തിരുവനന്തപുരം : ഗുരുതര ആരോപണങ്ങളുണ്ടായിട്ടും പൊലീസിലെ ഉന്നതരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി.ബാരിക്കേഡ് മറി കടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു.നാല് പ്രവർത്തകർക്ക് പരിക്കേറ്റു.ഒടുവിൽ മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മാനവീയം വീഥിയിൽ നിന്നാണ് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ആരംഭിച്ചത്. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. പിന്നാലെയാണ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് തള്ളികയറാൻ ശ്രമിച്ചത് ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പല വഴിക്ക് പോയ പ്രവർത്തകർ വീണ്ടും സംഘടിച്ച് തള്ളിക്കയറാൻ ശ്രമിച്ചതോടെ തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ഷാഹുൽ ഹമീദ്,എം.എസ്.എഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് അർഷിദ് നൂറാൻതോട് എന്നിവർക്കാണ് പരിക്കേറ്റത്. ഭാരവാഹികളായ പി.ഇസ്മായിൽ,മുജീബ് കാടേരി,ടി.പി അഷ്റഫലി,അഷ്റഫ് എടനീർ,കെ.എ മാഹിൻ, സി.കെ.മുഹമ്മദലി,അഡ്വ.നസീർ കാര്യറ,ഗഫൂർ കോൽക്കളത്തിൽ,ടി.പി.എം ജിഷാൻ,പി.പി അൻവർ സാദത്ത്, പി.കെ.നവാസ്,ബീമാപ്പള്ളി റഷീദ്,നിസാർ മുഹമ്മദ് സുൽഫി,അഡ്വ.സുൽഫിക്കർ സലാം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
മുഖ്യമന്ത്രിയുടെ നാവ്
പണയം വച്ചെന്ന്
പൊലീസിലെ ക്രമിനലുകളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നാവ് ആർ.എസ്.എസിന് പണയം വച്ചിരിക്കുകയാണ്. ആർ.എസ്.എസിനും സി.പി.എമ്മിനും ഇടയിൽ പാദസേവ ചെയ്യുന്നത് അജിത്കുമാറാണ്. വയനാട് ദുരന്തത്തിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിക്ക് 75,000 രൂപയാണ് ചെലവ്.കുഴിയിൽ എ.സി. സ്ഥാപിച്ചാൽ പോലും ഇത്രയും തുകയാകില്ലെന്നും ഫിറോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |