തിരുവനന്തപുരം: ഷേഖ് ദർവേഷ് സാഹിബ് അടുത്ത ജൂണിൽ സ്ഥാനമൊഴിയുന്നതോടെ ഒഴിവുവരുന്ന പൊലീസ് മേധാവി സ്ഥാനത്തെത്താൻ പൊലീസ് തലപ്പത്ത് ഇപ്പോഴേ കരുനീക്കങ്ങളും തമ്മിലടിയും. സംസ്ഥാനം നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് യു.പി.എസ്.സിയാണ് നിയമനത്തിനുള്ള മൂന്നംഗ പാനൽ നൽകുന്നത്. ഇതിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാർ നിയമിക്കും. സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻ തച്ചങ്കരി സീനിയോരിറ്റിയുണ്ടായിട്ടും നേരത്തേ അന്തിമപട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. ആ അനുഭവം മുന്നിലുള്ളതിനാൽ ഏതുവിധേനയും അന്തിമപട്ടികയിൽ ഇടംനേടാനുള്ള തന്ത്രങ്ങളാണ് ചിലർ പയറ്റുന്നത്.
30വർഷം സർവീസുള്ളവരെയാണ് മുൻപ് പരിഗണിച്ചിരുന്നത്. ഇപ്പോൾ 25വർഷമായവരുടെ പട്ടികയും കേന്ദ്രത്തിനയയ്ക്കും. 1999ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാവും. സീനിയോരിറ്റിയും പ്രവർത്തനമികവും ഐ.ബി റിപ്പോർട്ടും സ്വഭാവശുദ്ധിയും കേസുകളുമടക്കം പരിഗണിച്ച് യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, ചീഫ്സെക്രട്ടറി, പൊലീസ്‌മേധാവി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗപാനൽ തയ്യാറാക്കുന്നത്.
നിലവിലെ ഡി.ജി.പി സ്ഥാനമൊഴിയുമ്പോൾ 2026 ജൂലായ് വരെ കാലാവധിയുള്ള നിതിൻഅഗർവാളായിരിക്കും സീനിയർ. കാര്യക്ഷമതയില്ലാത്തതിനാൽ ബി.എസ്.എഫ് സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ തിരിച്ചയച്ച നിതിനെ പരിഗണിക്കാനിടയില്ല. സീനിയോരിറ്റിയിൽ ആറാമനാണ് എ.ഡി.ജി.പി അജിത്കുമാർ. 2028ജനുവരിവരെ കാലാവധിയുണ്ടെങ്കിലും മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽലഭിച്ചിട്ടില്ല. ഡി.ജി.പിയാവാൻ ഇതും പരിഗണിക്കപ്പെടും. 2031ജൂൺവരെ കാലാവധിയുള്ള മനോജ് എബ്രഹാം ഡി.ജി.പിയായാൽ അജിത്തിന് അവസരമില്ലാതാവും.
ചരടുവലികൾ ഈ വഴിക്ക്
സീനിയോരിറ്റിയിൽ രണ്ടാമനും ഐ.ബിയിൽ അഡി.ഡയറക്ടറുമായ റവാഡചന്ദ്രശേഖറിനെ ഡെപ്യൂട്ടേഷനൊഴിവാക്കി കേരളത്തിലേക്ക് വിടാതിരിക്കാൻ നീക്കം
സീനിയോരിറ്റിയിൽ മൂന്നാമനായ വിജിലൻസ് മേധാവി യോഗേഷ്‌ഗുപ്ത നാർകോട്ടിക് കൺട്രോൾബ്യൂറോയിലേക്ക് ഡെപ്യൂട്ടേഷന് ശ്രമിക്കുന്നു. അത് എത്രയുംവേഗം ശരിയാക്കാനും ചരടുവലി
2030വരെ സർവീസുള്ള വിജയ്‌സാക്കറെയ്ക്ക് എൻ.ഐ.എയിൽ 2027വരെ തുടരാമെങ്കിലും പൊലീസ്‌മേധാവിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങാൻ തയ്യാറാണ്. എന്നാൽ, അവിടെത്തന്നെ നിറുത്തിക്കാൻ നീക്കം
യോഗേഷ് കേന്ദ്രഡെപ്യൂട്ടേഷനിൽ പോവുകയും ഐ.ബിയിലുള്ള റവാഡയ്ക്കും എസ്.പി.ജിയിലുള്ള എസ്.സുരേഷിനും കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകാതിരിക്കുകയും ചെയ്താൽ അജിത്കുമാറിന് മൂന്നംഗപാനലിലുൾപ്പെടാം
ഡി.ജി.പിയാവാൻ പരിഗണിക്കുന്നവർ
(സർവീസ് കാലാവധി
ബ്രാക്കറ്റിൽ)
1.നിതിൻഅഗർവാൾ (2026ജൂലായ്)
2.റവാഡചന്ദ്രശേഖർ (2026ജൂലായ്)
3.യോഗേഷ്ഗുപ്ത (2030ഏപ്രിൽ)
4.മനോജ്എബ്രഹാം (2031ജൂൺ)
5.എസ്.സുരേഷ് (2027ഏപ്രിൽ)
6.എം.ആർ.അജിത്കുമാർ (2028ജനുവരി)
7.എസ്.ശ്രീജിത്ത്(2028മേയ്)
8.വിജയ്‌സാക്കറെ(2030ഡിസംബർ)
9.ബൽറാം ഉപാദ്ധ്യായ(2030മേയ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |