കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ പീഡനപരാതി നൽകിയ നടിക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ബന്ധുവായ യുവതി. അവർ തന്നെ ചെന്നൈയിലെത്തിച്ച് തമിഴ് സിനിമാസംഘത്തിന് കാഴ്ചവയ്‌ക്കാനും ശ്രമിച്ചു. പീഡനപരാതി ഉന്നയിച്ച് മുന്നോട്ട് വന്ന നടിയെക്കുറിച്ച് ലോകം അറിയണമെന്നു കരുതിയാണ് 16 വയസുള്ളപ്പോൾ നേരിട്ട ദുരനുഭവം തുറന്നുപറയാൻ തയ്യാറായതെന്നും മൂവാറ്റുപുഴ സ്വദേശിനി പറയുന്നു.
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും തമിഴ്‌നാട് ഡി.ജി.പിക്കും ഇവർ പരാതി നൽകി. അതേസമയം,പരാതി വ്യാജമാണെന്ന് നടി പ്രതികരിച്ചു. പ്രത്യേക അന്വേഷണസംഘം പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. നടിക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. പ്രത്യേകസംഘം യോഗം ചേർന്നശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
'സഹകരിക്കാൻ"
നിർബന്ധിച്ചു
2014ൽ പത്താം ക്ലാസ് കഴിഞ്ഞുള്ള അവധിക്കാലത്ത് സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. അവിടെ അഞ്ചാറു പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവരുമായി സഹകരിക്കാൻ നടി നിർബന്ധിച്ചു. എതിർത്തപ്പോൾ ദേഷ്യപ്പെട്ടു. ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. ഒരുപാട് പെൺകുട്ടികളെ ഇങ്ങനെ കൊണ്ടുവന്നിട്ടുണ്ടെന്നും കണ്ണടച്ചാൽ സെറ്റിലാകാൻ പറ്റുമെന്നും നടി പറഞ്ഞു.
തന്റെ പിതാവ് മരിച്ചതാണ്. അമ്മയ്‌ക്ക് ഭയമായിരുന്നതിനാലാണ് അന്ന് പരാതി നൽകാത്തത്. ഇപ്പോൾ നടി താരങ്ങൾക്കെതിരെ പീഡന പരാതി ഉന്നയിച്ചതായി വാർത്തകളിൽ നിന്നറിഞ്ഞു. ഇവരുടെ യഥാർത്ഥ മുഖം തുറന്നു കാട്ടണമെന്ന് തോന്നിയതിനാലാണ് പരാതി നൽകുന്നതെന്നും യുവതി പറഞ്ഞു.
പണം നൽകാത്തതിന്റെ
വൈരാഗ്യം
പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. നടന്മാരായ മുകേഷ്, ജയസൂര്യ,മണിയൻപിള്ള രാജു,ഇടവേള ബാബു അടക്കമുള്ള ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയിട്ടുള്ളത്. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |