ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിൽ പരസ്‌പരം പോരടിച്ച് ബിജെപിയും പ്രതിപക്ഷവും. മോദിയുടെ സന്ദർശനം ജനങ്ങളിൽ തെറ്റായ സന്ദേശം നൽകുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ഗണേശ പൂജ കുറ്റകൃത്യം അല്ലെന്നും ജഡ്‌ജുമാരും രാഷ്ട്രീയക്കാരും പരസ്‌പരം വേദികൾ പങ്കിടാറുണ്ടെന്നും ബിജെപി വാദിച്ചു.
ഗണേശ പൂജയിൽ പങ്കെടുത്ത വിവരം മോദി തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. ഇന്നലെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വസതിയിൽ പൂജ നടന്നത്. ചന്ദ്രചൂഡും ഭാര്യ കൽപന ദാസും ചേർന്നാണ് മോദിയെ സ്വീകരിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വിമർശനവുമായി ശിവസേന, ആർജെഡി അടക്കമുള്ളവരും രംഗത്തെത്തി. ഭരണഘടനയുടെ സംരക്ഷകൻ രാഷ്ട്രീയക്കാരെ കാണുന്നത് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുമെന്ന് രാജ്യസഭാ എംപിയും ശിവസേന നേതാവുമായ സഞ്ജയ് റാവൂട്ട് ചൂണ്ടിക്കാട്ടി.
'മഹാരാഷ്ട്ര കേസിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മുമ്പാകെ വാദം നടക്കുകയാണ്. അതിനാൽതന്നെ ഞങ്ങൾക്ക് നീതി ലഭിക്കുമോ എന്ന് സംശയമുണ്ട്. കേസിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് എതിർകക്ഷി. ചീഫ് ജസ്റ്റിസ് ഈ കേസിൽ നിന്ന് മാറിനിൽക്കണം, കേസിലെ മറ്റ് കക്ഷിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പരസ്യമായിയിരിക്കുകയാണ്'- സഞ്ജയ് റാവൂട്ട് കുറ്റപ്പെടുത്തി.
'ഗണപതി പൂജ വ്യക്തിപരമായ കാര്യമാണെങ്കിലും നിങ്ങൾ ക്യാമറയ്ക്ക് മുന്നിലാണ്. ഇത് അസുഖകരമായ സന്ദേശം നൽകും. ഇന്ത്യയുടെ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ഉന്നത വ്യക്തിത്വങ്ങളാണ്. ഈ ഫോട്ടോകൾ പൊതുസഞ്ചയത്തിൽ ഇടാൻ അവർ സമ്മതിച്ചതിനാൽ ഞങ്ങൾക്ക് എന്താണ് പറയാൻ കഴിയുക'- രാജ്യസഭാ എംപിയും ആർജെഡി നേതാവുമായ മനോജ് ഝാ പറഞ്ഞു.
അതിനിടെ മോദിയുടെ സന്ദർശനത്തെ ന്യായീകരിച്ച് ബിജെപിയും രംഗത്തെത്തി. 2009ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആതിഥേയത്വം വഹിച്ച ഇഫ‌്‌താർ വിരുന്നിൽ അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പങ്കെടുത്തതായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ചൂണ്ടിക്കാട്ടി.
'ഗണേശ പൂജയിൽ പങ്കെടുക്കുന്നത് കുറ്റമല്ല. പല അവസരങ്ങളിലും ജുഡീഷ്യറിയും രാഷ്ട്രീയക്കാരും വേദി പങ്കിടാറുണ്ട്. എന്നാൽ ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ പ്രധാനമന്ത്രി പങ്കെടുക്കുകയാണെങ്കിൽ, ഉദ്ധവ് സേന എംപി ചീഫ് ജസ്റ്റിസിന്റെയും സുപ്രീം കോടതിയുടെയും സത്യസന്ധതയെ സംശയിക്കുന്നു. മുൻകാലങ്ങളിൽ രാഹുൽ ഗാന്ധി ചെയ്തതുപോലെ കോൺഗ്രസ് സുപ്രീം കോടതിയെ ആക്രമിക്കുകയാണ്. ഇത് ലജ്ജാകരമായ കോടതിയലക്ഷ്യവും ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുന്നതുമാണ്'- പൂനാവാല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |