പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ വക സുഭാഷ് ചന്ദ്രബോസ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ മയക്കുമരുന്ന് വിൽപ്പനക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും തമ്പടിക്കുന്നത് സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു.
ഏറെനാളുകളായി മയക്കുമരുന്ന് സംഘങ്ങൾ ഇവിടം കേന്ദ്രീകരിച്ച് രാത്രിയും പകലെന്നുമില്ലാതെ മയക്കുമരുന്ന് വിൽപ്പന നടത്തുകയാണ്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സൗകര്യങ്ങളും മാഫിയ സംഘങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. മുമ്പ് മയക്കുമരുന്ന് സംഘങ്ങളുടെ ശല്യം ഏറിയപ്പോൾ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ ഇടപെടുകയും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ തുരത്തുകയും ചെയ്തിരുന്നു. അന്ന് മുഴുവൻ സമയവും തുറന്നുകിടക്കുകയായിരുന്നു സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ. പരാതിയെ തുടർന്ന് പുറകുവശത്തെ ഗേറ്റ് അടുത്തിടെ വരെ പൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ഗേറ്റുകളും മയക്കുമരുന്നു മാഫിയക്ക് വിഹരിക്കുവാൻ തുറന്നിട്ട അവസ്ഥയിലാണ്. 24 മണിക്കൂറും ഈ ഗേറ്റുകൾ തുറന്നുകിടക്കുന്നതിനാൽ മയക്കുമരുന്ന് സംഘങ്ങൾക്ക് ഏതു സമയത്തും സുഭാഷ് മൈതാനിയിൽ പ്രവേശിച്ച് സ്വൈരവിഹാരം നടത്താൻ കഴിയുന്നു.
സ്റ്റേഡിയത്തിന്റെ പുറകുവശത്ത് സിറിഞ്ചുകളും മയക്കുമരുന്നുകളുടെ ഒഴിഞ്ഞ ഡപ്പികളും കുന്നുകൂടി കിടക്കുകയാണ്. മയക്കുമരുന്ന് മൈതാനത്ത് പല ഭാഗങ്ങളിലായി കുഴിച്ചിട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. മയക്ക് മരുന്ന് സംഘങ്ങളുടെ താവളമായി മാറിയ മുൻസിപ്പൽ സ്റ്റേഡിയത്തിന് പുറകുവശത്തോട് ചേർന്ന് പെൺകുട്ടികൾ മാത്രം പഠിക്കുന്ന പെരുമ്പാവൂരിലെ പ്രധാന വിദ്യാലയമാണ് സ്ഥിതി ചെയ്യുന്നത്. നിരവധി തവണ സ്കൂൾ അധികൃതർ ഇതു സംബന്ധിച്ച്പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല
മുനിസിപ്പൽ സ്റ്റേഡിയത്തിലെ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം ഇല്ലാതാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണം.
ടി.എം. നസീർ, ജില്ലാ കമ്മറ്റി അംഗം, ചുമട്ടുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |