തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13വയസുകാരിയെക്കുറിച്ച് 28 മണിക്കൂർ പിന്നിട്ടിട്ടും സൂചനയില്ല. കുട്ടി കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തിൽ അവിടെത്തെ റെയിൽവേ സ്റ്റേഷനും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും കുട്ടിയെ കണ്ടെത്താനായില്ല.
കന്യാകുമാരിയിൽ നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിൻ കയറി യാത്ര തിരിച്ചോ എന്ന സംശയത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് പൊലീസും ആർപിഎഫും തെരച്ചിൽ തുടരുകയാണ്. കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാൻ സാദ്ധ്യതയുണ്ട്. ഇത് പരിഗണിച്ച് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ബസുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കന്യാകുമാരി, നാഗർകോവിൽ തുടങ്ങിയ മേഖലകളിൽ കേരള പൊലീസും തമിഴ്‌നാട് പൊലീസും സംയുക്തമായി നടത്തുന്ന തെരച്ചിൽ തുടരുകയാണ്.
കഴക്കൂട്ടം സെന്റ് ആന്റണീസ് സ്‌കൂളിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന അൻവർ ഹുസൈന്റെ മൂത്തമകൾ തസ്‌മിൻ ബീഗത്തെയാണ് കാണാതായത്. സഹോദരങ്ങളുമായി വഴക്കിട്ടപ്പോൾ അമ്മ ശകാരിച്ചതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു.
മകളെ കാണാതായതിന്റെ വേദനയ്ക്കിടെ തങ്ങളെ സംബന്ധിച്ച അപവാദപ്രചാരങ്ങളിൽ കടുത്ത ദുഃഖത്തിലാണ് അൻവർ ഹുസെെന്റെ കുടുംബം. കാണാതായ 13കാരിയെ മർദ്ദിച്ചെന്നും ഇതേത്തുടർന്നാണ് വീട് വിട്ടിറങ്ങിയതെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മാത്രമല്ല ഒപ്പമുള്ളത് രണ്ടാനമ്മയാണെന്നും ചിലർ ആരോപിച്ചിരുന്നു.
എന്നാൽ ഇതെല്ലാം തെറ്റാണെന്നാണ് കുടുംബം പറയുന്നത്. ആരോപണങ്ങൾ ശരിയല്ലെന്നും താൻ രണ്ടാനമ്മയല്ലെന്നും കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും മാതാവ് പറഞ്ഞു. കുട്ടികൾ തമ്മിൽ അടികൂടിയപ്പോൾ താൻ ശകാരിക്കുകമാത്രമാണ് ചെയ്തതെന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ വിഷമമുണ്ടെന്നും മാതാവ് പറഞ്ഞു.
കുട്ടി ചെന്നെെയിലേക്ക് പോയതായും സംശയമുണ്ട്. കന്യാകുമാരിയിൽ നിന്ന് തിരുനെൽവേലി റൂട്ടിൽ ചെന്നെെയിലേക്ക് കുട്ടി പോയിരിക്കാമെന്നാണ് ഇപ്പോഴാത്തെ നിഗമനം. ചെന്നെെയിൽ എത്തുന്നതിന് മുൻപ് കുട്ടിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ആർപിഎഫിന്റെയും തമിഴ്‌നാട് റെയിൽവേ പൊലീസിന്റെയും സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്. കുട്ടിയുടെ സഹോദരൻ ചെന്നൈയിലാണ് താമസിക്കുന്നത്. ചെന്നെെ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിൽ വിശദമായ തെരച്ചിൽ നടത്തുന്നുണ്ട്. കുട്ടി ലോക്കൽ കംപാർട്ട്മെന്റിൽ ആയിരിക്കാനാണ് സാദ്ധ്യത കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |