കൊച്ചി: കൊച്ചിയിൽ നിന്ന് ഒഡീഷ സ്വദേശിയായ 19കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ നോർത്ത് പൊലീസ് യുവാവിനെയും സുഹൃത്തിനെയും വൈറ്റില ഹബ്ബിൽ നിന്ന് കണ്ടെത്തി ! സേലത്തെ സോപ്പുകമ്പനിയിൽ വിശ്രമമില്ലാത്ത പണിയായതോടെ സ്ഥലംവിടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവച്ചെന്നാണ് വിശദീകരണം. തങ്ങൾക്കുണ്ടായ നഷ്ടമായ 30,000 രൂപ നൽകണമെന്ന് കമ്പനി ജീവനക്കാർ 19കാരന്റെ സഹോദരനെ വിളിച്ച് അറിയിച്ചിരുന്നു.
അഞ്ച് മാസം മുമ്പാണ് 19കാരൻ കൊച്ചിയിൽ എത്തിയത്. നഗരത്തിലെ ഒരു ബാറിൽ ജോലി ചെയ്യുകയായിരുന്നു. സേലത്തെ സോപ്പ് കമ്പനിയിൽ നല്ല ശമ്പളത്തോടെ ജോലി ഒഴിവുണ്ടെന്ന് സുഹൃത്തുവഴി അറിഞ്ഞ് ബാറിലെ കൂട്ടുകാരനെയും കൂട്ടി 13ന് ആരോടും പറയാതെ സ്ഥലംവിട്ടു. സോപ്പ് കമ്പനിയിലെ ജോലി മോശമായാൽ തിരിച്ച് ബാറിലേക്ക് തന്നെ വരാമെന്നായിരുന്നു കണക്കുകൂട്ടൽ. കാലടി ബാറിൽ ജോലി ചെയ്യുന്ന സഹോദരനോട് പോലും സേലത്തെ ജോലിക്കാര്യം പറഞ്ഞിരുന്നില്ല.
14ന് സേലത്തെ സോപ്പ് കമ്പനിയിൽ ജോലിക്ക് കയറി. പണി കഠിനമായതോടെ രാത്രി തന്നെ മുങ്ങാൻ തീരുമാനിച്ചു. ഇതു മനസിലാക്കിയ കമ്പനി ജീവനക്കാർ 19കാരനെയും സുഹൃത്തിനെയും തടഞ്ഞുവച്ചു. ജോലിക്ക് ആളെ കണ്ടെത്താൻ സോപ്പ് കമ്പനി ഏജൻസിക്ക് 30000 രൂപ നൽകിയിരുന്നു. ഇത് നൽകിയാലേ ഇരുവരെയും വിടുകയുള്ളൂവെന്നാണ് 19കാരന്റെ സഹോദരനെ വിളിച്ചറിയിച്ചത്. സുഹൃത്തുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് കരുതിയ സഹോദരൻ 18,000 രൂപ ഗൂഗിൾ പേ വഴി കൈമാറിയ ശേഷം പൊലീസിനെ സമീപിക്കുകയായിരുന്നു. പണം കിട്ടിയ പിറ്റേന്ന് തന്നെ ഇരുവരെയും കമ്പനി വിട്ടയച്ചിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവർ വൈറ്റിലയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും നോർത്ത് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. പിന്നീട് വിട്ടയച്ചതായാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |