ഇസ്ലാമാബാദ്: കഴിഞ്ഞ 17 വര്‍ഷത്തിനിടെ മാതൃരാജ്യം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍. പാകിസ്ഥാനിലെ എമിഗ്രേഷന്‍ ഘടനയെ കുറിച്ചുള്ള പള്‍സ് കണ്‍സല്‍ട്ടണ്‍സിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എ.ആര്‍.വൈ ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2008 മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 95,56,507 പേര്‍ പാകിസ്ഥാന്‍ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.
2013 മുതല്‍ 2018 വരെയുള്ള അഞ്ച് വര്‍ഷക്കാലം നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ മുസ്ലീം ലീഗ് രാജ്യം ഭരിച്ചപ്പോഴാണ് രാജ്യം വിട്ടവരുടെ എണ്ണം വ്യാപകമായി വര്‍ദ്ധിച്ചത്. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടിയാണ് കൂടുതല്‍ പേരും രാജ്യം വിട്ടത്. 2015ല്‍ മാത്രം ഒമ്പത് ലക്ഷം പേരാണ് തൊഴില്‍ അവസരങ്ങള്‍ തേടി രാജ്യം വിട്ടത്. ഇതാണ് പ്രതിവര്‍ഷ കണക്കിലെ ഏറ്റവും വലിയ സംഖ്യയും. 2018ല്‍ ഈ സംഖ്യ മൂന്ന് ലക്ഷം ആയി കുറയുകയും ചെയ്തു.
പാകിസ്ഥാനികള്‍ കുടിയേറുന്ന രാജ്യങ്ങളിലും തൊഴില്‍ മേഖലയിലും കാര്യമായ മാറ്റങ്ങള്‍ ഇക്കാലയളവിനുള്ളില്‍ സംഭവിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളായിരുന്നു പരമ്പരാഗത പാക് തൊഴിലന്വേഷകരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. പാക് തൊഴിലാളികളുടെ എണ്ണത്തില്‍ യു.എ.ഇയില്‍ ഗണ്യമായ കുറവ് വന്നപ്പോള്‍ സൗദി അറേബ്യയില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കൂടാതെ, യു.കെ, ഇറാഖ്, റൊമാനിയ എന്നിവിടങ്ങള്‍ പാക് കുടിയേറ്റക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളായി പ്രാധാന്യം ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഈ കൂട്ടകുടിയേറ്റം മിടുക്കരുടെ അഭാവത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും തൊഴില്‍ ശക്തിയിലും ഉണ്ടാക്കുന്ന ആഘാതം ആശങ്കപ്പെടുത്തുന്നതാണെന്ന് എ.ആര്‍.ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനില്‍ നിന്നുള്ള എയര്‍ഹോസ്റ്റസുമാര്‍ ജോലിയുടെ ഭാഗമായി മറ്റ് രാജ്യങ്ങളിലേക്ക് പോയ ശേഷം മടങ്ങിയെത്താത്ത നിരവധി സംഭവങ്ങളും അടുത്തകാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |