കേരളത്തിലേക്കുള്ള ടോറസ് ലോറികളിൽ നിന്ന് കഞ്ചാവ് പിടികൂടി
മുതലമട: തമിഴ്നാട്ടിൽ നിന്ന് അതിർത്തി പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ അമിതഭാരം കയറ്റി വരുന്ന ടോറസ് ലോറികളിൽ കരിങ്കല്ലിനൊപ്പം കേരളത്തിലേക്ക് ഒഴുകിയെത്തുന്നത് ലഹരിയും. കഴിഞ്ഞദിവസം പൊള്ളാച്ചി, ഉടുമല, കിണത്തുകടവ് പ്രദേശങ്ങളിൽ കേരളത്തിലേക്കുള്ള ടോറസ് ടിപ്പർ ലോറികളിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടികൂടിയിരുന്നു. തമിഴ്നാട് പൊലീസ് ആണ് ലഹരി പിടികൂടിയത്. ടോറസുകൾ രാത്രി കേരളത്തിലേക്ക് കടന്നാൽ ജിയോളജി, റവന്യൂ, പൊലീസ് എന്നിവയുടെ പരിശോധന കാര്യമായി നടക്കാറില്ല. ഗണപതി പാളയം, കിഴവൻ പുതൂർ, വെൽസ്റ്റാം തുടങ്ങിയ ഊടുവഴികളിലൂടെയാണ് ഇത്തരം ലോറികൾ സഞ്ചരിക്കുന്നത്.
ചെക്പോസ്റ്റിലെ പരിശോധന ദുർബലം
ചെക് പോസ്റ്റിലെ പരിശോധന ദുർബലമായതിനാലാണ് കേരളത്തിലേക്കുള്ള ടോറസുകൾ അമിതമായി കരിങ്കല്ല് കയറ്റുന്നത്. ഇതേക്കുറിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കഴിഞ്ഞമാസം
കൊല്ലങ്കോട്, മീനാക്ഷിപുരം പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയ 16 ലോറികൾ പിടികൂടിയിരുന്നു. 30 ടൺ കയറ്റാൻ അനുമതിയുള്ള ഈ ലോറികളിൽ 50 ലധികം ടൺ കരിങ്കല്ലാണ് കയറ്റിയിരുന്നത്. ഇതേതുടർന്ന് ഗോവിന്ദാപുരം, ചെമ്മണാംപതി, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതോടെയാണ് ടോറസുകൾ ഊടുവഴികളിലൂടെ കേരളത്തിലേക്ക് കടന്നു തുടങ്ങിയത്. ഇത്തരം ലോറികളിൽ നിന്നാണ് തമിഴ്‌നാട് പൊലീസ് ലഹരി പിടികൂടിയത്. മിക്കലോറികളും രാത്രിയിലാണ് അതിർത്തി കടക്കുക. അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വ്യാപകമാണെന്നും ആക്ഷേപമുണ്ട്. ലഹരി പിടികൂടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പൊലീസ് അതിർത്തി പ്രദേശങ്ങളിൽ പരിശോധന ഊർജിതമാക്കണമെന്നും മറ്റു വകുപ്പുകളുടെ മൊബൈൽ പരിശോധന സംവിധാനം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അമിതഭാരം കയറ്റിപ്പായുന്ന ടോറസ് ലോറികൾക്കെതിരെ അധികൃതർ ശക്തമായ നടപടിയെടുക്കണം. ഓണക്കാലമായതിനാൽ ഇതുവഴി കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ പരിശോധന ഊർജിതമാക്കണം
കെ.സുഭാഷ് സ്രാമ്പിച്ചള്ള, മുതലമട, പൊതുപ്രവർത്തകൻ.
30 ടൺ ആണ് ടോറസുകളിൽ അനുവദനീയമായ പരമാവധി ഭാരം. എന്നാൽ 60ലധികം ടൺ ഭാരം കയറ്റിയാണ് ടോറസുകൾ ഇതുവഴി പായുന്നത്. മംഗലം ഗോവിന്ദാപുരം റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമിതാണ്.
'കെ.മനോജ് പത്തിചിറ, മുതലമട
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |