പി.എസ്.സി നിയമനങ്ങൾക്കും മെഡി., എൻജി. പ്രവേശനത്തിനും വിധി ബാധകം
ന്യൂഡൽഹി : മെറിറ്റുള്ള സംവരണ വിഭാഗങ്ങളിലെ (എസ്.സി /എസ്.ടി /ഒ.ബി.സി / ഇ.ഡബ്ളിയു.എസ്) വിദ്യാർത്ഥികൾക്ക് പൊതു വിഭാഗത്തിൽ പ്രവേശനം നൽകണമെന്ന സുപ്രീം കോടതി വിധി കേരളത്തിലെ ഉൾപ്പെടെ സംവരണ അട്ടിമറിക്ക് തടയിടും.
പൊതു വിഭാഗത്തിന്റെ കട്ട് ഓഫിൽ കൂടുതൽ മാർക്കുള്ള സംവരണ വിഭാഗക്കാരെ സംവരണ ക്വാട്ടയിലാക്കരുതെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
മദ്ധ്യപ്രദേശിലെ 2023- 24ലെ എം.ബി.ബി.എസ് പ്രവേശനവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്.
സംസ്ഥാനത്തെ പി.എസ്.സി നിയമനത്തിലും, ഈ വർഷം മുതലുള്ള മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിലും ഇത് ബാധകമാക്കേണ്ടി വരും.
മെറിറ്റുണ്ടായാലും സംവരണ വിഭാഗക്കാരെ പൊതുവിഭാഗത്തിൽ പരിഗണിക്കാതെ സംവരണ ക്വാട്ടയിൽ തള്ളി മെരിറ്റും സംവരണവും അട്ടിമറിക്കുന്ന കള്ളക്കളിക്ക് ഇതോടെ അറുതിയാവും.
കള്ളക്കളി ഇങ്ങനെ
പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിൽ പൊതു വിഭാഗത്തിന്റെ കട്ട് ഒഫ് മാർക്കിന് മുകളിലെത്തുന്ന പിന്നാക്കക്കാരെ പൊതു വിഭാഗത്തിൽ പരിഗണിക്കില്ല. ഇവരെ ഉൾപ്പെടുത്തി സംവരണ ക്വാട്ടയിലെ എണ്ണം
തികയ്ക്കും. ഒറ്റ നോട്ടത്തിൽ അർഹതപ്പെട്ട സംവരണ സീറ്റുകളുടെ എണ്ണത്തിൽ കുറവ് കണ്ടെത്താനാവില്ല. അവർ മെരിറ്റിൽ നിന്ന് സംവരണ ക്വാട്ടയിലേക്ക് മാറ്റപ്പെടുമ്പോൾ, അതേ വിഭാഗത്തിലെ
മറ്റൊരു വിദ്യാർത്ഥിക്ക് അർഹതപ്പെട്ട സംവരണ സീറ്റ് നിഷേധിക്കപ്പെടുന്നൂ.
മെരിറ്റിൽ സിംഹഭാഗവും മുന്നാക്കക്കാർക്ക് ലഭിക്കുകയും ചെയ്യും.
പി.എസ്.സി സംവരണ
തട്ടിപ്പിന് യൂണിറ്റ് സൂത്രം
ഒരു തസ്തികയിലെ മൊത്തം ഒഴിവുകൾ വിവിധ യൂണിറ്റുകളാക്കിയാണ് വർഷങ്ങളായി പി.എസ്.സിയുടെ സംവരണത്തട്ടിപ്പ്.നൂറ് ഒഴിവുകളിൽ പകുതി മെരിറ്റിലും,പകുതി സംവരണത്തിലുമാണ് പരിഗണിക്കേണ്ടത്. പി.എസ്.സി
നൂറ് ഒഴിവുകളെ 20 വീതമുള്ള അഞ്ച്
യൂണിറ്റുകളാക്കും. റാങ്ക് ലിസ്റ്റിലെ 1,3,5,7 ക്രമത്തിലുള്ള റാങ്കുകാർക്ക് പൊതു വിഭാഗത്തിലും 2,4,6,8 ക്രമത്തിലുള്ള റാങ്കുകാർക്ക്
സംവരണ വിഭാഗത്തിലുമാണ് നിയമനം. ആദ്യ യൂണിറ്റിലെ 20 ഒഴിവുകളിൽ
മെരിറ്റും സംവരണവും പാലിക്കും. അടുത്ത യൂണിറ്റ് ( 21- 40) മുതൽ പൊതു വിഭാഗത്തിൽ വരേണ്ട പിന്നാക്കക്കാരനെ സംവരണ വിഭാഗത്തിലേക്ക്
തള്ളും.യഥാർത്ഥ സംവരണം കിട്ടേണ്ടയാൾ പുറത്ത്.100 ഒഴിവുകൾ
ഒറ്റ യൂണിറ്റാക്കിയുള്ള നിയമനമാണ് സംവരണ അട്ടിമറിക്ക് പരിഹാരം.
വിധി പുറപ്പെടുവിച്ച
ജഡ്ജി പട്ടികജാതികാരൻ
സുപ്രീംകോടതിയുടെ ഇന്നലത്തെ ഇൗ സുപ്രധാന വിധി പുറപ്പെടുവിച്ചത് പട്ടികജാതിക്കാരനായ ജസ്റ്റിസ് ബി.ആർ. ഗവായ്. എസ്.സി/എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണമാകാമെന്ന ചരിത്രവിധി പുറപ്പെടുവിച്ചതും ബി.ആർ. ഗവായ് കൂടി ഉൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ്. എസ്.സി /എസ്.ടിക്ക് ക്രീമിലെയർ ബാധകമാക്കണമെന്ന് ഗവായ് ഉൾപ്പെടെ നാലു ജഡ്ജിമാർ വിധിയിൽ അഭിപ്രായപ്പെട്ടത് വ്യാപക പ്രതിഷേധം ഉയർത്തിവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |