ചേർത്തല: കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ 3 കിലോ കഞ്ചാവുമായി കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിലായി.ഹരിപ്പാട് കുമാരപുരം പീടികയിൽ ടോം (29),വീയപുരം ചെറുതന മംഗലത്ത് വീട് അഭിജിത്ത് (35)എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് , എറണാകുളത്ത് നിന്നും കായംകുളത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ ദേശീയപാതയിൽ ചേർത്തല എസ്.എൻ.കോളേജിന് മുൻ വശം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡിഷയിൽ നിന്ന് നേരിട്ട് കഞ്ചാവ് ശേഖരിച്ച് എറണാകുളം,ആലപ്പുഴ ജില്ലകളിൽ വിൽപ്പന നടത്തിയിരുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും,മാരാരിക്കുളം പൊലിസും ചേർന്നാണ് പരിശോധന നടത്തിയത്.കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ടോം. കഞ്ചാവ് കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അഭിജിത്തെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ സി.ഐ. എ.വി. ബിജു,എസ്.ഐ.അജിത്ത്,ഗ്രേഡ് എസ്.ഐ.ജോസ്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജഗദീഷ്,ബോണി പയസ്,സി.പി.ഒ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |