ടോക്കിയോ : ചൈനീസ് ചാരവിമാനം തങ്ങളുടെ വ്യോമാതിർത്തി കടന്നെന്ന ആരോപണവുമായി ജപ്പാൻ രംഗത്ത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11.29ഓടെയായിരുന്നു സംഭവം. നാഗസാക്കി പ്രവിശ്യയിലെ ഡാൻജോ ദ്വീപുകൾക്ക് മുകളിലായാണ് ചൈനയുടെ വൈ - 9 നിരീക്ഷണ വിമാനം പ്രത്യക്ഷപ്പെട്ടത്.
രണ്ട് മിനിറ്റ് വ്യോമാതിർത്തിക്കുള്ളിൽ തുടർന്നു. നുഴഞ്ഞുകയറ്റത്തിന് മുമ്പും ശേഷവും ദ്വീപിന്റെ തെക്കുകിഴക്കായി സമുദ്ര മേഖലയിൽ വിമാനം വട്ടമിട്ട് പറക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ഉച്ചയ്ക്ക് 1.15ഓടെ വിമാനം ചൈനയിലേക്ക് മടങ്ങി.
നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ജപ്പാൻ യുദ്ധ വിമാനങ്ങളെ മേഖലയിലേക്ക് വിന്യസിച്ചു. ചൈനയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ജപ്പാൻ പ്രതികരിച്ചു. ടോക്കിയോയിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി.
മേഖലയിൽ ജപ്പാൻ അടക്കം യു.എസിന്റെ സഖ്യകക്ഷികൾക്കെതിരെ ചൈന പ്രകോപനം സൃഷ്ടിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഒരു രാജ്യത്തിന്റെയും വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നും സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നേരത്തെ, ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്റെ വ്യോമപരിധിയും, കപ്പൽ ഫിലിപ്പീൻസിന്റെ സമുദ്രാതിർത്തിയും ലംഘിച്ച് പ്രകോപനങ്ങൾ സൃഷ്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |