തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്കുള്ള പത്ത് വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വൻ സംഘർഷത്തിൽ കലാശിച്ചു. വാഴ്സിറ്റി ആസ്ഥാനത്ത് തമ്പടിച്ച അഞ്ഞൂറോളം വിദ്യാർത്ഥികൾ ഇന്നലെ രാത്രി എട്ടരയോടെ സെനറ്റ് ഹാളിന്റെ വാതിൽ തകർത്ത് അകത്തുകയറി ഏറ്റുമുട്ടുകയായിരുന്നു. സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന ഇരുനൂറോളം പൊലീസുകാർക്ക് പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി സെനറ്റ് ഹാളിലേക്ക് ഇരച്ചെത്തിയ എസ്.എഫ്.ഐ,കെ.എസ്.യു പ്രവർത്തകരെ തടയാനായില്ല.
സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്കും വാഴ്സിറ്റി ജീവനക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റു. മാദ്ധ്യമപ്രവർത്തർക്കു നേരെയും ആക്രമണമുണ്ടായി. ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറ തകർത്തു. സംഘർഷത്തിന് നടുവിലായിപ്പോയ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിനെ പൊലീസ് ജീപ്പിൽ രക്ഷപെടുത്തി പുറത്തെത്തിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു. സെനറ്റ് തിരഞ്ഞെടുപ്പിൽ കോളേജുകളെ പ്രതിനിധീകരിച്ച് 163പേർക്കായിരുന്നു വോട്ടവകാശം. വോട്ടിംഗ് സമാധാനപരമായിരുന്നു. വൈകിട്ട് വോട്ടെണ്ണലോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പ്രാതിനിധ്യ വോട്ടിംഗിലെ സാങ്കേതിക കാരണങ്ങളെച്ചൊല്ലിയാണ് പ്രശ്‌നം ആരംഭിച്ചത്. രണ്ട് സീറ്റുകളിൽ കെ.എസ്.യുക്കാർ ജയിച്ചതോടെ തർക്കം രൂക്ഷമായി.
രജിസ്ട്രാറുടെ സഹായത്തോടെയാണ് ഇവർ വിജയിച്ചതെന്നാരോപിച്ച് എസ്.എഫ്.ഐക്കാർ പ്രതിഷേധിച്ചു. 16 ബാലറ്റുകൾ കാണാതായതോടെ രജിസ്ട്രാർ വോട്ടെണ്ണൽ നിറുത്തിവച്ചു. പിന്നാലെ വാഴ്സിറ്റിക്ക് പുറത്തുണ്ടായിരുന്ന എസ്.എഫ്.ഐക്കാർ സെനറ്റ്ഹാളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബാലറ്റ് പേപ്പറുകൾ നശിപ്പിച്ചതായി ഇരുപക്ഷവും ആരോപിച്ചതിന് പിന്നാലെ സെനറ്റ്ഹാളിൽ ഇവർ കൂട്ടയടിയായി. വടികളും തടിക്കഷണങ്ങളുമായി പ്രവർത്തകർ ഏറ്റുമുട്ടി. സെനറ്റ് ഹാളിലെ കസേരകൾ തകർത്തു. കെ.എസ്.യുക്കാരെ അറസ്റ്റുചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ പൊലീസെത്തി ഇരുവിഭാഗം പ്രവർത്തകരെയും ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. പൊലീസ് വാഹനം എസ്.എഫ്.ഐക്കാർ തടഞ്ഞിട്ടു. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ കെ.എസ്.യു പ്രവർത്തകർക്കരികിലേക്ക് എസ്.എഫ്.ഐക്കാർ പടക്കം പൊട്ടിച്ചിട്ടു.
രാത്രി 10.30ഓടെ സംഘർഷം വാഴ്സിറ്റിക്ക് പുറത്തേക്കും വ്യാപിച്ചു. വാഴ്സിറ്റിയുടെ ഗേറ്റിൽ യൂത്ത് കോൺഗ്രസുകാരും എസ്.എഫ്.ഐക്കാരുമായി സംഘർഷമുണ്ടായി. നഗരത്തിലുടനീളം കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന 10 പ്രതിനിധികളിൽ നിന്നാണ് സിൻഡിക്കേറ്റിലേക്കുള്ള ഒരു വിദ്യാർത്ഥി പ്രതിനിധിയെ തിരഞ്ഞെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |