SignIn
Kerala Kaumudi Online
Tuesday, 03 September 2024 12.51 PM IST

'സാമൂഹ്യമാറ്റത്തിന്റെ ശക്തിയാണ് 'ലഖ്പതി ദീദി'മാർ; സ്റ്റാർട്ടപ്പുകൾ മുതൽ ബഹിരാകാശംവരെ, നമ്മുടെ സഹോദരിമാർ വ്യക്തിമുദ്ര പതിപ്പിച്ചു''

Increase Font Size Decrease Font Size Print Page
modi

പ്രിയ സോദരിമാരേ, ഒരു സ്ത്രീയുടെയും കണ്ണുനീരുതിരാന്‍ പാടില്ല എന്നതു നമ്മുടെ പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണ്. ഏവരുടെയും മുഖത്തു പുഞ്ചിരി വേണമെന്നും ആരും നിസ്സഹായരാകരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനാലാണ് അദ്ദേഹം 'ലഖ്പതി ദീദി' യജ്ഞം ആരംഭിച്ചത്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഒരുകോടിയിലധികം സഹോദരിമാരുണ്ട്; കഴിഞ്ഞ 100 ദിവസത്തിനിടെ അത്തരം 11 ലക്ഷം സ്ത്രീകള്‍ 'ലഖ്പതി ദീദി'കളായി.

നമ്മുടെ ഗവൺമെന്റ് ഈ യജ്ഞത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നു. ഈ യജ്ഞത്തില്‍ സ്ത്രീകള്‍ തുടര്‍ച്ചയായി പങ്കുചേരുകയാണ്; വിശേഷിച്ചും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും. മാത്രമല്ല, സ്വയംസഹായസംഘങ്ങളിലൂടെ രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ അവര്‍ പങ്കാളികളാകുകയും ചെയ്യുന്നു. മൂന്നു കോടി സ്ത്രീകള്‍കൂടി ഉടന്‍ 'ലഖ്പതി ദീദികളാ'കുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ സ്ത്രീകള്‍ പുരോഗതി പ്രാപിക്കണം; അഭിവൃദ്ധിപ്പെടണം; വിജയിക്കണം; വിജയത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിക്കണം. കഴിഞ്ഞ 10 വര്‍ഷമായി സ്ത്രീക്ഷേമത്തിനായി ഗവൺമെന്റ് നിരന്തരം പ്രവര്‍ത്തിക്കുകയും അഭൂതപൂര്‍വമായ പുരോഗതി കൈവരിക്കുകയും ചെയ്തു. നമ്മുടെ രാജ്യം സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കിയിട്ടുണ്ട്.

സമൂഹത്തിന്റെയും രാജ്യത്തിന്റെയും കേന്ദ്രബിന്ദുവാണ് വനിതകള്‍. അവരാണു നമ്മുടെ ശ്രേഷ്ഠവും സമൃദ്ധവുമായ ഭാവിയുടെ അടിത്തറ. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും സ്ത്രീകളുടെ പ്രാധാന്യം പരാമര്‍ശിക്കുന്നുണ്ട്. സ്ത്രീകളെ ശാക്തീകരിക്കാതെ, സമ്പന്നമായ രാഷ്ട്രം നമുക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല. സ്ത്രീശാക്തീകരണവും സ്ത്രീകളുടെ മൊത്തത്തിലുള്ള ഉന്നമനവും രാജ്യം ലക്ഷ്യമിട്ടതിന്റെ ഫലമാണു 'ലഖ്പതി ദീദി'.


സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടാല്‍ കുടുംബം ശാക്തീകരിക്കപ്പെടും; കുടുംബം ശാക്തീകരിക്കപ്പെട്ടാല്‍ സമൂഹം ശാക്തീകരിക്കപ്പെടും; സമൂഹം ശാക്തീകരിക്കപ്പെടുമ്പോള്‍ സംസ്ഥാനവും രാജ്യവും ശാക്തീകരിക്കപ്പെടും. 'ലഖ്പതി ദീദി' യജ്ഞത്തിലൂടെ തലമുറകള്‍ അഭിവൃദ്ധി പ്രാപിക്കുകയും ശാക്തീകരിക്കപ്പെടുകയും ചെയ്യുന്നു. അതിനാലാണു സ്ത്രീശാക്തീകരണത്തിനായി 2500 കോടി രൂപ റിവോള്‍വിങ് ഫണ്ടായി സ്വയംസഹായസംഘങ്ങളുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചത്; നമ്മുടെ സഹോദരിമാര്‍ക്കു വേഗത്തില്‍ 'ലഖ്പതി ദീദികളാ'കാന്‍ 5000 കോടി രൂപയുടെ ബാങ്ക് വായ്പ നല്‍കിയത്.
''ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍, ഇന്ത്യയിലെ ഓരോ സ്ത്രീയും സാമ്പത്തികമായി അഭിവൃദ്ധിപ്പെടണം.

അതുകൊണ്ടാണ് നമ്മുടെ ഗവൺമെന്റ് സ്ത്രീകളുടെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സാദ്ധ്യമായ എല്ലാ ദിശകളിലും പ്രവര്‍ത്തിക്കുന്നത്. ബാങ്ക് സഖി, കൃഷിസഖി, പശുസഖി, നമോ ഡ്രോണ്‍ ദീദി എന്നിവ ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുന്നു. സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളില്‍ സ്വയംതൊഴിലിനും ശാക്തീകരണത്തിനു പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതും ആ ദിശയില്‍ സ്വീകരിച്ച ചില സുപ്രധാന നടപടികളാണ്. ആ ദിശയില്‍ പുരോഗതി കൈവരിക്കാനുള്ള ഗവൺമെന്റിന്റെ ആശയവും അവ പ്രതിഫലിപ്പിക്കുന്നു. ഇന്ന്, നമ്മുടെ 'ലഖ്പതി ദീദി' കൃഷിയിലും കാര്‍ഷികേതര തൊഴിലുകളിലും കുടില്‍ വ്യവസായങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു. കൂടാതെ പോഷകാഹാരം, ശുചിത്വയജ്ഞങ്ങള്‍, ഗതാഗതം, വ്യവസായം എന്നിവയുമായി സഹകരിച്ച് അവര്‍ ശാക്തീകരിക്കപ്പെടുന്നു'' - നമ്മുടെ പ്രധാനമന്ത്രി പറയുന്നത് ഇങ്ങനെയാണ്.


ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നരേന്ദ്ര മോദി നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും സമഗ്രവികസനത്തിനായി 'നാരി ഗൗരവ് നീതി' എന്ന പദ്ധതി കൊണ്ടുവന്നിരുന്നു. നമ്മുടെ സഹോദരിമാര്‍ സ്വതന്ത്രരും സ്വയംപര്യാപ്തരും ശക്തരും സാമ്പത്തികമായി മെച്ചപ്പെട്ടവരുമായി മാറുന്നുവെന്ന് ഉറപ്പാക്കാന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി. ദുര്‍ബലരല്ല; ശക്തരാണെന്നു തെളിയിക്കുകയാണ് ഇന്നു നമ്മുടെ സോദരിമാര്‍. അവര്‍ ഭാരമല്ല; അനുഗ്രഹമാണ്. ഇന്ന്, ഏകദേശം 10 കോടി സഹോദരിമാര്‍ രാജ്യത്തുടനീളമുള്ള 92 ലക്ഷം സ്വയംസഹായസംഘങ്ങളു മായി ബന്ധപ്പെട്ടിരിക്കുന്നു. സ്വയംസഹായസംഘങ്ങളിലൂടെ, നമ്മുടെ സഹോദരിമാര്‍ അവരുടെ സ്വന്തം ജീവിതത്തെ ക്രിയാത്മകമായി പരിവര്‍ത്തനം ചെയ്യുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.


നമ്മുടെ സഹോദരിമാരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ എന്‍ഡിഎ ഗവൺമെന്റ് നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ', 'സുകന്യ സമൃദ്ധി' തുടങ്ങിയ യജ്ഞങ്ങളിലൂടെ നമ്മുടെ രാജ്യത്തെ സ്ത്രീ-പുരുഷ അനുപാതത്തില്‍ കാര്യമായ പുരോഗതിയും വിപ്ലവകരമായ മാറ്റവും ഉണ്ടായി. 'ഉജ്വല യോജന'യിലൂടെ 10 കോടിയിലധികം സഹോദരിമാരെ പുകകൊണ്ടു നിറഞ്ഞ അടുക്കളകളില്‍നിന്നു മോചിപ്പിച്ചു. ഇന്ന്, പിഎം മുദ്ര യോജനയിലൂടെയും ജന്‍ ധന്‍ യോജനയിലൂടെയും ഈ സന്തോഷം കോടിക്കണക്കിനു സഹോദരിമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടെത്തുകയാണ്. ജല്‍ ജീവന്‍ ദൗത്യം പോലുള്ള അഭൂതപൂര്‍വമായ പരിശ്രമങ്ങളുടെ ഫലമായി ഗ്രാമപ്രദേശങ്ങളില്‍ പോലും, നമ്മുടെ സഹോദരിമാര്‍ക്കു ടാപ്പുകളിലൂടെ ശുദ്ധജലം ലഭിക്കുന്നു. സുരക്ഷിതവും സംശുദ്ധവുമായ ജലം അവര്‍ക്കു സുഗമമായി ലഭിക്കുന്നു. പ്രസവാവധി കാലയളവു നീട്ടാനുള്ള തീരുമാനവും അഭൂതപൂര്‍വമാണ്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അതിന്റെ ഗുണം നേരിട്ട് ലഭിക്കുന്നു.


നമ്മുടെ പെണ്‍മക്കള്‍ക്കായി സൈനിക വിദ്യാലയങ്ങളുടെ വാതിലുകള്‍ തുറന്നിട്ടതിനാല്‍, സൈന്യത്തില്‍ വനിതാപ്രാതിനിധ്യവും വര്‍ദ്ധിക്കുന്നു. മാത്രമല്ല, ഉയര്‍ന്ന തസ്തികകളില്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സൈന്യത്തില്‍ പുതിയ നിയമനങ്ങള്‍ക്കും വാതിലുകള്‍ തുറന്നു. മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ മുസ്ലീം സ്ത്രീകള്‍ക്ക് അവരുടെ വിധി മാറ്റിമറിച്ച പുതിയ അവകാശങ്ങള്‍ ലഭിച്ചു. കായികരംഗത്തുപോലും നമ്മുടെ സ്ത്രീകള്‍ മുന്നേറി; 'ഖേലോ ഇന്ത്യ' പോലുള്ള പരിപാടികളിലൂടെ പുതിയ പ്രതിഭകള്‍ ഉദയം ചെയ്തു. ഒളിമ്പിക്‌സ് പോലുള്ള ആഗോളവേദികളില്‍ നമ്മുടെ വനിതാ കായികതാരങ്ങള്‍ രാഷ്ട്രത്തിന്റെ അഭിമാനമായി.


സ്വതന്ത്ര ഇന്ത്യയുടെ ഈ സുപ്രധാന സുവര്‍ണകാലഘട്ടത്തില്‍ ('ആസാദി കാ അമൃത് കാല്‍') സ്ത്രീകളുടെ ശാക്തീകരണത്തിനും എല്ലാ മേഖലകളിലും അവരുടെ വര്‍ധിച്ച പങ്കാളിത്തത്തിനും രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം ഉറപ്പാക്കുന്നതിനും അവരുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ തെളിവാണു 'നാരീശക്തി വന്ദന്‍ അധിനിയം'.


നമ്മുടെ പെണ്‍മക്കള്‍ ഗംഗ-ഗീത-ഗായത്രിമാരെപ്പോലെയാണ്; സീതയെയും സത്യത്തെയും സാവിത്രിയെയും പോലെയാണ്; ദുര്‍ഗ-ലക്ഷ്മി-സരസ്വതി ദേവതകളെപ്പോലെയാണ്. അവയില്ലാതെ പ്രപഞ്ചത്തിനു പ്രവര്‍ത്തിക്കാനാവില്ല. കുടുംബംമുതല്‍ പഞ്ചായത്തുവരെ, വിദ്യാഭ്യാസംമുതല്‍ സമ്പദ്വ്യവസ്ഥയും സംരംഭവും വരെ, എല്ലാ മേഖലകളിലും 'നാരീശക്തി' വികസനത്തിനു പുതിയ മാനങ്ങള്‍ നല്‍കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍മുതല്‍ ബഹിരാകാശംവരെ ഇന്ത്യന്‍ സ്ത്രീകള്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും അഭിമാനത്തോടെ ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു.


ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ മൂന്നിരട്ടി ആവേശത്തോടെയും ഊര്‍ജത്തോടെയും പ്രവര്‍ത്തിക്കുമെന്നു നമ്മുടെ പ്രധാനമന്ത്രി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പറഞ്ഞിരുന്നു. ഇരട്ടി ഉത്സാഹത്തോടെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ നമ്മുടെ 'ലഖ്പതി ദീദി'കളോടു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇന്ത്യയെ ദാരിദ്ര്യമുക്ത രാഷ്ട്രമാക്കുക എന്നതാണു പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നാം നടത്തും.


നമ്മുടെ പുരാതനഗ്രന്ഥങ്ങളില്‍ ''സ്ത്രീയില്ലാതെ ഏതൊരു യജ്ഞവും അപൂര്‍ണമാണ്'' എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, വികസിത ഭാരതമെന്ന ലക്ഷ്യം സ്ത്രീകളുടെ മൊത്തത്തിലുള്ള ക്ഷേമം, ഉന്നമനം, ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ക്ഷേമത്തിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ 'വികസിത-സ്വയംപര്യാപ്ത' ഇന്ത്യക്കു ദിവ്യപരിവേഷം നല്‍കുന്നു. ഇന്ന്, നമ്മുടെ അമ്മമാരും സഹോദരിമാരും സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും ശക്തരും സ്വയംപര്യാപ്തരുമായി മാറുന്നു. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതു നാമെല്ലാവരും കാണുന്നു. ലോകമെമ്പാടും ഇപ്പോള്‍ പറയുന്നത്, ഇത് ഉദിച്ചുയരുന്ന ഇന്ത്യയുടെയും ഇന്ത്യയുടെ 'നാരീശക്തി'യുടെയും സമയമാണെന്നാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PMMODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.