SignIn
Kerala Kaumudi Online
Thursday, 03 October 2024 4.52 PM IST

ഷിജു ചേട്ടനെ വിളിച്ചപ്പോൾ ഞെട്ടിപ്പോയി, ജനങ്ങൾ അറിയണം; രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ

Increase Font Size Decrease Font Size Print Page
akhjil-revathy

സിദ്ദിഖിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ. രേവതി സമ്പത്ത് ചൈനയിൽ എംബിബിഎസ് പഠിക്കാൻ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്നവിഡിയോ പകര്‍ത്തിയതിന്റെ പേരിൽ അവിടെ നിന്നും പുറത്താക്കപ്പെട്ടയാളാണെന്നും, മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് അടക്കം മുടക്കിച്ച വ്യക്തിയാണെന്നും മാരാർ ആരോപിക്കുന്നു.

പീഡനം, പീഡനം എന്നാരോപിക്കുമ്പോൾ അത് നേരിടുന്ന പുരുഷനും ഒരു ജീവിതമുണ്ടെന്ന് മനസിലാക്കുക. ഒരു പെൺകുട്ടിക്ക് നീതി കേരളത്തിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ ആരാണ് തടസ്സം നിൽക്കുന്നത്. ഇവിടെ ഗവണ്‍മെന്റ് ഉണ്ട്, നിയമ സംവിധാനങ്ങളുണ്ട്. നിയമസംവിധാനങ്ങളുടെ പുറകെ ഇത് പറഞ്ഞുകഴിഞ്ഞാൽ സിനിമയിൽ നിന്നും ഞങ്ങളെ മാറ്റി നിർത്തും എന്നു പറഞ്ഞ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാന്‍ നടക്കരുതെന്നും അഖിൽ മാരാർ വിമർശിക്കുന്നു.

അഖിൽ മാരാറുടെ വാക്കുകൾ-

‘വളരെ ഗുരുതരമായ ചില യാഥാർത്ഥ്യങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഇവിടെ വന്നത്. ഇപ്പോൾ ലൈവില്‍ വരാൻ എന്നെ പ്രേരിപ്പിച്ചത് ബിഗ്ബോസില്‍ എനിക്കൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ഷിജു ചേട്ടനുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ്. മലയാള സിനിമയിലെന്നല്ല ഏത് മേഖലയിലായാലും ഒരു പുരുഷൻ തന്റെ അധികാരത്തിന്റെയോ സ്വാധീനത്തിന്റെയോ കരുത്ത് ഉപയോഗിച്ച് ഒരു സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ നൂറ് ശതമാനം ആ പെൺകുട്ടിക്കൊപ്പം നിന്ന്, ആ ചെയ്യുന്നവരെ ഏതൊക്കെ രീതിയിൽ നമുക്ക് തിരിച്ച് ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ ഞാനും ഒപ്പമുണ്ടാകും. ഹേമ കമ്മിഷൻ വിഷയവുമായി ബന്ധപ്പെട്ട് കത്തിപ്പടരുന്ന വാർത്തയാണ് നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഉന്നയിച്ച ഒരു പരാതി. 2021–ലാണ് ഇവർ ഈ പരാതി ആദ്യമായി ഉന്നയിക്കുന്നത്. ‍ഞാൻ ഇപ്പോൾ എന്തുകൊണ്ടാണ് ഷിജു ചേട്ടനെ വിളിച്ചതെന്നും പറയാം. കാരണം 2021–ല്‍ ഇവർ ഈ പരാതി ഉന്നയിച്ച സമയത്ത് തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞുവന്ന പേരുകളിൽ ഒരാൾ എന്റെ പ്രിയപ്പെട്ട സുഹൃത്തും നല്ല മനുഷ്യനുമായ ഷിജു ചേട്ടന്റെ പേരായിരുന്നു.

എന്താണ് യാഥാർഥ്യം എന്നറിയാൻ വേണ്ടിയാണ് ഷിജു ചേട്ടനെ വിളിച്ച് സംസാരിച്ചത്. സത്യത്തിൽ വലിയ ഞെട്ടലാണ് ആ സംഭാഷണത്തിനു ശേഷം എനിക്കുണ്ടായത്. അതുകൊണ്ടാണ് ലൈവിൽ വന്ന് ജനങ്ങളോട് ഇത് പറയണം എന്നു വിചാരിച്ചത്. നിങ്ങളോരൊരുത്തരും ചിന്തിച്ചു നോക്കൂ, ഈ മാദ്ധ്യമങ്ങൾ നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്ന പീഡന വാർത്തകളിൽ എന്താണ് നടക്കുന്നത്. ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാർത്ത വന്നാൽ കേരളത്തിലെ 99 ശതമാനം ആളുകളും ഒരു സ്ത്രീയെ പുരുഷൻ ശാരീരികമായി ഉപദ്രവിച്ചു എന്നും എഴുപത് ശതമാനം പേർ വിശ്വസിക്കുന്നത് ലൈംഗിക പീഡനം നടന്നു എന്നുമാണ്. കുറച്ചുകൂടി മനസ്സിലാക്കാൻ പറ്റുന്ന ആളുകൾ വിചാരിക്കും സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചു, അതിന്റെ അടിസ്ഥാനത്തിലാണെന്ന്. പീഡനം എന്നു വാർത്ത കൊടുക്കുന്ന മാദ്ധ്യമ പ്രവർത്തകരോടാണ് പറയുന്നത്, നിങ്ങൾ കൃത്യമായി വാർത്ത കൊടുക്കണം. ഒരു മനുഷ്യന്റെ ജീവിതം വിറ്റുകാശാക്കരുത്, അത് ആണായാലും പെണ്ണായാലും. ഇനി വിഷയത്തിലേക്കു വരാം.

2021–ൽ രേവതി സമ്പത്ത് തന്നെ ചില ആളുകൾ പീഡിപ്പിച്ചു എന്നു പറഞ്ഞ് പന്ത്രണ്ടോളം പേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതു പുറത്തുവിട്ടതിനുശേഷം മൂന്ന് ദിവസം ഇവർ നിശബ്ദയായി തുടർന്നു. ഈ പെൺകുട്ടി മൂന്ന് ദിവസം മിണ്ടാതിരുന്നപ്പോൾ സംഭവിച്ചത് ഈ പന്ത്രണ്ട് പേരിൽ ഒരാളുടെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നതാണ്. ഷിജു ചേട്ടന്റെ വീട്ടിലും മാനസിക പ്രശ്നങ്ങളുണ്ടായി. ഷിജു ചേട്ടനൊരു മകളുണ്ട്, അവരുടെ മാനസിക അവസ്ഥ ആലോചിക്കണം. മൂന്ന് ദിവസത്തിനുശേഷം ഇവർ പറയുന്നു, ഇവരെ റേപ്പ് ചെയ്തതല്ലെന്ന്. ഈ സംഭവത്തെക്കുറിച്ച് ഷിജു ചേട്ടൻ പറയുന്നത്, ഭുവനേശ്വറിൽ ഒരു ചെറിയ സിനിമയുടെ ഷൂട്ട് നടക്കുന്നു. താരങ്ങൾ ഉൾപ്പടെ താമസിക്കുന്നത് ചെറിയ സെറ്റപ്പിലുള്ള ലോഡ്‌ജ്. ഒരു പൊലീസ് ഓഫീസറുടെ വേഷം ചെയ്യാനാണ് രേവതി സമ്പത്ത് അവിടെ വരുന്നത്. സംവിധായകൻ രാജേഷ് ടച്ച്റിവർ ആണ്. രേവതി വന്ന ദിവസം മുതല്‍ ഓരോ കാര്യങ്ങൾ പറഞ്ഞ് സെറ്റിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഹിന്ദി നടൻ കുൽക്കർണി മാത്രമാണ് അവിടെ സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നത്. അതേ ഹോട്ടലില്‍ തന്നെ ഇവർക്കും താമസിക്കണം എന്നു പറഞ്ഞ് ഷൂട്ട് മുടക്കത്തക്ക രീതിയിൽ ബുദ്ധിമുട്ടിച്ചു.

ഒരു സീനിയർ നടന്‍ എന്ന നിലയിൽ താൻ പോയി ഇവരോട് സംസാരിക്കാം എന്ന് ഷിജു ചേട്ടൻ വിചാരിച്ചു. അങ്ങനെ എല്ലാവരും കൂടെ ഇരുന്ന സമയത്ത് ഷിജു ചേട്ടൻ ഇവരോട് കാര്യങ്ങൾ പറഞ്ഞു. അതെല്ലാം കേട്ടുകഴിഞ്ഞതിനുശേഷം ഷിജു ചേട്ടനോട് തിരിച്ച് ഇയാൾ ആരാണ് ഇതൊക്കെ പറയാൻ എന്നു രേവതി തിരിച്ചു ചോദിച്ചു. അദ്ദേഹത്തെ അപമാനിച്ചു എന്ന തോന്നൽ വന്നതുകൊണ്ട് ക്ഷുഭിതനായി ഗെറ്റ് ഔട്ട് പറയുകയും അതിനൊപ്പം ഒരു മോശം വാക്ക് പ്രയോഗിക്കുകയും ചെയ്തു. സീനിയർ ആക്ടർ ആയ നടനെ വളരെ മോശമായ രീതിയിൽ പ്രതികരിച്ചപ്പോൾ സ്വാഭാവിക രീതിയിൽ അദ്ദേഹവും തിരിച്ചു പറഞ്ഞു. ഇതാണ് ഷിജു ചേട്ടൻ നടത്തിയ ആദ്യ ‘പീഡനം’. ഇനി രണ്ടാമത്തെ ‘പീഡനം’ പറയാം. ഈ സിനിമയുടെ സംവിധായകനായ രാജേഷ് ടച്ച്റിവർ, ഷിജു ചേട്ടന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ദേഷ്യപ്പെടുമ്പോൾ തെറി വിളിക്കുന്ന ഒരാളാണ്. അങ്ങനെ അദ്ദേഹത്തിനെതിരെയും പീഡനം. ഒരുദിവസം സെറ്റിൽ ഷിജു ചേട്ടൻ റൂമിൽ നിന്നും ഇറങ്ങി വരുന്ന സമയത്ത് രേവതി കരഞ്ഞുകൊണ്ടിരിക്കുന്നു. ഷിജു ചേട്ടൻ അത് ശ്രദ്ധിച്ചില്ല, നടന്നുപോയി. ഇത് രണ്ടാമത്തെ പീഡനം. ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരുന്നപ്പോൾ ചോദിച്ചില്ല എന്നതാണ് രണ്ടാമത്തെ പീഡനം.

ഇത് എന്താണെന്ന് ഒരൊറ്റ മാദ്ധ്യമങ്ങളും കൃത്യമായി ആരും അന്വേഷിച്ചിട്ടില്ല. ഇവർ ഫേസ്‌ബുക്കിലൊരു പോസ്റ്റ് ഇടുന്നു. പന്ത്രണ്ട് പേർ ഇവരെ പീഡിപ്പിച്ചു എന്നു പറഞ്ഞ് ലിസ്റ്റ് കൊടുക്കുന്നു. ഈ പന്ത്രണ്ട് പേർ പല ഘട്ടങ്ങളിലായി പല രീതിയിൽ ഇവരെ മാനസികമായോ വാക്കുകളായോ ഉപദ്രവിച്ചതാണോ ഇല്ലയോ എന്ന് മനസ്സില്ലാക്കാതെ പീഡിപ്പിച്ചു എന്നുപറഞ്ഞ് വാർത്ത കൊടുത്ത സമയത്ത് ഇതൊന്നും അന്വേഷിക്കാതെ മാധ്യമങ്ങൾ അവരുടേതായ രീതിയിൽ തോന്നിയ രീതിയിൽ എഴുതിവിടുന്നു. യഥാർഥത്തിൽ കേരളത്തിൽ വലിയ രീതിയിൽ ശാരീരിക ഉപദ്രവം ഏൽക്കുന്ന പെൺകുട്ടിക്കു പോലും ഇത്തരക്കാർ വലിയ ദ്രോഹമാണ് ചെയ്യുന്നത്. എന്താണ് പീഡനം എന്നത് മാദ്ധ്യമങ്ങൾ പറയുന്നില്ല. ഒരാൾ തെറിവിളിച്ചത് വരെ ഇവിടെ പീഡനമാണ്. കേൾക്കുന്ന ആളുകൾ എന്താണ് ചിന്തിക്കുന്നത്. ഞാൻ പുരുഷനു വേണ്ടിയല്ല പറയുന്നത്. കേൾക്കുന്ന സ്ത്രീകൾ ആലോചിക്കുക, നിങ്ങൾക്കും ഭർത്താവും അച്ഛനും സഹോദരനുമുണ്ട്. അവർക്കൊരു ജീവിതം ഉണ്ട്.

ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം, രേവതി സമ്പത്ത് എന്നു പറയുന്ന ഈ നടി ചൈനയിൽ എംബിബിഎസ് പഠിക്കാൻ പോയ സമയത്ത് തന്റെ സഹപാഠിയുടെ നഗ്നവിഡിയോ പകര്‍ത്തിയതിന്റെ പേരിൽ ഇവരെ ആ കോളജിൽ നിന്നു പുറത്താക്കിയതാണ്. ഇതൊക്കെ 2021–ൽ വന്ന കാര്യങ്ങളാണ്. സിദ്ദിഖിന്റെ ഭാഗത്തുനിന്നും ശാരീരിക ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ‘അമ്മ’യിൽ നിന്നു മാറുക മാത്രമല്ല ജയിലിൽ പോയി കിടക്കണം. പക്ഷേ ഇതിന്റെ യാഥാർഥ്യം കൂടി മനസിലാക്കണം. സഹപാഠിയുടെ നഗ്നദൃശ്യം പകർത്തിയതിന്റെ പേരിൽ കോളജിൽ നിന്നു പുറത്താക്കപ്പെട്ട ഒരു നടി വന്നിരുന്നാണ് ഇത് പറയുന്നതെന്നും ആലോചിക്കുക. പീഡനം, പീഡനം എന്നാരോപിക്കുമ്പോൾ അത് നേരിടുന്ന പുരുഷനും ഒരു ജീവിതമുണ്ടെന്ന് മനസ്സിലാക്കുക. ഇവർ ആരോപണം ഉന്നയിച്ച ചെറുപ്പക്കാരന്റെ ഭാര്യ ഈ വാർത്തയുടെ സത്യാവസ്ഥ അറിയുന്നതിനു മുമ്പ് ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്ത് തെമ്മാടിത്തരമാണ് ഇത്തരക്കാർ കാട്ടിക്കൂട്ടുന്നത്.

ഒരു പെൺകുട്ടിക്ക് നീതി കേരളത്തിൽ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ ആരാണ് തടസ്സം നിൽക്കുന്നത്. ഇവിടെ ഗവണ്‍മെന്റ് ഉണ്ട്, നിയമ സംവിധാനങ്ങളുണ്ട്. നിയമസംവിധാനങ്ങളുടെ പുറകെ ഇത് പറഞ്ഞുകഴിഞ്ഞാൽ സിനിമയിൽ നിന്നും ഞങ്ങളെ മാറ്റി നിർത്തും എന്നു പറഞ്ഞ് ഇല്ലാക്കഥകൾ പ്രചരിപ്പിക്കാന്‍ നടക്കരുത്. മലയാള സിനിമ ശുദ്ധമാണെന്നോ നല്ലതാണെന്നോ അല്ല പറയുന്നത്. ഒരുപാട് പെൺകുട്ടികൾക്ക് മോശം അനുഭവങ്ങളും സമീപനങ്ങളും ഉണ്ടായിട്ടുള്ള മേഖലയാണ് മലയാള സിനിമ. അവർ നിയമനടപടിയുമായി മുന്നോട്ടുപോകുക. ആ പരാതി സ്വീകരിക്കാൻ ഗവൺമെന്റും തയാറാകുക. മാദ്ധ്യമങ്ങൾക്ക് അല്‍പം മാന്യതായാകാം. മനുഷ്യനാണെന്ന പരിഗണ പുരുഷന്മാർക്കു കൊടുക്കാം.’

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AKHILMARAR, REVATHY SAMBATH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.