മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് നിലമ്പൂർ എംഎൽഎ പി.വി അൻവർ. എഡിജിപി അജിത് കുമാർ എഴുതിക്കൊടുത്ത തിരക്കഥയാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വായിച്ചതെന്ന് അൻവർ വിമർശിച്ചു. മുഖ്യമന്ത്രിയുടെ പരിഹാസം പി.വി അൻവർ കള്ളപ്പണക്കാരുടെ പങ്കാളിയാണെന്ന തോന്നൽ പൊതുജനങ്ങൾക്കിടയിലുണ്ടാക്കി. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ അദ്ദേഹത്തിന് വേറെ പലതും പറയാമായിരുന്നു. പക്ഷേ എന്നെ കുറ്റക്കാരനാക്കുകയാണ് മുഖ്യമന്ത്രി ചെയ‌്തത്. പാർട്ടി അദ്ദേഹത്തെ തിരുത്തിയുമില്ലെന്ന് വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും സാധാരണപാർട്ടി പ്രവർത്തകന് പോലും മനസിലാകുന്ന രീതിയിലാണ് താൻ പരാതി നൽകിയിത്. എന്നിട്ടും മുഖ്യമന്ത്രിക്ക് അത് മനസിലായില്ല. പി. ശശിക്കെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർട്ടി പ്രവർത്തകരുടെ പൊതുവികാരമാണ് താൻ പറഞ്ഞത്. കമ്മ്യൂണിസ്‌റ്റുകാരൻ എന്നു പറഞ്ഞാൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് രണ്ടടി കൂടുതൽ കിട്ടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. അതിന് പിന്നിൽ പി. ശശിയാണ്.
എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ്. അയാൾ എഴുതികൊടുത്ത കഥയും തിരക്കഥയുമാണ് മുഖ്യമന്ത്രി വായിച്ചുകേൾപ്പിച്ചത്. അല്ലാതെ അദ്ദേഹത്തിന് അറിയില്ലല്ലോ? മലപ്പുറത്തെ സഖാക്കളെ വിളിച്ചു ചോദിച്ചിരുന്നെങ്കിൽ സത്യം എന്താണെന്ന് അവർ മുഖ്യമന്ത്രിയോട് പറയുമായിരുന്നു.
എന്നെ അറസ്‌റ്റ് ചെയ‌്ത് കുഴിയിലാക്കുന്നതിന് മുമ്പ് സത്യം പറയണമല്ലോ? പാർട്ടിയുടെ വാക്ക് വിശ്വസിച്ചുകൊണ്ടാണ് പരസ്യപ്രതികരണം താൽക്കാലികമായി നിറുത്തിവച്ചത്. പക്ഷേ താൻ ഉന്നയിച്ച കാര്യങ്ങളിലൊന്നും അന്വേഷണം ഫലപ്രദമല്ലെന്ന് മനസിലായി. മരംമുറിക്കേസിൽ ഇക്കാര്യം പ്രകടമാണ്. പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്നും ഇനി അടുത്ത സ്‌റ്റെപ്പ് ഹൈക്കോടതിയിലേക്കാണെന്നും അൻവർ വിശദമാക്കി.
കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് സിറ്റിംഗ് ജഡ്‌ജിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും അൻവർ വെല്ലുവിളിച്ചു. അജിത് കുമാർ എഴുതി തരുന്ന വാറോല വായിക്കുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും അൻവർ പരിഹസിച്ചു.
എങ്ങനെയൊക്കെ ആ മനുഷ്യൻ (മുഖ്യമന്ത്രി) എന്നെ ചതിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉള്ളു തുറന്ന് വിശ്വസിച്ചു. ശശിയും അജിത് കുമാറും ചതിക്കുമെന്ന് ഞാൻ പറഞ്ഞതാണ്. തെളിവുകൾ നിരത്തിയിട്ടും വിശ്വസിച്ചില്ല. പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശി കാട്ടുകള്ളനാണ്. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് അയാളാണ്. ശശിയെ താഴെ ഇറക്കണമെന്ന് അന്ന് ഞാൻ വിചാരിച്ചതാണ്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ മുഖ്യമന്ത്രി കെട്ടുപോയി. പലർക്കും നിങ്ങളോട് വെറുപ്പാണെന്ന് മുഖത്തു നോക്കി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് ഇപ്പോൾ പൂജ്യമായി.
കേരളത്തിലെ സിപിഎം അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. ഉന്നതരായ നേതാക്കൾക്ക് എന്ത് അഴിമതിയും നടത്താം എന്ന സ്ഥിതിയാണിപ്പോൾ. സ്വജനപക്ഷപാതം സഹിക്കാൻ കഴിയാതെയാണ് കോൺഗ്രസിൽ നിന്ന് വന്നത്. അത് ഇവിടെ അൻവർ അനുവദിക്കില്ല. കേരളത്തിലെ എല്ലാ രാഷ്‌ട്രീയപാർട്ടികളുടെയും നേതാക്കന്മാർ ഒന്നാണ്. അതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പല കേസുകളും കേരളത്തിൽ തെളിഞ്ഞുവരാത്തത് അത് കൊണ്ടാണെന്നും അൻവർ വിമർശിച്ചു.
തൃശൂർ പൂരം കലക്കി സീറ്റ് ബിജെപിക്ക് കൊടുത്തത് അജിത് കുമാറാണ്. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്ന് വച്ചാൽ ഉദ്യോഗസ്ഥ പ്രമാണിത്തമാണ്. പൊതുപ്രവർത്തകർക്ക് ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. അവരെ മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടുവെന്നും അൻവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |