പ്രശ്‌നങ്ങൾ ഉള്ളവരും തിയേറ്ററുകളിലെ ചെറുപ്രകോപനങ്ങളിൽ പോലും അസ്വസ്ഥരായേക്കാം. അന്തർലീനമായ ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ വലിയ രീതിയിൽ പൊട്ടിത്തെറിക്കുന്നതിനും കാരണമാകാമെന്ന് ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു. ഒരാൾ നിരന്തരമായി പൊതുമദ്ധ്യത്തിൽ അപമര്യാദയായും യുക്തിരഹിതമായും പ്രവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് മാനസിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആളുകൾക്ക് കൗൺസിലിംഗും മറ്റും നൽകേണ്ടത് അനിവാര്യമാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കുന്നു.

ശരിയായ സിനിമാസ്വാദന രീതി

  • മറ്റുള്ളവർക്ക് സിനിമ തടസ്സപ്പെടാതിരിക്കാൻ തിയേറ്ററിൽ കൃത്യസമയത്ത് എത്തിച്ചേരുക.
  • ഫോൺ നിശബ്ദമാക്കുക.
  • സിനിമയ്ക്കിടെ, സംസാരിക്കുകയോ സന്ദേശമയയ്‌ക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.
  • വസ്‌തുക്കൾ നിങ്ങളുടെ ഇരിപ്പിടത്തിൽ തന്നെ സൂക്ഷിക്കുക.
  • മറ്റുള്ളവരുടെ വ്യക്തിഗത ഇടത്തെ ബഹുമാനിക്കുക.
  • ഇടയ്ക്കിടെ എഴുന്നേൽക്കുന്നതും നടക്കുന്നതും ഒഴിവാക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: THEATRE, CHARACTER, MOVIE WATCHING ETIQUETTE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.