കുലം മുടിയുന്ന കായിക കേരളം
ഒരു കാലത്ത് ഇന്ത്യൻ കായികവേദിയുടെ പതാകാവാഹകരായിരുന്നു മലയാളി താരങ്ങൾ. അത്‌ലറ്റിക്സിലും ഫുട്ബാളിലും വോളിബാളിലുമൊക്കെ മലയാളി താരങ്ങളാൽ സമ്പന്നമായിരുന്നു ഇന്ത്യൻ ക്യാമ്പുകൾ. പി.ടി ഉഷയും ഷൈനി വിൽസണുമൊക്കെ മിന്നിത്തിളങ്ങിയ കാലത്തിന് ശേഷം ഒളിമ്പിക്സിന് ഒരു മലയാളി വനിതാതാരവുമില്ലാത്ത സ്ഥിതിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. പെറുവിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 43പേരിൽ രണ്ടേരണ്ട് മലയാളികളാണുള്ളത്.
കേരളത്തിന്റെ കായിക രംഗത്തിന് എവിടെയാണ് അടിതെറ്റിയത്, ആരാണ് അതിന് കാരണക്കാർ?...ദേശീയ കായിക ദിനത്തിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന പരമ്പര ആരംഭിക്കുന്നു ; 'കുലം മുടിയുന്ന കായിക കേരളം ".
പരമ്പര ഭാഗം 1
അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുത്
ഇന്ന് ദേശീയ കായിക ദിനമാണ് ; ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ജന്മദിനം. തിരുവനന്തപുരം നഗരത്തിലൂടെയൊന്നു കണ്ണോടിക്കുമ്പോൾ ഇപ്പോഴും പലയിടത്തും ഫ്ളക്സ് ബോർഡുകൾ കാണാം; പാരീസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമംഗം പി.ആർ ശ്രീജേഷിന് ആഗസ്റ്റ് 26ന് നൽകുന്ന സ്വീകരണത്തിന്റെ ഫ്ളക്സ് ബോർഡുകൾ. കേരളത്തിലെ ഓരോ കായിക പ്രേമിയും നെഞ്ചോടുചേർത്ത് ആഘോഷമാക്കേണ്ടിയിരുന്ന ആ ചടങ്ങ് പക്ഷേ നടന്നില്ല. ഇനിയെന്ന് നടക്കുമെന്ന് അറിയിച്ചിട്ടുമില്ല. അതിന് കാരണം ആരാണ് സ്വീകരണം നൽകേണ്ടതെന്നതിനെച്ചൊല്ലി രണ്ട് മന്ത്രിമാർ നടത്തിയ ചക്കളത്തിപ്പോരായിരുന്നു. ഇതൊന്നുമറിയാതെ സർക്കാരിന്റെ സ്വീകരണമേറ്റുവാങ്ങാൻ അച്ഛനേയും അമ്മയേയും ഭാര്യയേയുമൊക്കെ കൂട്ടി തിരുവനന്തപുരത്തുവന്ന ശ്രീജേഷ് ഒരു വാക്കുകൊണ്ടുപോലും തന്റെ സങ്കടവും പ്രതിഷേധവുമറിയിക്കാതെ മടങ്ങി.
കായിക കേരളത്തിന് ഏറ്റവും അപമാനകരമായ സംഭവമാണ് തിരുവനന്തപുരത്ത് അരങ്ങേറിയത്.എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയശേഷമാണ് പരിപാടി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യം ശ്രീജേഷിനെ കൃത്യമായി അറിയിക്കുവാനുള്ള മര്യാദയെങ്കിലും കാട്ടേണ്ടതായിരുന്നു. തലസ്ഥാനത്ത് നടന്ന പുകിലുകൾ അറിയാതെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറിയ ശ്രീജേഷിനെ വിളിച്ചുവരുത്തി അപമാനിക്കുന്നതുപോലെയായി കാര്യങ്ങൾ. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായതിനാൽ ശ്രീജേഷിന് സ്വീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പാണ് മുൻകൈ എടുത്തത്. കേരള ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ പരിപാടികൾ ആസൂത്രണം ചെയ്തപ്പോൾതന്നെ കായികവകുപ്പിന് മുറുമുറുപ്പ് തുടങ്ങിയിരുന്നു. സ്പോർട്സ് വകുപ്പോ, സ്പോർട്സ് കൗൺസിലിലെ ജീവനക്കാരോ പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് കായിക മന്ത്രിയുടെ ഓഫീസിൽ നിന്ന് അനൗദ്യോഗിക നിർദ്ദേശമെത്തിയപ്പോൾ പലരും അമ്പരന്നു. അവിടം കൊണ്ടും തീരാതിരുന്ന മൂപ്പിളമ തർക്കം മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തിയിട്ടും പരിഹരിക്കാൻ കഴിയാഞ്ഞതോടെയാണ് പരിപാടിതന്നെ മാറ്റിവച്ചത്. ഒടുവിൽ കായികമന്ത്രിയുടെ പിടിവാശി ജയിച്ചു. സ്വീകരണം നൽകാൻ വാശികാണിച്ച മന്ത്രിമാരാരും ശ്രീജേഷ് പാരീസിൽ നിന്ന് മെഡലുമായി വന്നപ്പോൾ വിമാനത്താവളത്തിലേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ സ്വർണമെഡലുമായി വന്നപ്പോൾ ഒരു പഞ്ചായത്ത് മെമ്പർപോലും കാണാനെത്തിയില്ലെന്ന് ശ്രീജേഷിന് പരസ്യമായി പറയേണ്ടിയും വന്നിരുന്നു.
പരിപാടി മാറ്റാൻ പറഞ്ഞ കാരണമാണ് ഏറ്റവും പരിഹാസ്യമായത്; ആഗസ്റ്റ് 26ന് അഷ്ടമി രോഹിണി ശോഭായാത്രയുള്ളതിനാൽ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചത്രേ. ശ്രീജേഷിന് സ്വീകരണം നൽകാൻ തീരുമാനിക്കാൻ കലണ്ടർ നോക്കിയപ്പോൾ അഷ്ടമി രോഹിണിയാണെന്നത് കണ്ടില്ലേ ?. അതും പോട്ടെ ശ്രീജേഷിന്റെ സ്വീകരണ ഘോഷയാത്ര ഉച്ചയ്ക്ക് പാളയത്തുനിന്ന് ജിമ്മിജോർജ് സ്റ്റേഡിയത്തിലേക്കാണ് നിശ്ചയിച്ചിരുന്നത്. ശോഭായാത്ര വൈകിട്ട് പാളയത്തുനിന്ന് നേർവിപരീത ദിശയിൽ കിഴക്കേകോട്ടയിലേക്കും. വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ സ്ഥിരം ഘോഷയാത്രകൾക്കും സമരയാത്രകൾക്കും വഴിയൊരുക്കുന്ന പൊലീസിന് ഇതെങ്ങനെ വലിയ ജോലിയാകും?.
സ്പോർട്സുകാരനല്ലേ, ഇത്രയൊക്കെ മതിയെന്ന മനോഭാവമാണ് ഈ നാണക്കേടിന് വഴിയൊരുക്കിയതെന്ന് നിസംശയം പറയാം. ഇന്ത്യൻ ഹോക്കിയിൽ ശ്രീജേഷിന്റെ സ്ഥാനമെന്തെന്ന് അറിയുന്നവർ പൊറുക്കില്ല ഈ അപമാനം. രണ്ടേ രണ്ട് മലയാളികളേ ഒളിമ്പിക് മെഡലിൽ മുത്തമിട്ടിട്ടുള്ളൂ,രണ്ടുപേരും ഹോക്കി താരങ്ങൾ.1972ൽ മാനുവൽ ഫ്രെഡറിക്സും 2021ലും 2024ലും ശ്രീജേഷും. രണ്ട് ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കിയ ഏക മലയാളിയാണ് ശ്രീ. ആ താരത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്. മറ്റ് സംസ്ഥാനങ്ങളിലെ ഒളിമ്പിക് മെഡൽ ജേതാക്കൾക്ക് ലഭിക്കുന്ന സ്വീകരണത്തിന്റേയും പാരിതോഷികങ്ങളുടെയും വാർത്തകൾ കാണുമ്പോഴാണ് നമ്മൾ ചെയ്തതിന്റെ നാണക്കേട് മനസിലാവുക. ഈ സമീപനം കൊണ്ടുതന്നെയാണ് കായിക രംഗത്ത് കേരളം പിന്നോട്ടുപോയതും.
ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മാറ്റിവച്ചതോടെ സങ്കടത്തിലായ മറ്റൊരുകൂട്ടം കായിക താരങ്ങളുണ്ട്; 2018 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരങ്ങൾ. ഇവർക്കുള്ള സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങിൽ വച്ച് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ആറു വർഷം മുമ്പ് ലഭിക്കേണ്ട ഉത്തരവ് ഇനിയെന്ന് കിട്ടുമെന്ന് ഇവർക്കുമറിയില്ല. ഈ ജോലിക്ക് വേണ്ടി ഇവർ സെക്രട്ടറിയേറ്റിൽ കയറിയിറങ്ങിയതിന്റെ കഥകൾ മറ്റൊരു കദനമാണ്. അതേപ്പറ്റി നാളെ...
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |