ന്യൂഡൽഹി : പട്ടികവിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പി.വി. ശ്രീനിജൻ എം.എൽ.എയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസിലാണിത്. പട്ടികവിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമപ്രകാരം ഷാജനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ അറസ്റ്റ് അനിവാര്യമല്ല. പട്ടികജാതിക്കാരനായതു കൊണ്ടാണ് ശ്രീനിജനെതിരെ മോശം പരാമർശം നടത്തിയതെന്ന് തെളിയിക്കുന്ന ഒന്നുമില്ല. പരാതിക്കാരനെ മാത്രമാണ് ലക്ഷ്യമിട്ടത്. അതിനാൽ പട്ടികവിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയൽ നിയമം ഉപയോഗിക്കാൻ കഴിയില്ല. ശ്രീനിജന് മാനനഷ്‌ടക്കേസ് നൽകാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. ഷാജന്റെ അറസ്റ്ര് 2023 ജൂലായിൽ സുപ്രീംകോടതി തടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |