കൊച്ചി: ദുരനുഭവം വിവരിച്ചും നടപടി ആവശ്യപ്പെട്ടും നൽകിയ പരാതികളിൽ പരിഹാരം കാണുന്നതിൽ താരസംഘടനയായ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളിലും പഴുതടച്ച അന്വേഷണമുണ്ടാകണം. അമ്മ നിലപാട് തിരുത്തണം. ശക്തമായ നടപടികളും ഇടപെടലുകളും ഉണ്ടാകണം. ആരോപണ വിധേയർ മാറിനിന്ന് അന്വേഷണം നേരിടണം. തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബാൾ ടീമായ ഫോഴ്‌സ കൊച്ചിയുടെ ടീം പ്രഖ്യാപനത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സൂപ്പർ താരങ്ങളെയുൾപ്പെടെ എങ്ങനെ ബാധിക്കണോ, അങ്ങനെ തന്നെ ബാധിക്കണം. ആരോപണമുണ്ടെങ്കിൽ അന്വേഷണവുമുണ്ടാകണം. കുറ്റകൃത്യം തെളിഞ്ഞാൽ മാതൃകാപരമായ നടപടി സ്വീകരിക്കണം. ആരോപണം കള്ളമാണെന്ന് ബോദ്ധ്യപ്പെട്ടാൽ അതേ ശിക്ഷാനടപടികൾ തിരിച്ചുമുണ്ടാകണം. ആരോപണ വിധേയരുടെ പേരുകൾ പുറത്തുവിടുന്നതിൽ നിയമതടസമില്ല, ഇരകളുടെ വിവരങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. കമ്മിറ്റി റിപ്പോർട്ടിലുള്ള പേരുകൾ പുറത്തുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
'സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. അതുകൊണ്ട് അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാൻ കഴിയില്ല. റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഞെട്ടേണ്ട സാഹചര്യം ഉണ്ടായില്ല. കാരണം ഹേമ കമ്മിറ്റിക്കു മുന്നിൽ ആദ്യം മൊഴിനൽകിയവരിൽ ഒരാളാണ് ഞാൻ." അധികാരത്തിൽ ഇരിക്കുന്നവർക്കു നേരെ ആരോപണമുണ്ടായാൽ മാറിനിൽക്കണമെന്ന് മുകേഷ് എം.എൽ.എയെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജ് മറുപടി നൽകി. സിനിമയിൽ ആരെയും വിലക്കാൻ പാടില്ല. നിലപാട് പറഞ്ഞതിന്റെ പേരിൽ പാർവതിക്കുമുമ്പ് വിലക്ക് നേരിട്ടയാളാണ് താൻ. സംഘടനയിൽ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ആരെയും മാറ്റിനിറുത്തരുതെന്നും പൃഥ്വിരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |