കൊൽക്കത്ത: ബംഗാളിലെ പിജി ഡോക്‌ടറുടെ പീഡന കൊലപാതകത്തിൽ സിബിഐയെ രൂക്ഷമായി വിമർശിച്ച് കോടതി. പ്രധാന പ്രതിയായ സഞ്ജയ് റോയിക്ക് ജാമ്യം നൽകട്ടെയെന്ന് സിബിഐയോട് കോടതി ചോദിച്ചു. കേസന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാതിരുന്നതും സിബിഐയുടെ അഭിഭാഷകൻ 40 മിനിട്ട് വൈകിയെത്തിയതുമാണ് കോടതിയെ പ്രകോപിപ്പിച്ചത്. കേസിൽ സിബിഐയുടെ അലസമായ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കൊൽക്കത്ത പൊലീസിൽ നിന്ന് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സഞ്ജയ് റോയിയുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെ സീൽഡാ കോടതി മജിസ്‌ട്രേറ്റ് ആണ് സിബിഐയെ വിമർശിച്ചത്. പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദമുന്നയിക്കുന്നതിനിടെയാണ് പബ്ളിക് പ്രോസിക്യൂട്ടർ എത്താൻ വൈകുമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയ പമേല ഗുപ്‌തയെ അറിയിക്കുന്നത്. തുടർന്നാണ് പ്രതിക്ക് ജാമ്യം നൽകട്ടേയെന്ന് കോടതി ചോദിച്ചത്. കേസിൽ സിബിഐയുടെ മനോഭാവം ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
പബ്ളിക് പ്രോസിക്യൂട്ടർ എത്തിയതിനുശേഷമായിരുന്നു പിന്നീട് വാദം തുടർന്നത്. വാദം കേട്ടശേഷം സഞ്ജയ് റോയിയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവത്തിൽ സിബിഐയെയും ബിജെപിയെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. സിബിഐ കേസ് ഏറ്റെടുത്തിട്ട് 24 ദിവസത്തിലധികമായി. എന്താണ് ഫലമുണ്ടായത്? സിബിഐ കേസ് ഗൗരവതരമായി കാണുന്നില്ല എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ചന്ദ്രിമ ഭട്ടാചാര്യ വിമർശിച്ചു. ബിജെപിക്ക് ശബ്ദം നഷ്ടമായോയെന്നും പാർട്ടി സമൂഹമാദ്ധ്യമത്തിലൂടെ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |