തൃശൂർ: വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാനുള്ള പദ്ധതി നടപ്പാക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ട 372 കോടിയുടെ സാമ്പത്തിക സഹായത്തിന് അംഗീകാരമായില്ല. അഞ്ച് വർഷത്തെ പദ്ധതിക്ക് 620 കോടിയാണ് ചെലവ്. 60 ശതമാനമാണ് കേന്ദ്രസഹായമായി ആവശ്യപ്പെട്ടത്. ബാക്കി സംസ്ഥാനം വഹിക്കും. ആന, കടുവ, കണ്ടൽ സംരക്ഷണം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഫെബ്രുവരിയിലാണ് സഹായം ആവശ്യപ്പെട്ടത്.
പ്രാഥമിക പ്രവർത്തനം തുടങ്ങാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. അത് തുടങ്ങിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് കേന്ദ്രസഹായം കൂടിയേ തീരൂ. മനുഷ്യരും മൃഗങ്ങളും മുഖാമുഖം വരുന്നത് തടയുക, നാശനഷ്ടമുണ്ടാകുന്നവർക്ക് നഷ്ടപരിഹാരം നൽകുക, ആവാസവ്യവസ്ഥ സംരക്ഷിക്കുക തുടങ്ങിയവയ്ക്കുള്ള തുകയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ജനങ്ങളും വിദഗ്ദ്ധരും സംഘടനകളും നൽകിയ 1600 നിർദ്ദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് പരിഹാരമാർഗ്ഗങ്ങളിലുള്ളത്.
യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വനങ്ങളിൽ വർദ്ധിച്ചത് കാടിന് ഭീഷണിയായിട്ടുണ്ട്. വനപ്രദേശത്ത് വളർത്തുമൃഗങ്ങളെ മേയ്ക്കുന്നതും അസമയത്ത് ചെല്ലുന്നതും മനുഷ്യ മൃഗ സംഘർഷത്തിനിടയാക്കുന്നു. പരിശീലനവും ബോധവത്കരണവും ഗവേഷണവും ഊർജ്ജിതമാക്കുകയാണ് പ്രധാന പോംവഴി.
പരിഹാരം മതിലും വേലിയും
മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ മതിലും വേലികളുമുണ്ടാക്കുക.
മനുഷ്യരും മൃഗങ്ങളും മുഖാമുഖമെത്തുന്നത് പരമാവധി തടയുക.
കൂടുതൽ നഷ്ടപരിഹാരവും ഇൻഷ്വറൻസും ഏർപ്പെടുത്തുക.
വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കുക.
പുൽമേടുണ്ടാക്കുക, ജലസ്രോതസുകൾ പുനരുജ്ജീവിപ്പിക്കുക.
മൃഗങ്ങൾ എത്തുന്നതിന് പിന്നിൽ
എളുപ്പം തീറ്റകിട്ടാൻ ശാരീരിക പ്രശ്നമുള്ളവ നാട്ടിലിറങ്ങുന്നു.
പ്രായം കുറഞ്ഞവ ഇരതേടി പുതിയ പ്രദേശങ്ങളിലെത്തുന്നു.
ചില വനങ്ങളിൽ മയിലും കാട്ടുപന്നിയും പെരുകി.
വനത്തിൽ അരുവികളും ചോലകളും വറ്റുന്നു
അധിനിവേശ സസ്യങ്ങൾ പെരുകുന്നു.
ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ
തിരുവനന്തപുരം; കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.19 ന് കൽപ്പറ്റയിലെ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാകും. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അദ്ധ്യക്ഷനാകും. എം.എൽ.എമാരായ ടി. സിദ്ദിഖ് , ഐ.സി ബാലകൃഷ്ണൻ, കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, നോളജ് ഇക്കോണണി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, എം.വി ശ്രേയാംസ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ തുടങ്ങിയവർ പങ്കെടുക്കും. കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോജക്ട് മാനേജർ ഡയാന തങ്കച്ചൻ പദ്ധതി അവതരണം നടത്തും. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് രജിസ്ട്രേഷൻ നടത്താം.
ഭിന്നശേഷി കുട്ടികൾക്ക് 'വിദ്യാജ്യോതി'യിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം/പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാൻ അവസരം. suneethi.sjd.kerala.gov.in വെബ്സൈറ്റ് മുഖേനെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
അപേക്ഷകർ സർക്കാർ/ എയ്ഡഡ്/ സർക്കാരിതര അംഗീകൃത സ്ഥാപനത്തിൽ പഠിക്കുന്നവരായിരിക്കണം. വരുമാനപരിധി ബാധകമല്ല. ബില്ലുകളിൽ വിദ്യാർത്ഥികളുടെ പേര് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2343241.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |