കൊല്ലം: സംഭവത്തിന്റെ ദൃക്സാക്ഷിയായ വിന്ദ്യയുടെ വാക്കുകൾ ആരെയും നടുക്കുന്നതാണ്. 'കാറിടിച്ച് ആ ഇത്ത ടയറിനിടയിൽപ്പെട്ട് കിടക്കുന്നതു കണ്ട് ഞങ്ങൾ ഓടിയെത്തി. കരഞ്ഞുപറഞ്ഞിട്ടും അയാൾ കേട്ടില്ല. കാർ പലതവണ പിന്നോട്ടും മുന്നോട്ടുമെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കി പായുകയായിരുന്നു." നിലവിളികേട്ട് അജ്മലിന്റെ മനസലിഞ്ഞിരുന്നെങ്കിൽ ടയറിനടിയിൽപ്പെട്ട് കുഞ്ഞുമോളുടെ ജീവൻ നഷ്ടമാകുമായിരുന്നില്ല. കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണെങ്കിലും സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയെപ്പോലെ കുഞ്ഞുമോൾക്കും ഗുരുതര പരിക്കേറ്റിരുന്നില്ല.
രണ്ടുതവണ ശ്രമിച്ചിട്ടും കാർ കയറ്റിയിറക്കാനാവാതായ അജ്മൽ മൂന്നാമത് അല്പദൂരം പിന്നോട്ടെടുത്ത ശേഷം അമിതവേഗത്തിൽ മുന്നോട്ടെടുത്താണ് ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പാഞ്ഞത്. അജ്മിലിന്റെ പേരിൽ നരഹര്യ, അപകടകരമായി വാഹനം ഓടിക്കൽ, കുറ്റംകൃത്യം ചെയ്ത് രക്ഷപ്പെടൽ തുടങ്ങിയ വകുപ്പുകളും ഡോ. ശ്രീക്കുട്ടിയുടെ മേൽ അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാൻ പ്രേരിപ്പിച്ചതിനുള്ള കുറ്റവുമാണ് ചുമത്തിയിട്ടുള്ളതെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ ആർ.രാജേഷ് പറഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി.
കാലിനും കൈയ്ക്കും നേരിയ പരിക്ക് മാത്രമുള്ള ഫൗസിയ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കുഞ്ഞുമോളുടെ മൃതദേഹം വടക്കേ മൈനാഗപ്പള്ളി മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. മക്കൾ: സൂഫിയ, അൽഫിയ. മരുമക്കൾ: ഷെഫീക്ക്, ഷെമീർ. വീടിനോട് ചേർന്ന് സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു കുഞ്ഞുമോൾ. ഭർത്താവ് നൗഷാദ് ചുമട്ടുതൊഴിലാളിയാണ്.
ശ്രീക്കുട്ടിയെ പുറത്താക്കി
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ജൂനിയർ ഡോക്ടറായ ശ്രീക്കുട്ടിയെ ജോലിയിൽ നിന്നു പുറത്താക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവിടെ ഒരു ബന്ധുവിന്റെ ചികിത്സയ്ക്കായി അജ്മൽ എത്തിയപ്പോഴാണ് ശ്രീക്കുട്ടിയുമായി സൗഹൃദത്തിലായത്. അജ്മൽ തന്റെ സ്വർണാഭരണങ്ങൾ പലപ്പോഴായി കൈക്കലാക്കിയെന്ന് ശ്രീക്കുട്ടി പൊലീസിന് മൊഴി നൽകി.
മദ്യപിച്ചത് മൈതാനത്തിരുന്ന്
തിരുവോണനാളിൽ ഇരുവരും മൈനാഗപ്പള്ളിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം സമീപത്തെ മൈതാനത്ത് കാർ ഒതുക്കി മദ്യപിച്ചു. തുടർന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് അജ്മലിന്റെ വിശദീകരണം.
ചീറിപ്പാഞ്ഞത് 7 കിലോമീറ്റർ
അപകടത്തിനുശേഷം കരുനാഗപ്പള്ളി കോടതിക്കു സമീപം വരെ ഏഴ് കിലോമീറ്ററോളം ദൂരത്തിൽ അജ്മൽ കാറിൽ ചീറിപ്പാഞ്ഞു. ഇതിനിടയിൽ ഒരു ഇരുചക്രവാഹനത്തിലും കാറിലും ഉരസി. കാരൂർക്കടവിനു സമീപം മതിലിൽ ഇടിച്ചെങ്കിലും പിന്നോട്ടെടുത്ത് നിറുത്താതെ പോവുകയായിരുന്നു. അജ്മൽ ഓടിച്ചിരുന്ന സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീക്കുട്ടി അട്ടക്കുളങ്ങര ജയിലിൽ
കൊല്ലത്ത് യുവതിയെ കാർ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് അട്ടകുളങ്ങര ജയിലിലേക്ക് മാറ്റി.
അജ്മൽ 8 കേസുകളിൽ പ്രതി
വടക്കൻ മൈനാഗപ്പള്ളി പള്ളിക്കു സമീപത്തു നിന്ന് ചന്ദനമരം മുറിച്ചുകടത്തിയതടക്കം എട്ടു കേസുകളിൽ പ്രതിയാണ് അജ്മൽ. കാർ വാടകയ്ക്കെടുത്തശേഷം തിരികെ നൽകാത്തത് അടക്കം ഏഴ് കേസുകൾ കരുനാഗപ്പള്ളി സ്റ്റേഷനിൽ അജ്മലിന്റെ പേരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |