കോഴിക്കോട്: മഹാദുരന്തത്തോടെ മന്ദഗതിയിലായ ടൂറിസം മേഖലയെ ഉണർത്താൻ കെ.എസ്.ആർ.ടി.സിയും. ആധുനിക സൗകര്യങ്ങളോട് കൂടിയ 24 ബസുകളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓടാൻ സജ്ജമാക്കിയത്. ആദ്യഘട്ടത്തിൽ മൂന്ന് ബസുകൾ മൂന്നാർ,കൊട്ടാരക്കര,വെഞ്ഞാറമ്മൂട് എന്നിവിടങ്ങളിൽ സർവീസ് ആരംഭിച്ചു.
ബജറ്റ് ടൂർ പദ്ധതി ഹിറ്റായതിനാലാണ് വിനോദയാത്രകൾക്ക് മാത്രമായി കെ.എസ്.ആർ.ടി സിയുടെ പഴയ ബസുകൾ നവീകരിച്ച് ഡീലക്‌സ് എയർ ബസുകളാക്കി നിരത്തിലിറക്കിയത്. പുഷ് ബാക്ക് സീറ്റ്,ചാർജിംഗ് പോയിന്റുകൾ,എയർ സസ്‌പെൻഷൻ തുടങ്ങിയവയാണ് ബസിനുള്ളിൽ യാത്രക്കാർക്കായി സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം, മറ്റ് 21 ബസുകളും ഉടനിറക്കും. നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകളാണ് വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നത്. വിനോദ യാത്രകൾക്ക് മാത്രമായി ബസുകളെത്തുമ്പോൾ പല പാക്കേജുകളിലും സീറ്റ് കിട്ടാത്ത യാത്രക്കാരുടെ പരാതികൾക്ക് അറുതിയാകും.
12000 പാക്കേജുകൾ
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നുമായി 12000 പാക്കേജുകളാണ് ബജറ്റ് ടൂറിസം സെൽ നടത്തുന്നത്. ഇതിനോടകം 7 ലക്ഷം യാത്രക്കാർ ഭാഗമായി. ഓരോ ദിവസവും പാക്കേജുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ കേരളത്തിന് പുറത്തേക്കും സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. 2021 നവംബറിൽ ആരംഭിച്ച ടൂർ പാക്കേജുകൾക്ക് വൻ സ്വീകാര്യതയാണുള്ളത്. കഴിഞ്ഞ ജൂൺ വരെ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് 43 കോടിയുടെ വരുമാനമാണ്. അതേസമയം, ഇക്കഴിഞ്ഞ വേനലവധിയിൽ മാത്രം 4 കോടിയുടെ വരുമാനമുണ്ടായി.
ഓണത്തിന് കൂടുതൽ സർവീസുകൾ
ഓണം പ്രമാണിച്ച് 150 ഓളം സർവീസുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുള്ളത്. ഓരോ ഡിപ്പോകളിൽ നിന്ന് ഇരുപതോളം യാത്രകളാണ് സംഘടിപ്പിക്കുന്നത്. എല്ലാ ഡിപ്പോകളിൽ നിന്നും വയനാട്ടിലേക്കും ട്രിപ്പുകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |