വാഷിംഗ്‌ടൺ: അമേരിക്കയിലെ ടെക്‌സസിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി ഉൾപ്പെടെ നാല് ഇന്ത്യക്കാർ മരിച്ചു. കാർപൂളിംഗ് ആപ്പ് വഴി യാത്ര ചെയ്‌തവരാണ് മരിച്ചവരെല്ലാം. അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാ മദ്ധ്യേയാണ് ദുരന്തം അവരെ തേടിയെത്തിയത്. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് തീപിടിക്കുകയും നാലുപേരുടെയും ശരീരം കത്തിക്കരിഞ്ഞ് പോവുകയുമായിരുന്നു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.
ആര്യൻ രഘുനാഥ് ഒരമ്പട്ടി, ഫാറൂഖ് ഷെയ്‌ക്ക്, ലോകേഷ് പാലച്ചാർള, ദർശിനി വാസുദേവൻ എന്നിവരാണ് മരണപ്പെട്ടത്. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ഒരമ്പട്ടിയും സുഹൃത്ത് ഷെയ്‌ക്കും. ബെന്റൺവില്ലിൽ താമസിക്കുന്ന ഭാര്യയെ കാണാൻ പോകുകയായിരുന്നു ലോകേഷ് പാലച്ചാർള. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ് പൂർത്തിയാക്കി യുഎസിൽ ജോലി ചെയ്തിരുന്ന ദർശിനി വാസുദേവൻ ബെന്റൺവില്ലിലുള്ള തന്റെ അമ്മാവനെ കാണാനായി പോവുകയായിരുന്നു.
കാർപൂളിംഗ് ആപ്പ് വഴി ബുക്ക് ചെയ്‌തതിനാലാണ് ഇവരെ വേഗത്തിൽ തിരിച്ചറിയാൻ സാധിച്ചത്. എന്നാൽ, മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ് എല്ലും പല്ലും മാത്രമായിരുന്നു ബാക്കി. അതിനാൽ, ഇവർ തന്നെയെന്ന് ഉറപ്പുവരുത്താനാണ് ഡിഎൻഎ പരിശോധന നടത്തിയത്. മൂന്ന് ദിവസം മുമ്പ് തന്റെ മകളെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ദർശിനിയുടെ പിതാവ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് ചെയ്‌തുകൊണ്ട് എക്‌സിൽ പോസ്റ്റിട്ടിരുന്നു.
"പ്രിയപ്പെട്ട സർ, ഇന്ത്യൻ പാസ്‌പോർട്ട് നമ്പർ - T6215559 കൈവശമുള്ള എന്റെ മകൾ ദർശിനി വാസുദേവൻ കഴിഞ്ഞ മൂന്ന് വർഷമായി ടെക്‌സസിലാണ് താമസം. രണ്ട് വർഷത്തെ എംഎസ് പഠനത്തിന് ശേഷം ഒരു വർഷമായി അവിടെ ജോലി ചെയ്യുകയാണ്. ഇന്നലെ വൈകുന്നേരം അവൾ കാർപൂളിംഗ് വഴി യാത്ര ചെയ്‌തിരുന്നു. ഏകദേശം മൂന്ന് മണി മുതൽ വൈകുന്നേരം നാല് മണി വരെ അവൾ മെസേജ് അയയ്‌ക്കുകയും പിന്നീട് ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു വിവരവുമില്ല', എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തത്. പക്ഷേ, അദ്ദേഹത്തെ തേടിയെത്തിയത് മകളുടെ മരണവാർത്തയായിരുന്നു.
മാക്‌സ് അഗ്രി ജനറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ഉടമ സുഭാഷ് ചന്ദ്ര റെഡ്ഡിയുടെ മകനാണ് ആര്യൻ രഘുനാഥ് ഒരമ്പട്ടി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിലാണ് ആര്യൻ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്. അടുത്തിടെയാണ് ടെക്‌സസ് യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ചടങ്ങിൽ പങ്കെടുക്കാൻ ആര്യന്റെ മാതാപിതാക്കളും എത്തിയിരുന്നു. രണ്ട് വർഷം കൂടി യുഎസിൽ ജോലി ചെയ്‌ത ശേഷം നാട്ടിലെത്താമെന്നായിരുന്നു അന്ന് മകൻ പറഞ്ഞതെന്നും. പക്ഷേ, വിധി ഇങ്ങനെയായെന്നും ആര്യന്റെ പിതാവ് പറഞ്ഞു.
ഹൈദരാബാദ് സ്വദേശിയാണ് ഫാറൂഖ് ഷെയ്‌ക്കും. തമിഴ്‌നാട് സ്വദേശിനിയായ ദർശിനി ടെക്‌സസിലെ ഫ്രിസ്കോയിലാണ് താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |