തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി വിവാദ കൂടിക്കാഴ്ച നടത്തിയ
എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ എൽ.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐയും ആർ.ജെ.ഡിയും. ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ച ഇരുകക്ഷികളും, അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി
തുടരുന്നപക്ഷം അതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്താനുള്ള
നീക്കത്തിലാണ്.
ഡി.ജി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട്
ലഭിച്ചശേഷം മാത്രം എ.ഡി.ജി.പിക്കെതിരെ ആവശ്യമെങ്കിൽ നടപടിയെന്ന
മുഖ്യമന്ത്രിയുടെ വാദത്തിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും അതുവരെ കാത്തിരിക്കണമെന്ന ആവശ്യം മുന്നണി മര്യാദയുടെ പേരിൽ അംഗീകരിക്കുകയായിരുന്നു എന്നാണ് പ്രചരിക്കുന്ന സൂചനകൾ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നില നിറുത്തിക്കൊണ്ടുള്ള
അന്വേഷണത്തിന്റെ സാംഗത്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ ഉന്നയിച്ചു.
പി.വി.അൻവർ ഉന്നയിച്ച ക്രിമിനൽ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന ഡി.ജി.പിക്ക്, ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയ വശം എങ്ങനെ അന്വേഷിക്കാനാവുമെന്ന് ആർ.ജെ.ഡി പ്രതിനിധി വർഗീസ് ജോർജും സംശയം പ്രകടിപ്പിച്ചു. എന്നാൽ അതിനൊന്നും മറുപടി ലഭിച്ചില്ല.
ആർ.എസ്.എസിനെ തള്ളി, വിവാദങ്ങളിൽ തൊട്ടില്ല എന്ന തലക്കെട്ടിൽ
കേരളകൗമുദി ബുധനാഴ്ച ഏഴാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ
സാങ്കേതിക പിശകു പറ്റി. ആർ.എസ്.എസ് നേതാവ് റാം മാധവുമായി
എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവും
ഒപ്പമുണ്ടായിരുന്നു എന്നതിനു പകരം, മുഖ്യമന്ത്രിയും ഉറ്റബന്ധുവും
എന്ന് വന്നത് പിശകായിട്ടാണ്.
മുന്നണി മാറ്റമെന്ന
അഭ്യൂഹം ശക്തം
മുന്നണി ഘടകകക്ഷിയായിട്ടും മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ കടുത്ത
അതൃപ്തിയുള്ള ആർ.ജെ.ഡിയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്
യു.ഡി.എഫിൽ ചേക്കേറണമെന്ന ആവശ്യം ശക്തമാണെന്ന അഭ്യൂഹമുണ്ട്.
അതിനിടെയാണ് എ.ഡി.ജി.പി വിവാദം ഉയർന്നത്. സി.പി.എം-ആർ.എസ്.എസ് രഹസ്യ ബന്ധമുയർത്തി സി.പി.ഐയെയും കേരള കോൺഗ്രസ് മാണി വിഭാഗത്തെയും അടർത്തി മാറ്റാൻ യു.ഡി.എഫ് കരുനീക്കം ശക്തമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |