തിരുവനന്തപുരം : മരിക്കുമ്പോൾ പ്രായം വെറും 21 വയസ്സ്. മലയാള സിനിമയിൽ അഞ്ചു വർഷം നിറഞ്ഞാടി.സൂപ്പർസ്റ്റാർ പ്രേം നസീറിന്റെ ഈ കാലയളവിലെ ഹിറ്റു ചിത്രങ്ങളിലെല്ലാം നായിക.എന്നിട്ടും നടി വിജയശ്രീയുടെ പെട്ടെന്നുള്ള വിടവാങ്ങൽ ഇന്നും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുന്നു.1974 ലായിരുന്നു ആത്മഹത്യയോ? കൊലപാതകമോ? എന്ന ദുരൂഹത ഇന്നും അവശേഷിപ്പിക്കുന്ന വിജയശ്രീയുടെ മരണം. ' ഒരു പാവം സ്ത്രീയായിരുന്നു അവർ. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നു.വിജയശ്രീ ഡ്രൈവ് ചെയ്ത് കാറിൽ ഞങ്ങൾ മദ്രാസിൽ അമ്പലങ്ങളിലൊക്കെ പോയിരുന്നു. അവർ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ ഇന്നും പ്രയാസമാണ്.' വിജയശ്രീയോടൊപ്പം അഭിനയിച്ചിട്ടുള്ള പ്രശസ്ത നടി ശ്രീലതാ നമ്പൂതിരി പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
' മരിക്കുന്ന സമയത്ത് ഞാനും ജയഭാരതിയുമൊക്കെ ബാംഗ്ളൂരിൽ ഒരു സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നു. അവരുടെ വീട്ടിൽ നിന്ന ആൾ ഒരു ചായ കൊടുത്തു. അതു കുടിച്ച ഉടനെ അവർ മരിച്ചു വീണെന്നാണ് അന്നു കേട്ടത്. അതിനു മുമ്പ് ആരുടെയോ ഒരു ഫോൺകാൾ വന്നിരുന്നു. അതെടുത്തു സംസാരിച്ച ശേഷമായിരുന്നു സംഭവം. പോസ്റ്റുമോർട്ടം നടന്നെന്നും ഇല്ലെന്നും ഒക്കെ
പറഞ്ഞുകേട്ടു. പിടിപാടുള്ള ആരോ ഒതുക്കിയെന്നുമൊക്കെ ആക്ഷേപം ഉയർന്നിരുന്നു. ജീവിക്കാൻ അഭിനിവേശമുള്ള പെണ്ണായിരുന്നു. നല്ല പെരുമാറ്റം. ഒരു തമിഴ് സംവിധായകന്റെ സഹോദരനുമായി അടുപ്പമുണ്ടായിരുന്നു. അയാളെ കല്യാണം കഴിക്കാൻ അമ്മ സമ്മതിക്കില്ലെന്ന് വിഷമത്തോടെ ഒരിക്കൽ എന്നോടു പറഞ്ഞിരുന്നു. ഒരുപാട് ഗോസിപ്പുകളൊക്കെ വിജയശ്രീയെക്കുറിച്ച് പത്ര-മാസികകളിൽ വന്നിരുന്നു. പത്രലേഖകർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ തമിഴ് കലർന്ന മലയാളത്തിലാണ് മറുപടി പറഞ്ഞിരുന്നത്. അവർ പറഞ്ഞതൊന്നുമായിരിക്കില്ല പ്രസിദ്ധീകരിച്ചുവരിക. നല്ല നടിയായിരുന്നു. സുന്ദരിയും. നസീറിന്റെ നായികയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു -ശ്രീലത പറഞ്ഞു.
മലയാളത്തിന്റെ മർലിൻ മൺറോ എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. യൗവനം, വണ്ടിക്കാരി എന്നീ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു വരുമ്പോഴായിരുന്നു മരണം. പൂർണമാകാത്തതിനാൽ യൗവനം-വണ്ടിക്കാരി എന്ന പേരിൽ ഒരു ചിത്രമായി റിലീസ് ചെയ്യുകയായിരുന്നു. അതും തകർത്തോടി. ആത്മഹത്യയായി പൊലീസ് വിധിയെഴുതി. വലിയ അന്വേഷണമൊന്നും നടന്നില്ല. സിനിമാരംഗത്തെ ചൂഷണത്തിന്റെ ആദ്യ രക്തസാക്ഷിയായി വിജയശ്രീ മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |