തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് നിരവധി പുരുഷ താരങ്ങൾക്കെതിരെ നടിമാരും ജൂനിയർ ആർട്ടിസ്‌റ്റുകളും അടക്കം പീഡനപരാതി ഉന്നയിച്ചിരുന്നു. പരാതികളിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇതാദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗമായിരുന്ന നടി ശാരദ. ഹേമ കമ്മിറ്റി റിപ്പോർട്ട് വിട്ട് എല്ലാവരും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കണമെന്ന് ശാരദ ഒരു സ്വകാര്യ ചാനലിനോട് നടത്തിയ പ്രതികരണത്തിൽ ആവശ്യപ്പെട്ടു.
സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു. തന്റെ കാലത്ത് അഭിമാനത്തെ കരുതിയും ഭയം കാരണവും സ്‌ത്രീകൾ തുറന്നുപറഞ്ഞിരുന്നില്ല. എന്നാൽ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്‌ക്ക് കാര്യങ്ങൾ തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്ന് ശാരദ പറഞ്ഞു.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ ആണെന്നും നടി പറഞ്ഞു. അഞ്ചാറ് വർഷം മുൻപെ കമ്മിറ്റിയ്‌ക്കായി റിപ്പോർട്ടിൽ എഴുതിയ കാര്യങ്ങളെക്കുറിച്ച് ഓർമ്മയില്ല. ഹേമാ മാഡം വളരെനല്ല ആളാണ്. അവരോട് ചോദിച്ചാൽ വിവരം തരുമെന്നും ശാരദ പറഞ്ഞു.
2017 നവംബർ 16നാണ് ജസ്‌റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റി സർക്കാർ രൂപീകരിച്ചത്. 233 പേജുള്ള റിപ്പോർട്ട് പുറത്തുവന്നതിൽ ചില പേജുകളിലെ ഭാഗങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം നടിയെ പീഡിപ്പിച്ച കേസന്വേഷിക്കുന്ന പ്രത്യേകസംഘം താരസംഘടനയായ 'അമ്മ'യുടെ കൊച്ചി ഓഫീസിലും ഏതാനും ഫ്ളാറ്റുകളിലും തെളിവെടുപ്പ് പൂർത്തിയാക്കി. ഇന്നലെ രാവിലെ 10.30നായിരുന്നു അമ്മ ഓഫീസിലെ പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരായ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് സൂചന. ഇവർ ഭാരവാഹികളായിരുന്നപ്പോഴുള്ള രേഖകളും ശേഖരിച്ചു. ശനിയാഴ്ച രാത്രിയിലും അമ്മ ഓഫീസിൽ പരിശോധന നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |