ബീജിംഗ് : ചൈനയിൽ 104 ദിവസം വിശ്രമമില്ലാതെ ജോലി ചെയ്‌ത 30കാരന് ദാരുണാന്ത്യം. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്. യുവാവിന്റെ മരണത്തിന് കമ്പനി ഉത്തരവാദിയാണെന്ന് വിധിച്ച കോടതി 4,00,000 യുവാൻ ( 47,46,032 രൂപ) കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
ഫെബ്രുവരി - മേയ് കാലയളവിൽ 104 ദിവസമാണ് പെയിന്ററായ യുവാവ് ജോലി ചെയ്തത്. ഇതിനിടെ, ഏപ്രിൽ 6ന് മാത്രം അവധി നൽകി. മേയ് 25ന് യുവാവിന് അവശതകൾ നേരിട്ടു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഗുരുതരമായി. ജൂൺ 1ന് മരിച്ചു. തുടർന്ന് യുവാവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസ് നൽകുകയായിരുന്നു.
പ്രതിരോധ ശേഷി ദുർബലമായ യുവാവിന് ശ്വാസകോശ അണുബാധ ബാധിച്ചിരുന്നു. യുവാവിന് നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും സമയത്തിന് ചികിത്സ തേടിയില്ലെന്നുമാണ് കമ്പനിയുടെ വാദം. ഇയാൾ സ്വന്തം ഇഷ്ടപ്രകാരമാണ് കഠിനാദ്ധ്വാനം ചെയ്തതെന്നും പറയുന്നു.
എന്നാൽ, അവധി നൽകാതെ ജോലി ചെയ്യിപ്പിച്ചത് തൊഴിൽ നിയമ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിവസവും 8 മണിക്കൂർ, അല്ലെങ്കിൽ ആഴ്ചയിൽ 44 മണിക്കൂർ മാത്രമേ ഒരാൾ ജോലി ചെയ്യാൻ പാടുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |