കൊച്ചി: സിനിമാ മേഖലയിലെ അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കൊച്ചി ഇൻഫോ പാർക്ക് സ്റ്റേഷനിലും കോഴിക്കോട് എലത്തൂർ സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത കേസുകളാണ് കൈമാറിയത്. ജൂനിയർ ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
2022 ഫെബ്രുവരിയിൽ എലത്തൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് രണ്ട് അണിയറ പ്രവർത്തകർ അശ്ലീലം പറഞ്ഞതായി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സംഘടനാ ഭാരവാഹികളോട് പറഞ്ഞപ്പോൾ അവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനിതാ ഭാരവാഹികൾക്കെതിരെ കേസ് എടുത്തത്.
സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിൽ പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാരും സംവിധായകരും ഉൾപ്പെടെ പലർക്കുമെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |