തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നത് ഗുരുതരമായ ആരോപണങ്ങളെന്നും അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടിയുടെ തന്നെ എംഎൽഎയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന രണ്ട് പ്രധാന കക്ഷികൾ ചേർന്ന് കള്ളക്കടത്തും മയക്കുമരുന്നു കച്ചവടവും കൊലപാതകങ്ങളുടെ ആസൂത്രണവും നടത്തുന്നു, മാഫിയ സംഘങ്ങളെ തീറ്റിപ്പോറ്റുന്നു. എഡിജിപി തന്നെ ഇതിനൊക്കെ നേതൃത്വം നൽകുന്നു. മുഖ്യമന്ത്രിയുടേതടക്കം ഫോൺ ചോർത്തുന്നു. ഇത്രയും ഗുരുതരമായ ആരോപണം ഒരു ഭരണകക്ഷി എംഎൽഎ ഉയർത്തിയിട്ട് അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി തയ്യാറായില്ല.
മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ നടപടിയെടുത്താൽ കസേര തെറിക്കുമെന്ന് അദ്ദേഹത്തിനറിയാം. മുഖ്യമന്ത്രിയുടെ എല്ലാ ദുർനടപ്പുകൾക്കും എല്ലാ അഴിമതികൾക്കും കൃത്യമായ തെളിവുകൾ എഡിജിപി അജിത് കുമാറിന്റെ കൈവശം ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ തൊടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ലാത്തത്. അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായി അർഹതയില്ല. ഇപ്പോൾ നടക്കുന്നത് നാടകം മാത്രമാണ്.
സിപിഎമ്മിന്റെ നേതാക്കളെതന്നെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണ്. ശക്തമായ നടപടിയുണ്ടാവുമെന്ന് ഇന്നലെ ഗോവിന്ദൻ മാഷ് പറഞ്ഞു. മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണനും പറഞ്ഞു. ക്രമസമാധാന ചുമതലയിൽ ഇരുത്തിയിട്ടാണോ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥരെവച്ച് അന്വേഷണം നടത്തുന്നത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്.
എഡിജിപി അജിത് കുമാറിനെതിരായും പി ശശിക്കെതിരായും ഒരന്വേഷണവും നടക്കാൻ പോകുന്നില്ല. മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഗോവിന്ദൻ മാഷ് പാർട്ടി പണി അവസാനിപ്പിച്ച് കാശിയിൽ പോയി ഭജനമിരിക്കുന്നതാണ് നല്ലത്'- കെ സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |