ബംഗളൂരു റോഡിലെ കുഴികളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സർക്കാരുകളെ പരിഹസിച്ചുകൊണ്ടുള്ളതായിരിക്കും മിക്ക വീഡിയോകളും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നുള്ളതാണ് വീഡിയോ. യമരാജനും ആത്മാക്കളുമൊക്കെയാണ് ഈ വീഡിയോയിലുള്ളത്.
'യമരാജൻ' ലോംഗ്ജമ്പ് മത്സരം നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ടുള്ളതാണ് വീഡിയോ. റോഡിൽ നിറയെ കുഴികൾ കാണാം. മരണപ്പെട്ടവർ ഈ കുഴി ചാടിക്കടക്കുകയാണ്. ആരൊക്കെയാണ് നന്നായി ചാടുന്നതെന്ന് യമരാജൻ വീക്ഷിക്കുന്നു. ഓരോരുത്തർ ചാടുമ്പോഴും യമരാജൻ കുഴി അളക്കുന്നത് കാണാം. ഉഡുപ്പിയിലെ പ്രശസ്തമായ മാൽപെ ബീച്ചുമായി ബന്ധിപ്പിക്കുന്ന ആദി ഉഡുപ്പിമാൽപെ റോഡിൽ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തത്.
റോഡിലെ കുഴികൾ മൂലം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിച്ചത്. റോഡിലെ കുഴികളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം
നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ ഉയർത്തിക്കാട്ടാൻ ചെളിവെള്ളം നിറഞ്ഞ കുഴിയിൽ ഇരുന്നുകൊണ്ട് ഹൈദരാബാദിലെ ഒരു സ്ത്രീ നടത്തിയ പ്രതിഷേധം നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഈ വർഷം ആദ്യമായിരുന്നു വീഡിയോ പുറത്തുവന്നത്. കുഴികളിൽ വീണ് തന്റെ മക്കൾക്ക് പരിക്കേറ്റെന്നും നാഗോൾ മുതൽ ഉപ്പൽ വരെയുള്ള ഭാഗത്ത് 30 ഓളം കുഴികളുണ്ടെന്നും അവർ പറഞ്ഞിരുന്നു. നമ്മുടെ റോഡ് ടാക്‌സും മുൻസിപ്പൽ ടാക്‌സുമൊക്കെ എങ്ങോട്ടാണ് പോകുന്നതെന്നും ഈ സ്ത്രീ ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |