കൊൽക്കത്ത: മുഖ്യമന്ത്രിസ്ഥാനം തനിക്ക് വേണ്ടെന്നും ജനതാൽപര്യം കണക്കിലെടുത്ത് രാജിവയ്‌ക്കാൻ തയ്യാറെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജൂനിയർ ഡോക്‌ടർമാരുടെ കടുത്ത പ്രതിഷേധം തുടരവെയാണ് വാർത്താസമ്മേളനം വിളിച്ചുചേർത്ത് മമതയുടെ പ്രഖ്യാപനം. ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കില്ലെന്ന ഉറപ്പ് പറഞ്ഞ മമത, ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി. തന്റെ സർക്കാർ അപമാനിക്കപ്പെട്ടതായും പ്രതിഷേധങ്ങൾക്ക് രാഷ്‌ട്രീയ നിറം പകർന്നത് സാധാരണ ജനങ്ങൾക്ക് മനസിലായില്ലെന്നും മമത പ്രതികരിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത സർക്കാർ വിരുദ്ധ പ്രചരണം നടക്കുന്നതിനെതിരെയായിരുന്നു മമത സംസാരിച്ചത്.
പ്രതിഷേധങ്ങൾക്ക് രാഷ്‌ട്രീയ നിറം പകരുന്നവർക്ക് വേണ്ടത് നീതിയല്ലെന്നും തന്റെ കസേരയാണെന്നും മമത ആരോപിച്ചു. 'ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് ഞാൻ സ്ഥാനമൊഴിയാൻ തയ്യാറാണ്.എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. മരണമടഞ്ഞ ഡോക്‌ടർക്ക് നീതി വേണം. സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ വേണം.' ജൂനിയർ ഡോക്‌ടർമാരുടെ പ്രതിനിധി സംഘത്തിനായി രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമായിരുന്ന മമത വാർത്താ സമ്മേളനം നടത്തിയത്. ചർച്ചയ്‌ക്കായി ഡോക്‌ടർമാരുടെ സംഘം സെക്രട്ടറിയേറ്റ് പരിസരത്തെത്തിയെങ്കിലും അവരുടെ ഒരാവശ്യം മാത്രം സർക്കാർ അംഗീകരിക്കാത്തതോടെ സംഘം മടങ്ങിപ്പോയി. 15 പേർക്ക് പകരം 33 പേരാണ് ചർച്ചയ്‌ക്കെത്തിയത്.എന്നാൽ 15 ൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന ശക്തമായ നിർദ്ദേശം ഉണ്ടായിരുന്നു. ഡോക്‌ടർമാരിൽ പലർക്കും ചർച്ചയ്‌ക്ക് താൽപര്യമുണ്ടെങ്കിലും പുറമേ നിന്നുള്ള രണ്ടോമൂന്നോ പേരാണ് അവർക്ക് നിർദ്ദേശം നൽകുന്നതെന്നും മമത ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |