പുതുമയുള്ള കണ്ടന്റുകൾ കണികണ്ടുകൊണ്ടാണ് ഓരോ വ്ലോഗർമാരും ഉണരുന്നതെന്നു പറഞ്ഞാൽ തെറ്റില്ല. അതിനെ അക്ഷാരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണ് ഓരോ സംഭവങ്ങളും. ഓടുന്ന ബസ് തടഞ്ഞു നിറുത്തുക, ട്രെയിനിൽ നിന്ന് ചാടിയിറങ്ങുക, വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുക എന്നിവയൊക്കെ റീൽ ലോകത്തെ തന്നെ പഴഞ്ചൻ ട്രെൻഡുകളായി മാറിയത്രേ. പിടിച്ചുനിൽക്കണമെങ്കിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തണം. എങ്കിൽ മാത്രമേ നിലനിൽക്കാനാവൂ. കാലം മാറുന്നതിനനുസരിച്ച് കോലം മാറണമെന്ന് പറയുന്നതുപോലെ, കാലം മാറുമ്പോൾ ട്രെൻഡും മാറണം. അല്ലെങ്കിൽ റീലന്മാരുടെ ഭാഷയിലെ 'തന്ത വൈബ്" ആയി മാറും! ഇത് അക്ഷാരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണ് ഓരോ സംഭവങ്ങളും.
കഴിഞ്ഞ ദിവസം ഹൈദരാബാദിലുണ്ടായ റീൽ വീഡിയോ ഇത്തരത്തിലുള്ള പുതിയ ട്രെൻഡിന്റെ ഉത്തമ ഉദാഹരണമാണ്. ഹൈദരബാദിലെ തന്നെ അത്യാവശ്യം തിരക്കുള്ള റോഡിലേക്കെത്തുന്ന വ്ലാേഗർ. ചുറ്റുപാടൊക്കെ നിരീക്ഷിച്ച ശേഷം തന്റെ കയ്യിലുണ്ടായിരുന്ന നോട്ടുകെട്ടുകൾ മുകളിലേക്ക് ഉയർത്തി എറിയുന്നു. എന്നിട്ട് 'സ്ലോ മോഷനിൽ" ക്യാമറയിലേക്കു നോക്കി പുഞ്ചിരിച്ച് മുന്നോട്ട് നടന്നു പോകുന്നു. ഞൊടിയിടയിൽത്തന്നെ നോട്ടുകൾ പെറുക്കിയെടുക്കാനായി വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഓടിയെത്തുന്നു. ചിലർ പിടിവലി കൂടുന്നു. പ്രദേശത്ത് വാഹനക്കുരുക്കും രൂപപ്പെടുന്നു. ഇത്രയും സംഭവം ചിത്രീകരിച്ച് വീഡിയോ പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നു. വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. സംഭവം വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കി. നിരവധി പേർ കമന്റുകളിലൂടെ അഭിപ്രായം പങ്കുവച്ചു. വിവാദമായതോടെ പ്രശ്നത്തിൽ പൊലീസ് ഇടപെടലുണ്ടായി. ഇതോടെ ഹൈദരബാദ് സ്വദേശിയും യൂട്യൂബ്, ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ ഹർഷ എന്നയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.
തൊട്ടടുത്ത ദിവസം മറ്റൊരു സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. നിരവധി വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന റോഡിലേക്ക് അശ്രദ്ധമായി നൃത്തം ചെയ്തുകൊണ്ട് ഇറങ്ങുന്ന യുവതി! ചുറ്റുപാടും ശ്രദ്ധിക്കാതെ റോഡിന്റെ മദ്ധ്യത്തിൽ നിന്ന് നൃത്തം ചെയ്യുമ്പോഴും ഇവരെ കടന്നു പോകുന്നത് നിരവധി വാഹനങ്ങളാണ്. ഈ വീഡിയോയും കണ്ടത് പത്തുലക്ഷത്തിലധികം ആളുകളാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് ഇതിലും കേസെടുത്തിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലെ മത്സരങ്ങൾ സജീവമായതോടെ ജീവൻപോലും പണയംവച്ചാണ് പലരും വീഡിയോകൾ ചിത്രീകരിക്കുന്നത്. ഇവയിൽ ചുരുക്കം ചില വീഡിയോ ദൃശ്യങ്ങളേ പുറംലോകം കാണുന്നുള്ളൂ എന്നതാണ് സത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |