ആലപ്പുഴ: ഓണാഘോഷത്തിനുള്ള സമയമത്രയും അടുക്കളയിൽ പാഴാകുന്നുവെന്ന് പരാതിപ്പെടുന്നവർക്ക് ആശ്വാസമായി നഗരത്തിൽ റെഡിമേയ്ഡ് സദ്യ ഒരുങ്ങുന്നു. വിവിധ ഹോട്ടലുകളിൽ ഇതിനായി ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ഓണാവധിക്ക് വേണ്ടി മാത്രം കുടുംബ വീട്ടിലെത്തുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാണ്. പൂട്ടിയിട്ടിരുന്ന വീട്ടിൽ സദ്യ തയ്യാറാക്കണമെങ്കിൽ ഉപ്പ് മുതൽ കർപ്പൂരം വരെ പാത്രങ്ങളടക്കം സകല സാധനങ്ങളും സജ്ജമാക്കണം. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ആഘോഷ ദിവസമെങ്കിലും അടുക്കള ജോലിയിൽ നിന്ന് വിശ്രമം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും റെഡിമേയ്ഡ് സദ്യകൾ ആശ്വാസമാകും. തൂശനിലയും രണ്ട് തരം പായസവുമടക്കമുള്ള വിഭവ സമൃദ്ധമായ സദ്യ ഒറ്റ കോളിൽ മേശയിലെത്തും. ഉത്രാടം, തിരുവോണം നാളുകളിലാണ് സദ്യ ഓൺലൈനായി എത്തുക. ഒരാൾക്കുള്ള ഊണിന് 299 രൂപ മുതലാണ് വില. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ സദ്യ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണം. ഓണ വിപണി മാത്രം ലക്ഷ്യമിട്ട് വരുന്ന വ്യാജ പരസ്യങ്ങളിൽ ആകൃഷ്ടരായാൽ ചിലപ്പോൾ തിരുവോണത്തിന് പട്ടിണിയിരിക്കേണ്ട അവസ്ഥയ്ക്ക് പോലും വന്നേക്കാമെന്ന് വ്യാപാരികൾ പറയുന്നു.
റെഡിമേയ്ഡ് സദ്യയിൽ
ഉപ്പേരി, ശർക്കര വരട്ടി, ഇഞ്ചിക്കറി, നാരങ്ങാ അച്ചാർ, മാങ്ങ അച്ചാർ, പരിപ്പ്, സാമ്പാർ, കാളൻ, പച്ചടി, മെഴുക്കുപുരട്ടി, മധുരക്കറി, എരിശ്ശേരി, അവിയൽ, തോരൻ, രസം, ഓലൻ, അടപ്രഥമൻ, പാൽപ്പായസം, പച്ചമോര്, കിച്ചടി, ചോറ്, പപ്പടം, പഴം, ഉപ്പ്, ഇല
സദ്യ : ₹ 290 മുതൽ
പായസം റെഡി !
പ്രമുഖ റെസ്റ്റോറന്റുകളിലും ബേക്കറികളിലും ഓണം സ്പെഷ്യൽ പായസ വിപണി തുറന്നു കഴിഞ്ഞു. അര ലിറ്റർ, ഒരു ലിറ്റർ ബോക്സുകളിൽ ലഭ്യമാണ്. പാലടയും, അടപ്രഥമനും, പരിപ്പും, സേമിയയുമെല്ലാം ചൂടോടെ ആസ്വദിക്കാം. ലിറ്ററിന് 250 രൂപ മുതലാണ് വില.
റെഡിമേയ്ഡ് സദ്യ ലഭിക്കുമെന്നത് ആശ്വാസമാണ്. വളരെ കുറച്ച് ദിവസത്തെ അവധിക്കാണ് നാട്ടിലെത്തുന്നത്. ആ സമയം അടുക്കളയിൽ ഒതുങ്ങിപ്പോകാതെ എല്ലാവരോടുമൊപ്പം ആഘോഷിക്കാനാകും
- സൗമ്യ രാഹുൽ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |