തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കുറവുകളില്ലാതെ ഓണം ആഘോഷിക്കാൻ സംസ്ഥാനത്തെ സർക്കാർ വഴിയൊരുക്കി. ഇന്നാണ് തിരുവോണം. സർക്കാർ സഹായങ്ങൾ കുടിശികയടക്കം കിട്ടിയതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി ഓണവിപണി സജീവമാണ്. സഹകരണവകുപ്പിന്റെയും സിവിൽ സപ്ളൈസ് കോർപറേഷന്റെയും ഹോർട്ടികോർപിന്റെയും കുടുംബശ്രീയുടെയും ഓണച്ചന്തകളിൽ വൻ തിരക്കുണ്ടായി. സാധനങ്ങൾക്ക് താരതമ്യേന വിലക്കുറവുമുണ്ട്.
ഓണക്കാല ചെലവിനായി കേന്ദ്രത്തോട് സ്പെഷ്യൽ പാക്കേജും വായ്പാപരിധിയിൽ ഇളവും തേടിയെങ്കിലും കിട്ടിയിരുന്നില്ല. എന്നാൽ, വായ്പാപരിധി നിർണയിച്ചതുമായി ബന്ധപ്പട്ട് കേരളം നൽകിയ പരാതിയിൽ കേന്ദ്ര ധനകാര്യവകുപ്പിന്റെ പ്രത്യേക സമിതി ഇടക്കാല തീരുമാനമെടുക്കുകയും 4200 കോടിയുടെ വായ്പാനുമതി നൽകുകയും ചെയ്തു. അതിനൊപ്പം നികുതി വരുമാനമായുള്ള 4500കോടി രൂപ പിരിച്ചെടുക്കാൻകൂടി ആയതോടെയാണ് ഓണത്തിനുമുൻപ് എല്ലാ വിഭാഗം ജനങ്ങൾക്കും കുടിശികയടക്കം ആനുകൂല്യങ്ങൾ നൽകാനായത്.
സർക്കാർ ജീവനക്കാർക്ക് 4000രൂപ ബോണസും അതില്ലാത്തവർക്ക് 2750രൂപ ഉത്സവബത്തയും എല്ലാജീവനക്കാർക്കും 20,000രൂപ ഓണം അഡ്വാൻസും പെൻഷൻകാർക്ക് 1000രൂപ ബത്തയും പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് 6000രൂപ ഓണം അഡ്വാൻസും നൽകി. 62ലക്ഷം സാമൂഹ്യസുരക്ഷാപെൻഷൻകാർക്ക് 3200രൂപയും എല്ലാ ക്ഷേമബോർഡ് അംഗങ്ങൾക്കും പെൻഷനും ഒന്നേകാൽ ലക്ഷം പേർക്ക് 3000രൂപാവീതം ആശ്വാസകിരണം സഹായവും ഹരിതകർമ്മ സേനാംഗങ്ങൾക്ക് 1000രൂപ ഓണം ഉത്സവബത്തയും നൽകി. വർഷത്തിൽ100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം നഗര, ഗ്രാമ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണം ഉത്സവബത്തയായി 1000രൂപ അനുവദിച്ചു. ഇതിനായി 56.91 കോടി നൽകി. കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സംഘങ്ങൾ, ഫോം മാറ്റിംഗ്സ് ഇന്ത്യ, സംസ്ഥാന കയർ കോർപറേഷൻ,കയർഫെഡ് എന്നിവയുടെ തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യങ്ങൾക്കായി 19കോടി നൽകി. പൂട്ടിക്കിടക്കുന്ന സ്വകാര്യ കയർ വ്യവസായ സഹകരണ സംഘങ്ങളിലെ 10,732തൊഴിലാളികൾക്ക് 2000രൂപവീതം ഓണം എക്സ്‌ഗ്രേഷ്യയ്ക്കായി 2.15കോടി അനുവദിച്ചു. 9000ത്തോളം ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് പ്രതിഫലം നൽകാനായി 19.81 കോടി രൂപ അനുവദിച്ചു. കയർത്തൊഴിലാളികൾക്ക് ബോണസിനായി 10 കോടിയും കൈത്തറി തൊഴിലാളികൾക്ക് കൂലി വിതരണത്തിനായി 30 കോടി രൂപയും അങ്കണവാടി ജീവനക്കാർക്ക് ഓണത്തിന് ആനുകൂല്യങ്ങൾ നൽകാൻ 87.13 കോടി രൂപയുംനൽകി. ഇങ്ങനെ എല്ലാ മേഖലയിലും സർക്കാർ സഹായം ലഭ്യമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |