കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായ കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ദീർഘകാലപദ്ധതിയുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ മാനസികസംഘർഷം പരിഹരിക്കാൻ വിദഗ്ദ്ധരടങ്ങുന്ന സംഘത്തിന്റെ മേൽനോട്ടത്തിൽ കൗൺസലിംഗും മറ്റും ആവശ്യമാണ്. കുട്ടികളുടെ സംരക്ഷണവും പഠനവും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സമഗ്രപദ്ധതി ആവഷ്‌കരിക്കണമെന്നും ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പറഞ്ഞു. ഇതുവരെയുള്ള നടപടികളിൽ കോടതി സംതൃപ്തി രേഖപ്പെടുത്തി. വയനാട് ദുരന്തത്തെ തുടർന്ന് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ദുരന്തമേഖലയിലെ പരാതിപരിഹാരസെല്ലിൽ ലഭിക്കുന്ന പരാതികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ തീർപ്പുകൽപ്പിക്കാനായില്ലെങ്കിൽ കോടതിയെ അറിയിക്കണം. ദുരന്തബാധിതർക്കായി പ്രത്യേക ഇൻഷ്വറൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കണം.
യൂനിസെഫ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്ന കൗൺസലിംഗും മറ്റു നടപടികളുമാണ് കുട്ടികളുടെ കാര്യത്തിൽ സ്വീകരിച്ചതെന്ന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. ആരോഗ്യപ്രവർത്തകരുടെ സംഘം 964 വീടുകളിലെത്തി നടപടികൾ സ്വീകരിച്ചു. രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ ഫോസ്റ്റർ കെയർ സംരക്ഷണയിലാണ്. ഈ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അറിയിച്ചു. ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടികൾക്ക് ഈ സേവനം ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.
തെരച്ചിൽ തുടരുന്നു
# ദുരന്തബാധിത മേഖലകളിൽ തെരച്ചിൽ നടത്തുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
# മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന തുടരും.
# കണ്ടെത്താനാവാത്തവരുടെ കുടുംബത്തിനുള്ള സഹായം എങ്ങനെ നൽകുമെന്ന കാര്യം ആലോചിക്കുന്നു.
# ഓഖി ദുരന്തത്തിൽ കാണാതായവരുടെ കുടുംബത്തിന് സഹായധനം നൽകിയ മാതൃകയാണ് പരിഗണിക്കുന്നത്.
ശ്രുതിയെ ചേർത്തുപിടിച്ച് നാട്
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടമായതിനു പിന്നാലെ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസണും മരിച്ചതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിയെ ചേർത്തുപിടിച്ച് നാട്. ജെൻസണും ബന്ധുക്കൾക്കുമൊപ്പം സഞ്ചരിക്കവേ വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ് കൽപ്പറ്റ ലിയോ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ചൂരൽമല സ്വദേശി ശ്രുതിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചും പ്രാർത്ഥിച്ചും നിരവധിപേരാണ് ആശുപത്രിയിലേയ്ക്കടക്കം വിളിക്കുന്നത്.
ശ്രുതിയുടെ ജോലി അടക്കമുളള എല്ലാ കാര്യങ്ങളും ഏറ്റെടുക്കാൻ തയ്യാറായി നിരവധി പേരും എത്തുന്നുണ്ട്. ആശുപത്രി എം.ഡി ഡോ. ടി.പി.വി.സുരേന്ദ്രൻ ശ്രുതിക്ക് ഇന്നലെയും കൗൺസലിംഗ് നൽകി. നഴ്സ് കൂടിയായ ശ്രുതിക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ടി.സിദ്ദിഖ് എം.എൽ.എ, ബോബി ചെമ്മണൂർ തുടങ്ങിയവർ ഇന്നലെ ശ്രുതിയെ ആശുപത്രിയിൽ സന്ദർശിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രതിനിധിയായി ഡോ. സമീഹ സെയ്തലവി ആശുപത്രിയിലെത്തി ചികിത്സാ വിവരങ്ങൾ തിരക്കി. മന്ത്രി വീണാ ജോർജ് ശ്രുതിയുടെ ആരോഗ്യനിലയെക്കുറിച്ച് വിളിച്ച് അന്വേഷിക്കുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഗേഡ് ഗ്രൂപ്പിന്റെ ചീഫ് എച്ച്.ആർ.ചിദംബർ സിർദ്ദേശ് പാണ്ഡെ ഇന്നലെ ഡോ. ടി.പി.വി. സുരേന്ദ്രനെ ഫോണിൽ ബന്ധപ്പെട്ട് ശ്രുതിക്ക് തന്റെ സ്ഥാപനത്തിൽ ജോലിയടക്കം വാഗ്ദാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |