SignIn
Kerala Kaumudi Online
Saturday, 24 August 2024 7.41 PM IST

സൂപ്പർ നായകാ,​ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം!

cinema

നടിമാരുടെ മൊഴികൾ കേട്ട് രേഖപ്പെടുത്തുകയും വിശകലനം ചെയ്ത് ശുപാർശകൾ തയ്യാറാക്കുയും ചെയ്ത ജസ്റ്റിസ് ഹേമ കമ്മിറ്രിയിലെ അംഗങ്ങൾ സിനിമാ ലോകത്തെപ്പറ്രി എന്തൊക്കെയാവും ചിന്തിച്ചിരിക്കുക? നടി ശാരദ ഒഴികയെള്ളവർക്ക് എന്തായാലും സിനിമയെ അതിനു മുമ്പ് അടുത്തറിയില്ല. വെള്ളിത്തിരയിലെ പല വിഗ്രഹങ്ങളും അവർക്കു മുന്നിൽ ഉടഞ്ഞുവീണിട്ടുണ്ടാകും.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ആമുഖ വാക്യങ്ങൾ ഇങ്ങനെയാണ്: 'തിളക്കമുള്ള മിന്നുന്ന നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമാണ് ദുരൂഹതകളുടെ ആകാശത്തുള്ളത്. സത്യം അങ്ങനെയല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങൾക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. അതുകൊണ്ടുതന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പുപോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്!" ഇതിലുണ്ട് എല്ലാം. പവർ ഗ്രൂപ്പിന്റെ നായകനെക്കുറിച്ച് 'മന്നവേന്ദ്രാ വിളങ്ങുന്നു,​ ചന്ദ്രനെപ്പോലെ നിന്മുഖം" എന്നു കൂടി ചേർത്തിരുന്നുവെങ്കിൽ നന്നായേനെ!

സിനിമ,​ ബാൽക്കണിയിലെന്ന പോലെ ദൂരെ മാറിയിരുന്ന് ആസ്വദിക്കുന്നതാണ് എപ്പോഴും നല്ലത്. അടുക്കുന്തോറും സുഖം കുറയും. ധാരണകൾ തെറ്റും. ബ്ലാക്ക് ആൻ‌‌ഡ് വൈറ്റ് കാലം മുതൽ സിനിമയിൽ 'പെൺവിഷയം" ഉണ്ട്. ചതിക്കുഴികളൊരുക്കി പെൺകുട്ടികളെ വീഴ്ത്തും. സ്വപ്നങ്ങൾക്കൊപ്പം മാനവും നഷ്ടപ്പെട്ട് എത്രയോ പേർ കോടമ്പാക്കത്തു നിന്ന് നാട്ടിലേക്കു മടങ്ങിയിരിക്കുന്നു. സംവിധായകനെയും തിരക്കഥാകൃത്തിനെയുമൊക്കെ ഭരിക്കുന്ന വിധത്തിലേക്ക് ചിലരിലേക്ക് പവർ കേന്ദ്രീകരിച്ചത് ഈ അടുത്തകാലത്താണ്. നായിക, സഹതാരങ്ങൾ, സംഗീതജ്ഞർ... എല്ലാം അവർ തീരുമാനിക്കും.

വഴങ്ങിയില്ലെങ്കിൽ

പിണങ്ങും!

സിനിമയിലേക്ക് കന്നിക്കാരായി എത്തുന്ന നടിമാർ വഴങ്ങിയില്ലെങ്കിൽ പിണങ്ങുന്നവരുണ്ട്. കുറച്ചുകാലം മുമ്പ് ഒരു സൂപ്പർഹിറ്റ് നായിക മേക്കപ്പിട്ടിരുന്നിട്ടും സീനിലേക്ക് വിളിക്കുന്നില്ല. മൂന്നു ദിവസം അങ്ങനെ കഴിഞ്ഞപ്പോൾ കാര്യം പിടികിട്ടി. അന്ന് സിനിമ ഭരിച്ചിരുന്ന തമ്പുരാന് നായികയെ സൗകര്യത്തിനു കിട്ടിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ സിനിമാ മേഖലയെ സ്ത്രീപീഡന മേഖലയായി ചിത്രീകരിക്കുന്നതിൽ സിനിമാക്കാർക്ക് പൊതുവേ എതിർപ്പുണ്ട്. അവർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. സിനിമയിൽ അഭിനയിക്കാൻ തയ്യാറായി എത്തുന്ന പെൺകുട്ടികളിൽ ചിലരെങ്കിലും ബയോഡേറ്റയ്ക്കൊപ്പം 'സഹകരിക്കാൻ തയ്യാറാണ്" എന്ന് സംവിധായകനെയോ മറ്റുള്ളവരെയോ അറിയിക്കാറുണ്ട്! അവർ 'സഹകരിച്ച്" മുന്നോട്ടു പോവുകയും ചെയ്യും. അതിനപ്പുറത്ത്,​ അഭിമാനവും ധാർമ്മികതയുമൊക്കെ മുറുകെപ്പിടിച്ച് എത്തുന്നവരെ നിർബന്ധിക്കുകയോ ട്രാപ്പിൽ പെടുത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്നമാകുന്നതെന്നും ഇക്കൂട്ടർ സമ്മതിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം,​ നേരത്തേ ദുരനുഭവം ഉണ്ടായവരിൽ ചിലരെങ്കിലും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ചെറുവേഷങ്ങൾ ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവതി പറഞ്ഞത് ഇങ്ങനെ: 'ഒരു സ്ക്രിപ്ട് എഴുതി. വായിച്ചവരൊക്കെ നല്ലതെന്നു പറഞ്ഞു. പക്ഷെ, സിനിമയാക്കണമെങ്കിൽ വഴങ്ങിക്കൊടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ടവരിൽ ഒരു വയോധികനും ഉണ്ടായിരുന്നു." അങ്ങനെ സിനിമാമോഹം മതിയാക്കിയ യുവതി ഇപ്പോൾ നാട്ടിൽ പായസം കച്ചവടം ചെയ്ത് ജീവിക്കുന്നു! ജോലിക്കാരെ സപ്ലൈ ചെയ്യുന്ന ഏജൻസികൾ എല്ലാ രംഗത്തുമുള്ളതുപോലെ,​ ആർട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന ഏജൻസികൾ സിനിമാരംഗത്തുണ്ട്. ഇത്തരം ഏജൻസികളുടെ പ്രവർത്തനത്തന് പ്രത്യേക നിയമാവലിയൊന്നും സർക്കാർ പുറത്തിറക്കിയിട്ടില്ലെന്നു മാത്രം.

കഥ ഇനിയും

തുടരും

സൗന്ദര്യമുണ്ട്, അഭിനയിക്കാൻ അറിയാം. അല്പമൊക്കെ വിട്ടുവീഴ്ച ചെയ്താൽ പണം, പ്രശസ്തി എന്നിവ തേടിയെത്തുമെന്ന വിശ്വാസത്തിൽ ഇപ്പോഴും രണ്ടും കല്പിച്ച് രംഗത്തെത്തുന്നവരുണ്ട്. എല്ലാറ്രിനും ഒരു ന്യൂജെൻ രീതി കാണുമെന്നു മാത്രം. മദ്യത്തിന്റെ മാത്രമല്ല, മയക്കുമരുന്നിന്റെയും പിടിയിലായ സിനിമാക്കാരുടെ എണ്ണം കൂടിവരികയാണ്. കുറച്ചുകാലം ക്ലിക്കായി നിന്ന ശേഷം സിനിമയില്ലെങ്കിലും തരക്കേടില്ല,​ ടെലിവിഷൻ പോലുള്ള പ്ലാറ്റ്ഫോമുകളുണ്ട്. പവർ ഗ്രൂപ്പ്- അത് ഏതു ഗ്രൂപ്പ് എന്ന രീതിയിലാണ് 'അമ്മ"യുടെ ഭാരവാഹികൾ ഇന്നലെ വാർത്താസമ്മേളനത്തിൽ സൗമ്യമായി ചോദിച്ചത്. കോടതി അനുവദിക്കുമെങ്കിൽ വേട്ടക്കാരുടെ പേരുകൾ വരട്ടെ എന്നു പറയാനുള്ള ചങ്കൂറ്റം വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് കാണിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നു എന്നു പറയാനുള്ള ആർജ്ജവം നടൻ ടൊവിനോയും കാണിച്ചു. പ്രതീക്ഷ നൽകുന്ന ഇത്തരം പ്രതികരണങ്ങൾ വരുംനാളുകളിൽ ചിലരിൽ നിന്നൊക്കെ ഇനിയും ഉണ്ടാകാം. എന്തായാലും വലിയൊരു മാറ്റമൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കാൻ വയ്യ. റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ സർക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നുെവെങ്കിൽ നേരത്തേ ആകാമായിരുന്നു. ഇനി കോടതി ഇടപെടൽ കൊണ്ടു മാത്രമെ എന്തെങ്കിലും സംഭവിക്കൂ എന്നാണ് പൊതുജന വിശ്വാസം.

മലയാള സിനിമയെ സംബന്ധിച്ച് ഇതിനു മുമ്പ് അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായ കമ്മിറ്റി ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മലയാള സിനിമയുടെ പുരോഗതിക്ക് സർക്കാർ എന്തൊക്കെ ചെയ്യണമെന്ന് അക്കമിട്ടു നിരത്തുന്ന റിപ്പോർട്ട് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സമർപ്പിക്കപ്പെട്ടത്. കാര്യമായ തീരുമാനമൊന്നും ആ റിപ്പോർട്ടിന്മേൽ ഉണ്ടായില്ല. മലയാള സിനിമയുമായി ബന്ധപ്പെട്ട ആദ്യ പഠന റിപ്പോർട്ട് 1970-ൽ മലയാറ്റൂർ രാമകൃഷ്ണൻ ചെയർമാനായി രൂപീകരിച്ച സമിതി തയ്യാറാക്കിയതാണ്. സി. അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന സർക്കാരിന്റെ കാലത്ത് ഇൻഫർമേഷൻ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി കെ. കരുണാകരൻ മുൻകൈയെടുത്താണ് പഠനസംഘത്തിന് രൂപം നൽകിയത്.

മലയാറ്റൂരിന്റെ

ആദ്യ റിപ്പോർട്ട്

മലയാള സിനിമയുടെ വളർച്ചയ്ക്കുതകുന്ന നിർദേശങ്ങൾ സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരുന്നത്.

അടൂർ ഗോപാലകൃഷ്ണൻ,​ പ്രേംനസീർ, കുഞ്ചാക്കോ, സിനിമാ ചരിത്രകാരനായ ചേലങ്ങാട് ഗോപാലകൃഷ്ണൻ തുടങ്ങിയവരും നിർമാതാക്കളും പത്രപ്രവർത്തകരും ഉൾപ്പെടെ പതിനെട്ടംഗ കമ്മിറ്റിയെയാണ് പഠനത്തിനു നിയോഗിച്ചത്. 1970 മേയിൽ സർക്കാർ ഉത്തരവിറങ്ങി. ജൂൺ 11-ന് തോപ്പിൽഭാസി അടക്കം ആറുപേരെക്കൂടി ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. മൂന്നുമാസത്തിനകം റിപ്പോർട്ട് കൊടുത്തു. എന്നാൽ, റിപ്പോ‌ർട്ട് പരസ്യപ്പെടുത്തുന്നതിനോ തുടർനടപടിക്കോ കാര്യമായ നടപടിയുണ്ടായില്ല.

മലയാള സിനിമയെ മദ്രാസിൽ നിന്ന് നാട്ടിലേക്ക് പറിച്ചുനടുക,​ ഇതിനായി പൊതുമേഖലയിൽ സ്റ്റുഡിയോയും ആർക്കൈവ്സും സ്ഥാപിക്കുക, നിർമ്മാണാവശ്യങ്ങൾക്ക് വായ്പ നൽകുക തുടങ്ങിയവയായിരുന്നു പ്രധാന നിർദേശങ്ങൾ. ഇതിൽ സ്റ്റുഡിയോ അടക്കം ചില കാര്യങ്ങൾ നടന്നു. പക്ഷെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്ന് അത്ര ചർച്ചയായിരുന്നില്ല. ഇപ്പോൾ അതിനു വേണ്ടി മാത്രം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നിട്ടും സർക്കാർ കൈകഴുകുമ്പോൾ ഇത് ആർക്കുവേണ്ടിയെന്ന് പ്രേക്ഷകർ ചോദിച്ചുപോകും. ഉറച്ച നിലപാട് കൈക്കൊള്ളേണ്ടത്

സർക്കാരാണ്.

( അവസാനിച്ചു)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.