തിരുവനന്തപുരം: ഹൈസ്കൂൾ - ഹയർ സെക്കൻഡറി ലയനം ലക്ഷ്യമിടുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചതോടെ, തസ്തികകളിലും യോഗ്യതകളിലുമുണ്ടാകുന്ന മാറ്റം അദ്ധ്യാപക നിയമനത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഉദ്യോഗാർത്ഥികൾ.
പ്രീ-പ്രൈമറി, ലോവർ പ്രൈമറി തലങ്ങളിൽ അദ്ധ്യാപകർക്ക് കുറഞ്ഞ യോഗ്യത ബിരുദമായാണ് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളത്. എട്ടുമുതൽ 12 വരെയുള്ള സെക്കൻഡറി തലത്തിൽ ബിരുദാനന്തര ബിരുദം യോഗ്യതയാകും. ഈ അദ്ധ്യാപക തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടിവരും.
കഴിഞ്ഞ മേയിൽ വിരമിച്ച ആയിരക്കണക്കിന് അദ്ധ്യാപകരുടെ ഒഴിവുകളിൽ ഗസ്റ്റ് അദ്ധ്യാപകരാണ് ഇപ്പോൾ ജോലിചെയ്യുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചതോടെ നിയമനങ്ങൾ നിലയ്ക്കുമെന്നും നിലവിലെ റാങ്ക്‌പട്ടികകൾ അസാധുവാകുമെന്നും ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുന്നു.
ഹൈസ്കൂൾ അദ്ധ്യാപക നിയമനത്തിന് റാങ്ക്പട്ടിക നിലവിലുണ്ട്. വിവിധ വിഷയങ്ങളിൽ ഹയർ സെക്കൻഡറി അദ്ധ്യാപക റാങ്ക്പട്ടികകൾ തയ്യാറായി വരികയുമാണ്.
കഴിഞ്ഞവർഷം ആറ് വിഷയങ്ങൾക്കുള്ള ഹൈസ്കൂൾ അദ്ധ്യാപക റാങ്ക്പട്ടികകൾ നിലവിൽ വന്നെങ്കിലും ഇതിൽ നിന്നും രണ്ടായിരത്തിൽ താഴെ നിയമനമാണ് നടന്നത്. ഒഴിവ് കണ്ടെത്തിയിട്ടും റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിന് മുൻപ് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
മാർക്ക് വെട്ടിക്കുറയ്ക്കൽ: കീം സൂചന സമരം ഇന്ന്
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ പ്രവേശനത്തിന് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരുടെ മാർക്ക് വെട്ടിക്കുറച്ചതിനെതിരെ ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇന്ന്കേരള എൻട്രൻസ് കമ്മിഷണറുടെ ഓഫീസിന് മുമ്പിൽ കീം സൂചന സമരം നടത്തും. മാർക്ക് സമീകരണത്തിന്റെ പേരിൽ കീം പ്രവേശന പരീക്ഷയിൽ പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരുടെ 27 മാർക്ക് വെട്ടിക്കുറച്ചപ്പോൾ സി.ബി.എസ്.ഇ സിലബസിലുള്ളവർക്ക് എട്ട് മാർക്ക് കൂടുതൽ നൽകിയത് അനീതിയാണ്. ഇതുമൂലം പൊതുവിദ്യാലയങ്ങളിലുള്ളവർക്ക് ഇഷ്ടപ്പെട്ട എൻജിനിയറിംഗ് കോളേജുകളിൽ പഠിക്കുന്നതിന് അവസരം നിഷേധിക്കപ്പെട്ടു. യോഗ്യത പരീക്ഷയുടെ സ്കോറുകൾ അതേപടി റാങ്ക്ലിസ്റ്റിൽ ഉപയോഗിക്കണമെന്നും പൊതുവിദ്യാഭ്യാസ മേഖലയിലെ കുട്ടികൾക്ക് കീമിൽ ബോണസ് പോയിന്റുകൾ അനുവദിക്കണമെന്നും ഐക്യമലയാള പ്രസ്ഥാനം സെക്രട്ടറി കെ. ഹരിദാസൻ, മലയാള ഐക്യവേദി സെക്രട്ടറി എസ്. രൂപിമ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |