കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ മെഡിക്കൽ പി.ജി വിദ്യാർത്ഥിനി അതിക്രൂരമാം വിധം ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ കർമ്മപദ്ധതികൾക്കു രൂപം നൽകാൻ സുപ്രീംകോടതി ഒൻപതംഗ കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണ്. സ്വമേധയാ എടുത്ത കേസിന്റെ പരിഗണനാവേളയിലാണ് രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾക്കും ബാധകമാകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിർണയിക്കാൻ ഉന്നത നീതിപീഠം നടപടിയെടുത്തത്. രണ്ടാഴ്ചയായി രാജ്യത്തുടനീളം നടന്നുവരുന്ന ഡോക്ടർമാരുടെ പ്രതിഷേധ പണിമുടക്ക് ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഒരു മെഡിക്കൽ കോളേജിലും ഇനിയൊരിക്കലും ഇത്തരം ക്രൂരസംഭവങ്ങൾ ആവർത്തിക്കരുതെന്നുള്ള ഉദ്ദേശ്യത്തോടെയാണ് സമഗ്രമായ സുരക്ഷാ നടപടികൾ ആവിഷ്കരിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുള്ളത്. സമിതി സമർപ്പിക്കുന്ന ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാനുള്ള സമയക്രമം കൂടി കോടതി നിശ്ചയിക്കണം.
ആരോഗ്യപ്രവർത്തകർക്കുനേരെ നിരന്തരം നടക്കുന്ന അതിക്രമങ്ങൾ തടയാൻ കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ പ്രത്യേക നിയമം തന്നെ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും വേണ്ടവിധം പര്യാപ്തമായിട്ടില്ലെന്ന അഭിപ്രായത്തോടെയാണ് പരമോന്നത കോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് മൂന്നാഴ്ചയാണ് നൽകിയിരിക്കുന്നത്. സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുമാസം സമയമുണ്ട്. കൊൽക്കത്ത സംഭവത്തിൽ ബംഗാൾ സർക്കാരിനെയും അവിടത്തെ പൊലീസ് സംവിധാനത്തെയും കോടതി നിശിതമായി വിമർശിച്ചു. സംഭവത്തിൽ എഫ്.ഐ.ആർ പോലും ഇട്ടത് സംഭവം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ്. പൊലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും ഗുരുതര വീഴ്‌ചകളും പ്രത്യക്ഷത്തിൽത്തന്നെ കാണാവുന്നതാണ്. രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ പ്രതിഷേധവുമായി തെരുവിലിറക്കിയ ഈ സംഭവത്തിന്റെ അന്വേഷണം സി.ബി.ഐയെ ഏല്പിച്ചിരിക്കുകയാണ്.
ജോലിഭാരവും വിശ്രമമില്ലായ്മയും രാജ്യത്തെ മുഴുവൻ മെഡിക്കൽ കോളേജുകളിലും ഏതാണ്ട് ഒരുപോലെയാണ്. ഒഴിവുകൾ നിരവധി ഉണ്ടെങ്കിലും നിയമനത്തിൽ മെല്ലെപ്പോക്കായതിനാൽ ഡ്യൂട്ടിയിലുള്ളവർ ദീർഘസമയം തുടർച്ചയായി ജോലിയെടുക്കേണ്ടിവരുന്നുണ്ട്. ചികിത്സാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നിരവധി മെഡിക്കൽ കോളേജുകൾ ഓരോ വർഷവും ആരംഭിക്കുന്നുണ്ട്. അതുകൊണ്ടൊന്നും ചികിത്സാ സൗകര്യങ്ങൾ മതിയാകുന്നില്ലെന്നതാണ് വസ്തുത. ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോൾ ഇനിയും ധാരാളം മെഡിക്കൽ കോളേജുകളും ആയിരക്കണക്കിന് ഡോക്ടർമാരും ആവശ്യമാണ്.
കൊൽക്കത്ത സംഭവത്തിന്റെ വെളിച്ചത്തിൽ കേരളത്തിലും മെഡിക്കൽ കോളേജ് ആശുപത്രികളിൽ സുരക്ഷാ ഏർപ്പാടുകൾ കർക്കശമാക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
അനധികൃതമായി ആരെയും രാത്രികാലങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കില്ല. സി.സി ടിവി പ്രധാന ഇടങ്ങളിലെല്ലാം സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. രാത്രികാലങ്ങളിൽ പൊലീസ് റോന്തുചുറ്റലും ശക്തിപ്പെടുത്തും. സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനവും ഉറപ്പാക്കും. വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടി റൂം, പരിശോധനാ മുറി, റസ്റ്റ് റൂം തുടങ്ങിയ ഇടങ്ങളിൽ മേലധികാരികൾ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും തീരുമാനമായിട്ടുണ്ട്. ഇതൊക്കെ സ്ഥിരം സംവിധാനമായി തുടർന്നെങ്കിലേ ഉദ്ദേശിച്ച ഫലം സിദ്ധിക്കുകയുള്ളൂ. തുടങ്ങി കുറെനാൾ ചെല്ലുമ്പോൾ എല്ലാം കുത്തഴിഞ്ഞ് പഴയപടിയാകുന്നതാണ് ശീലം. അങ്ങനെ ഉണ്ടാകരുത്. മെഡിക്കൽ കോളേജുകളിലെ പരിമിതികളാണ് സംവിധാനങ്ങൾ കുത്തഴിയാനുള്ള പ്രധാന കാരണം. ആ പരിമിതികൾ ഒന്നൊന്നായി തരണം ചെയ്യാനുള്ള മാർഗങ്ങൾ കണ്ടെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |